ഷോപ്പുകള്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ സംഭവം: യുവാവ് അറസ്റ്റിൽ

കൊച്ചി: വ്യവസായ ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ ഷോപ്പുകള്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് 1.14 കോടി രൂപ തട്ടിയെടുത്ത കേസില്‍ പിടിയിലായ യുവാവ് റിമാന്‍ഡില്‍. പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്ത പാലക്കാട് തച്ചനാട്ടുകരയില്‍ ഷിഹാബുദ്ദീനെ (സാബു-36) ആണ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തത്. തൃശൂര്‍ സ്വദേശി കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്കു നല്കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.
വൈറ്റില ഗോള്ഡ്സൂക്കിന്റെ രണ്ടാം നിലയില്‍ വ്യവസായ ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ ഷോപ്പുകള്‍ നല്‍കാമെന്നു കരാറെഴുതിയശേഷം പണം വാങ്ങുകയും പിന്നീട് ഷോപ്പ് മറ്റൊരാള്‍ക്ക് വില്‍ക്കുകയുമാണു പ്രതി ചെയ്തതെന്നു പോലീസ് പറഞ്ഞു. 1,14,20,000 രൂപയുടെ തട്ടിപ്പാണ് ഇയാള്‍ നടത്തിയത്. കൊച്ചി സിറ്റി സൈബര്‍ സെല്ലിന്റെ സഹായത്താല്‍ പ്രതിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് അറസ്റ്റിലേക്കെത്തിച്ചത്. പാലാരിവട്ടം എസ്ഐ എസ്. സനലും സംഘവും ചേര്‍ന്നു നടത്തിയ അന്വേഷണത്തിലാണു പ്രതി പിടിയിലായത്.

