KOYILANDY DIARY.COM

The Perfect News Portal

കേരളത്തിലേക്ക് ഓഖിക്ക് പുറമെ ലുബാന്‍ വരുന്നു. അതീവ ജാഗ്രതാ നിർദ്ദേശം

കൊച്ചി: കേരളത്തില്‍ ഒന്നിനു പിറകെ ഒന്നായി പ്രകൃതി ദുരന്തങ്ങള്‍ ആവര്‍ത്തിക്കുകയാണ്. ഓഖി ചുഴലിക്കാറ്റ് ദുരന്തത്തില്‍ വന്‍ നാശനഷ്ടങ്ങളുണ്ടായത് മലയാളികള്‍ മറന്നിട്ടില്ല. അധികം വൈകാതെയാണ് നൂറ്റാണ്ടുകള്‍ക്കിടയിലെ ഏറ്റവും വലിയ പ്രളയം കേരളം നേരിട്ടത്. തൊട്ടുപിന്നാലെ വിചിത്രമായ പല പ്രതിഭാസങ്ങളും മലയോര മേഖലകളിലുണ്ടായി.

ഇപ്പോഴിതാ അടുത്ത ദുരന്ത സാധ്യതയെ കുറിച്ച് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ലുബാന്‍… ശക്തിയേറിയ ചുഴലിക്കാറ്റാണ് ലുബാന്‍. കാറ്റ് ശക്തിപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ് സര്‍ക്കാര്‍. വിശദാംശങ്ങള്‍ ഇങ്ങനെ….

കേരളത്തില്‍ കനത്ത മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്. തെക്കന്‍ കേരളത്തിലാകും മഴ ശക്തിപ്പെടുക. നാല് ദിവസം അതീവ ജാഗ്രത പാലിക്കണം. മഴ ശക്തിപ്പെടാന്‍ കാരണം അറബി കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദമാണ്. ഇത് ചിലപ്പോള്‍ ചുഴലിക്കാറ്റായി മാറിയേക്കാം.

Advertisements

ലുബാന്‍ എന്നാണ് പുതിയ കാറ്റിന് പേരിട്ടിരിക്കുന്നത്. ഒമാന്‍ ആണ് ഈ പേര് നല്‍കിയത്. കാറ്റുകളുടെ ഗണത്തിലേക്ക് 53ാമതായി ഒമാന്‍ നല്‍കിയ പേരാണിത്. കഴിഞ്ഞ വര്‍ഷാവസാനത്തില്‍ കേരളത്തിലും തമിഴ്‌നാട്ടിലും കനത്ത നാശം വിതച്ച ഓഖി ചുഴലിക്കാറ്റ് പോലെ ശക്തിയുള്ള കാറ്റാണിത്. ചിലപ്പോള്‍ വഴിമാറി പോയേക്കാം.

കന്യാകുമാരിക്കും രാമേശ്വരത്തെ മന്നാര്‍ കടലിനും ഇടയിലാണ് ന്യൂനമര്‍ദ്ദം രൂപപ്പെട്ടിരിക്കുന്നത്. ഇത് ശക്തമായ ചുഴലിക്കാറ്റായി മാറാന്‍ സാധ്യത ഏറെയാണ്. ഓഖിയുടെ വഴിയേ തന്നെയാകും ലുബാനും എത്തുക. കേരളത്തിലും തമിഴ്‌നാട്ടിലുമാണ് ലുബാന്‍ ഭീഷണി സൃഷ്ടിക്കാന്‍ സാധ്യത. തമിഴ്‌നാട്ടില്‍ ഞായറാഴ്ച വരെ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.

തെക്കന്‍ കേരളത്തില്‍ ശക്തമായ മഴ പെയ്യാന്‍ ലുബാന്‍ കാരണമാകും. വടക്കന്‍ കേരളത്തില്‍ ലുബാന് ശക്തി കുറയും. അതുകൊണ്ടുതന്നെ തെക്കന്‍ കേരളത്തില്‍ കൂടുതല്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ് സര്‍ക്കാര്‍. കളക്ടര്‍മാര്‍ക്ക് മുഖ്യമന്ത്രി പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്. കളക്ടര്‍മാര്‍ സുരക്ഷാ ക്രമീകരങ്ങള്‍ ത്വരിതപ്പെടുത്തിയിട്ടുണ്ട്.

ലുബാന്‍ ശക്തിപ്പെട്ടില്ലെങ്കിലും ചിലപ്പോള്‍ മറ്റൊരു ന്യൂനമര്‍ദ്ദം ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടാന്‍ സാധ്യതയുണ്ട്. ഒക്ടോബര്‍ എട്ടിനാണ് ബംഗാള്‍ കടലിലെ ന്യൂനമര്‍ദ്ദത്തിന് സാധ്യതയുള്ളത്. രണ്ട് സാഹചര്യത്തിലും കേരളത്തില്‍ മഴ ശക്തിപ്പെടുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നത്. ഒരുപക്ഷേ, ചുഴലി ഒമാന്‍ തീരത്തേക്ക് പോയേക്കാം. അല്ലെങ്കില്‍ കറാച്ചി-പോര്‍ബന്ദര്‍ തീരത്തേക്ക് എത്താനുള്ള സാധ്യതയും കല്‍പ്പിക്കപ്പെടുന്നു.

കേരളത്തോട് ചേര്‍ന്ന് കിടക്കുന്ന തീരപ്രദേശങ്ങളില്‍ കടല്‍ പ്രക്ഷുബ്ദമാണ്. ഈ സാഹചര്യത്തില്‍ ഇതുവഴി പോകുന്ന കപ്പലുകള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എല്ലാ മല്‍സ്യത്തൊഴിലാളികളോടും കരകയറാന്‍ നിര്‍ദേശം നല്‍കി. അടുത്ത നാല് ദിവസം ശക്തമായ ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത. ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലികളില്‍ റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശവും നല്‍കി.

മല്‍സ്യത്തൊഴിലാളികള്‍ രണ്ടുദിവസത്തേക്ക് കടലില്‍ പോകരുതെന്നാണ് നിര്‍ദേശം. കുറിഞ്ഞിപ്പൂക്കാലം കാണാന്‍ വേണ്ടിയുള്ള മൂന്നാര്‍ യാത്ര ഒഴിവാക്കണം. ഞായറാഴ്ച വരെ ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. എല്ലാ പ്രദേശങ്ങളിലും മഴയക്ക് സാധ്യതയില്ല. എന്നാല്‍ ചില പ്രദേശങ്ങൡ അതിശക്തമായ മഴ പെയ്‌തേക്കാം. ശക്തമായ കാറ്റോട് കൂടിയ മഴയ്ക്കാണ് സാധ്യത.

 

ശനി, ഞായര്‍ ദിവസങ്ങളില്‍ അതീവജാഗ്രത പാലിക്കണം. തിങ്കളാഴ്ച വരെയാണ് ലുബാനെ പ്രതീക്ഷിക്കുന്നത്. തീരദേശ സംസ്ഥാനങ്ങളില്‍ മഴ ശക്തിപ്പെടുമെന്ന്് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് മുഖ്യമന്ത്രിയുടെ അധ്യക്ഷതിയില്‍ പ്രത്യേക യോഗം ചേര്‍ന്ന് സ്വീകരിക്കേണ്ട മുന്‍കരുതല്‍ നടപടികള്‍ ചര്‍ച്ച ചെയ്തു.

 

മലയോര ജില്ലകളിലുള്ളവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. ഏത് സാഹചര്യവും നേരിടാന്‍ തയ്യാറാകണമെന്ന് കളക്ടര്‍മാര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ചുഴലിക്കാറ്റ് ഒരുപക്ഷേ കേരളത്തെ ബാധിച്ചേക്കില്ല. ഒമാന്‍ തീരത്തേക്ക് നീങ്ങിയേക്കും. ദുരന്തനിവാരണ സേനയുടെ അഞ്ച് യൂണിറ്റിനെ കേരളത്തിലേക്ക് അയക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Share news

Leave a Reply

Your email address will not be published. Required fields are marked *