KOYILANDY DIARY.COM

The Perfect News Portal

ബാണാസുര സാഗര്‍ അണക്കെട്ടിന് ഭീഷണി ഉയര്‍ത്തി അനധികൃത റിസോര്‍ട്ട് നിര്‍മാണം

കല്‍പ്പറ്റ: വയനാട്ടിലെ ബാണാസുര സാഗര്‍ അണക്കെട്ടിന് ഭീഷണി ഉയര്‍ത്തി അനധികൃത റിസോര്‍ട്ട് നിര്‍മാണം. അതീവ പരിസ്ഥിതി ലോല പ്രദേശമായ ബാണാസുര സാഗര്‍ ഡാമിന്റെ വൃഷ്ടി പ്രദേശത്താണ് സ്വകാര്യ റിസോര്‍ട്ടിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിന് സമീപത്തായാണ് പ്രളയ സമയത്ത് മണ്ണിടിച്ചലും ഉരുള്‍പൊട്ടലും ഉണ്ടായത്. എന്നാല്‍ ഈ വിവരം പുറത്തറിയിക്കാതെ ഉടിഞ്ഞ ഭാഗം കോണ്‍ക്രീറ്റ് ചെയ്ത് സുരക്ഷിതമാക്കാനുള്ള ശ്രമങ്ങളാണ് റിസോര്‍ട്ട് ഉടമകള്‍ നടത്തുന്നത്.

നാല്‍പതോളം കോട്ടേജുകളാണ് ഈ കുന്നിന്‍മുകളില്‍ നിര്‍മ്മിച്ചിരിക്കുന്നത്. പ്രധാന കെട്ടിടത്തോട് ചേര്‍ന്ന് മണ്ണിടിച്ചല്‍ ഉണ്ടായ സ്ഥലം പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് മറച്ച നിലയിലാണ് ഉള്ളത്. ഡാമിന്റെ സുരക്ഷയ്ക്ക് പോലും ഭീഷണി ഉണ്ടാക്കുന്ന തരത്തില്‍ ഉണ്ടായിരിക്കുന്ന അനധികൃത നിര്‍മാണം മറച്ചുവയ്ക്കാനായി ചില ഉദ്യോഗസ്ഥരും കൂട്ടുനിന്നതായി ആക്ഷേപം ഉണ്ട്. റിസോര്‍ട്ട് നിര്‍മാണം നടക്കുന്നതും മണ്ണിടിച്ചല്‍ ഉണ്ടായതും ഒന്നും അറിഞ്ഞിട്ടില്ലെന്നാണ് തഹസില്‍ദാറുടേയും പഞ്ചായത്ത് അധികൃതരുടെയും പ്രതികരണം.

ഡാമിന്റെ വൃഷ്ടി പ്രദേശത്തിന് സമീപം 13 ഓളം ഉരുള്‍പൊട്ടല്‍ സംഭവിച്ചു എന്ന കാര്യം ഡാമിന്റെ ചുമതലയുള്ള കെഎസ്‌ഇബി അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ഇത് ജലനിരപ്പ് ഉയരുന്നതിനും കാരണമാകുന്നു. എന്നാല്‍ ഡാമിന്റെ സുരക്ഷയ്ക്ക് തന്നെ ഭീഷണി ഉയര്‍ത്തി ഉരുള്‍പൊട്ടല്‍ നടന്നിട്ടും പരിശോധനകള്‍ നടത്താന്‍ പോലും ബന്ധപ്പെട്ടവര്‍ തയ്യാറായിട്ടില്ല. മണ്ണിടിച്ചലും ഉരുള്‍പൊട്ടലും നടന്ന സ്ഥലങ്ങളില്‍ വിശദമായ പരിശോധനകള്‍ക്ക് ശേഷം മാത്രമേ പുനര്‍നിര്‍മാണം പാടുള്ളു എന്ന് സര്‍ക്കാര്‍ ഉത്തരവ് നിലനില്‍ക്കെയാണ് അധികൃതരുടെ ഒത്താശയോടെ ഡാമിന് തന്നെ ഭീഷണി ഉയര്‍ത്തി റിസോര്‍ട്ട് നിര്‍മാണം പുരോഗമിക്കുന്നത്.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *