കണ്ണൂരിൽ വീട് കൊളളയടിച്ചത് ബംഗ്ലാദേശികളടങ്ങുന്ന സംഘമാണെന്ന് പോലീസ്

കണ്ണൂര്‍: മാതൃഭൂമി കണ്ണൂര്‍ യൂണിറ്റ് ന്യൂസ് എഡിറ്റര്‍ കെ വിനോദ് ചന്ദ്രനെയും ഭാര്യയെയും കെട്ടിയിട്ട് മര്‍ദ്ദിച്ച്, വീട് കൊള്ളയടിച്ചത് ബംഗ്ലാദേശികളടങ്ങുന്ന സംഘമാണെന്ന് പോലീസ്. 50 പേര്‍ അടങ്ങുന്ന സംഘത്തില്‍ നിന്നും പലരും കേരളത്തിലെത്തിയിട്ടുണെന്ന് പോലീസ് സ്ഥീരികരിച്ചു. ഇത്തരം സംഘത്തില്‍പെട്ടവരാണ് കണ്ണൂര്‍ അക്രമണത്തിനു പിന്നിലെന്ന നിഗമനത്തിലാണ് പോലീസ്.
ഉത്തരേന്ത്യയിലെ അതിര്‍ത്തി ഗ്രാമങ്ങളില്‍ നിന്നുള്ളവരാണ് മോഷ്ടാക്കള്‍ എന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം. അക്രമിച്ച് കീഴടക്കി കൊള്ളനടത്തുന്ന രീതി ഏതൊക്കെ സംഘങ്ങള്‍ക്കുണ്ട് എന്ന അന്വേക്ഷണത്തില്‍ നിന്നുമാണ് പോലീസ് സംഘത്തെ ബംഗ്ലാദേശിലെത്തിക്കുന്നത്. ഇത്തരം രീതിയില്‍ കവര്‍ച്ച നടത്തുന്ന സംഘങ്ങള്‍ തമിഴ്‌നാട്, മഹാരാഷ്ട്ര എന്നിവടങ്ങളിലുണ്ട്. ബാങ്കുകള്‍ കേന്ദ്രീകരിച്ച് കവര്‍ച്ച നടത്തുന്ന അയ്യനാര്‍ സംഘത്തെ സംസ്ഥാനത്തു നിന്നും പോലീസ് മുന്‍പ് പിടികൂടിയിരുന്നു.

അയ്യനാര്‍ സംഘത്തിനിന്നും വ്യത്യസ്തരാണ് മഹാരാഷ്ട്രയിലെ ശ്രീകാമ്ബൂര്‍ ടീം. കെട്ടിയിട്ടാണ് ഇവര്‍ കവര്‍ച്ച നടത്തുന്നത്. ഇതോടെ ഇവരാകാം കവര്‍ച്ചക്കു പിന്നില്‍ എന്നായിരുന്നു പോലീസ് നിഗനമം. എന്നാല്‍ മോഷണം നടത്തിയ വീട്ടിലെ വാഹനം ഉപയോഗിച്ച് രക്ഷപെടുന്നതാണ് ഇവരുടെ രീതി. പക്ഷേ വിനോദ് ചന്ദ്രന്റെ വീട്ടില്‍ നിന്നും കാര്‍ നഷ്ടപെടുയോ അതിനുള്ള ശ്രമം നടത്തുകയോ ചെയ്തിട്ടില്ല. ഇതോടെയാണ് പോലീസ് ബംഗ്ലാദേശി സംഘത്തിനെക്കുറിച്ച് അന്വേക്ഷിക്കുന്നത്.

മൂന്നോ നാലോ കവര്‍ച്ച നടത്തി മടങ്ങുന്നതാണ് സംഘത്തിന്റെ രീതി. ഡല്‍ഹിയില്‍ വിലാസം നല്‍കുകയും പലസ്ഥലങ്ങളിലായി കവര്‍ച്ച നടത്താന്‍ കറങ്ങുന്ന സംഘമാണ് ഇവരുടേത്. 50 പേര്‍ അടങ്ങുന്ന സംഘത്തിലെ ഒരു വിഭാഗം കേരളത്തിലെത്തിയിട്ടുണ്ട് എന്ന വിവരം മറ്റു സംസ്ഥാനങ്ങളില്‍ നിന്നും പോലീസിന് ലഭിച്ചിരുന്നു. ഡല്‍ഹി വിലാസം നല്‍കി, കവര്‍ച്ച നടത്താന്‍ പലയിടങ്ങളിലായി കറങ്ങുന്നതാണ് സംഘത്തിന്റെ രീതി. ഡി വൈ എസ് പി പിപി സദാനന്ദന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. മൂന്നു സംഘങ്ങളായി തിരിഞ്ഞാണ് അന്വേക്ഷണം നടത്തുന്നത്. സിസിടിവി ദൃശ്യങ്ങള്‍, ഫോണ്‍ കോളുകള്‍ തുടങ്ങിയവയുടെയെല്ലാം സാങ്കേതിക പരിശോധന നടത്തുന്നുണ്ട്. കണ്ണൂരിലേത് പോലെ സംസ്ഥാനത്ത് ഇനിയും കവര്‍ച്ച നടക്കാന്‍ സാധ്യതയുള്ളതായും പോലീസ് പറഞ്ഞു.

ബുധാനാഴ്ച പുലര്‍ച്ചെ രണ്ടോടെയാണ് വിനോദ് ചന്ദ്രന്റെ വീട്ടില്‍ മോഷണം നടന്നത്. മുന്‍വാതില്‍ തകര്‍ക്കുന്ന ശബ്ദം കേട്ടാണ് വിനോദും ഭാര്യ സരിതയും ഉണര്‍ന്നത്. സംശയം തോന്നിയ ഇരുവരും എഴുന്നേറ്റ് നോക്കുകയായിരുന്നു. കിടപ്പുമുറിയുടെ വാതില്‍ തുറന്നപ്പോഴേക്കും മുഖം മൂടിയിട്ട നാലുപേര്‍ മുറിയിലേക്ക് ഇരച്ചു കയറി. ഒന്നും പറയാന്‍ അനുവദിക്കാതെ വിനോദിന്റെ മുഖത്തടിച്ചു. പിന്നീട് നാല്‍വര്‍സംഘം വിനോദിനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. പിന്നീട് വിനോദിന്റെയും സരിതയുടെയും കണ്ണു മൂടിക്കെട്ടി വായില്‍ തുണി തിരുകി കട്ടിലിനോട് ചേര്‍ത്തുകെട്ടി. പ്രതിരോധിക്കാന്‍ പോലും കഴിയാതെ ഇരുവരെയും മര്‍ദ്ദിച്ചിരുന്നു. സകലയിടങ്ങളിലും അരിച്ചുപെറുക്കി വന്‍ കവര്‍ച്ച. 15000 രൂപയും 30 പവനും മൂന്ന് മൊബൈല്‍ ഫോണുകളും ലാപ്ടോപ്പും ഇലക്‌ട്രോണിക് സാധനങ്ങളും ഉള്‍പ്പെടെ എല്ലാം അരിച്ചുപെറുക്കി കൊണ്ടുപോയി.
രണ്ട് മണിക്കൂര്‍ നേരം വീടിനകത്ത് നാല്‍വര്‍സംഘം വീടിനകത്ത് വിലസി.കൃത്യമായ ആസൂത്രണത്തിന് ശേഷമാണ് ആക്രമണം നടത്തിയതെന്ന് വിനോദ് ചന്ദ്രന്‍ പറഞ്ഞിരുന്നു. മോഷണം കഴിഞ്ഞിറങ്ങാന്‍ നേരം വീണ്ടും കഴുത്തില്‍ മര്‍ദ്ദിച്ചു. ഗുരുതരമായി പരുക്കേറ്റ വിനോദ് ചന്ദ്രനേയും ഭാര്യയേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിനോദ് ചന്ദ്രനും ഭാര്യയും തനിച്ചായിരുന്നു താമസം. വീടും പരിസരവും കൃത്യമായി നിരീക്ഷിച്ച ശേഷമാണ് ഇവര്‍ കവര്‍ച്ച നടത്തിയതെന്ന് ആദ്യമേ വ്യക്തമായിരുന്നു. പുലര്‍ച്ചെ നാലു മണിയോടെ കയ്യിലെ കെട്ടഴിക്കാന്‍ വിനോദ് ചന്ദ്രന് സാധിച്ചതോടെ സഹപ്രവര്‍ത്തകരെ വിളിച്ച് കാര്യം പറയുകയായിരുന്നു. ഇതോടെയാണ് കവര്‍ച്ച പുറത്തറിഞ്ഞത്. പ്രദേശിക ഹിന്ദിയും മുറി ഇംഗ്ലീഷുമാണ് കവര്‍ച്ചക്കാര്‍ സംസാരിച്ചതെന്ന് വിനോദ് ചന്ദ്രനും സരിതയും പോലീസില്‍ മൊഴി നല്‍കിയിരുന്നു.
