ദേശീയപാതക്കരികിൽ അപകട ഭീഷണി ഉയർത്തി തണൽമരം

കൊയിലാണ്ടി: ദേശീയ പാതക്കരികിൽ തിരുവങ്ങൂർ ബസ്സ് സ്റ്റോപ്പിന് സമീപമുള്ള വൻ തണൽമരം യാത്രക്കാർക്കും കച്ചവടക്കാർക്കും അപകട ഭീഷണി ഉയർത്തുന്നു. മരത്തിന്റെ താഴ്ത്തടിയിൽ കേട് വന്ന് ദ്രവിച്ചത് കാരണം ഉള്ളിൽ മണ്ണ് നിറഞ്ഞ നിലയിലാണ്. ശക്തമായ കാറ്റിൽ മരം കടപുഴകി അപകടത്തിന് സാധ്യതയേറുന്നു.
തൊട്ടടുത്തുള്ള തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂളിലെ നിരവധി വിദ്യാർത്ഥികൾ ഈ കേന്ദ്രത്തിലാണ് ബസ്സ് കാത്ത് നിൽക്കാറുള്ളത്. സമീപത്തായി കച്ചവട സ്ഥാപനങ്ങളും പ്രവർത്തിച്ചു വരുന്നുണ്ട്. ചെറുവാഹനങ്ങളും മറ്റും ഇതിന് സമീപത്തായി പാർക്ക് ചെയ്യുന്നതും പതിവാണ്. മരത്തിന്റെ അപകടാവസ്ഥയെക്കുറിച്ച് പഞ്ചായത്ത് അധികൃതരെ അറിയിച്ചിരുന്നെങ്കിലും ഇതുവരെ നടപടിയുണ്ടായില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.

