KOYILANDY DIARY.COM

The Perfect News Portal

ഗുജറാത്തും ബീഹാറും പുനരധിവാസത്തിന് വിദേശ ഫണ്ട് ഉപയോഗിച്ചു: കേരളം എന്താ ഇന്ത്യയിലല്ലേ; എം.വി ജയരാജൻ

തിരുവനന്തപുരം: ഗുജറാത്തിനെയും, ബീഹാറിനെയും പുനര്‍നിര്‍മിക്കാന്‍ ഏറെ സഹായിച്ചത് വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയ ഫണ്ടുകളാണെന്നും കേരളത്തിന് ഇത് നിഷേധിക്കുന്നത് എന്തിനാണെന്നും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി. ജയരാജന്‍.

2016ലെ ദേശീയ ദുരന്ത നിവാരണ പദ്ധതി നയത്തില്‍ സ്വമേധയാ നല്‍കുന്ന വിദേശസഹായം സ്വീകരിക്കാമെന്ന വ്യവസ്ഥയുണ്ടെന്നും, തകര്‍ന്ന കേരളമല്ല, പുതിയ കേരളമാണ് നമുക്കുവേണ്ടത്, അതിന് ഇത്തരം സഹായം അനിവാര്യമാണെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

Advertisements

ഗുജറാത്തിനും ബീഹാറിനും പറ്റുമെങ്കില്‍, എന്തുകൊണ്ട് കേരളത്തിന് പാടില്ല..!?

കേരളത്തിന്റെ പുനര്‍നിര്‍മാണമാണല്ലോ കാലവര്‍ഷക്കെടുതിയെ തുടര്‍ന്ന് ജനങ്ങളാകെ ഉറ്റുനോക്കുന്ന കാര്യം. അതിനാണ് ധനസമാഹരണം നടത്തുന്നത്. ലോകമാകെ ഒറ്റ മനസ്സോടെ കേരള പുനഃസൃഷ്ടിക്കായി ധനസഹായം നല്‍കിവരികയാണ്. വിദേശസഹായം നല്ലതുപോലെ ഒഴുകിയെത്തുന്നുണ്ട്. 700 കോടി രൂപ സ്വമേധയാ കേരളത്തിന് നല്‍കാനായി യു.എ.ഇ. സന്നദ്ധമായപ്പോള്‍ അതു നിഷേധിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തത്. 2001ല്‍ ഗുജറാത്തിലെ ഭൂകമ്ബത്തെ തുടര്‍ന്ന് രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നുമായി ധനസഹായം ഒഴുകിയെത്തി. 109 വിദേശ രാജ്യങ്ങളില്‍ നിന്നും ഫണ്ട് എത്തി. ഗുജറാത്തിനെ പുനര്‍നിര്‍മിക്കാന്‍ ഇത് ഏറെ സഹായിച്ചു. ഭൂട്ടാന്‍ മുതല്‍ അമേരിക്ക വരെ സാമ്ബത്തിക സഹായം നല്‍കി. അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയാണ് ഇന്നത്തെ പ്രധാനമന്ത്രി. എന്നിട്ടും കേരളത്തിന് വിദേശസഹായം നിഷേധിക്കുന്നു. 2004ല്‍ ബീഹാറില്‍ പ്രകൃതിദുരന്തമുണ്ടായപ്പോള്‍, അമേരിക്കയില്‍ നിന്നും ജപ്പാനില്‍ നിന്നുമൊക്കെ ധനസഹായം സ്വീകരിച്ചിരുന്നു എന്നതും ഒപ്പം വിലയിരുത്തപ്പെടേണ്ടതാണ്.

കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം പോലും യു.എ.ഇയുടെ ധനസഹായം സ്വീകരിക്കാന്‍ അനുമതിനല്‍കണം എന്നാവശ്യപ്പെട്ട പരിതസ്ഥിതിയില്‍ അതിന് കേന്ദ്ര ബി.ജെ.പി സര്‍ക്കാര്‍ തയ്യാറാകണം. മാത്രമല്ല, മുന്‍ വിദേശകാര്യ സെക്രട്ടറിമാരായ ശിവശങ്കര മേനോനും നിരുപമ റാവോയും വിദേശപണം ഇത്തരത്തില്‍ സ്വീകരിക്കുന്നതില്‍ തെറ്റില്ലെന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

ചെറിയ കുട്ടികളുടെ സമ്ബാദ്യക്കുടുക്ക മുതല്‍ പ്രധാന ചടങ്ങുകള്‍ക്ക് മാറ്റിവെച്ച തുക വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ജാതി-മത-ഭാഷാ-ദേശവ്യത്യാസമില്ലാതെ ജനങ്ങള്‍ നല്‍കിവരികയാണ്. യു.എ.ഇ. ആവട്ടെ സ്വമേധയാ ആണ് 700 കോടി രൂപ നല്‍കുന്നത്. കേന്ദ്രസര്‍ക്കാര്‍ യു.എ.ഇ.യോട് അഭ്യര്‍ത്ഥന നടത്തിയിട്ട് കിട്ടുന്നതല്ല ഈ തുക. ഇന്ത്യന്‍ ജനതയോടൊപ്പമുണ്ടെന്നും കേരളത്തിലെ ദുരിതത്തില്‍ ദുഃഖമുണ്ടെന്നും ഇരുരാജ്യങ്ങളും തമ്മില്‍ പതിറ്റാണ്ടുകളായുള്ള സൗഹൃദം ഊട്ടിയുറപ്പിക്കുകയാണ് ലക്ഷ്യമെന്നും യു.എ.ഇ. ഉപസര്‍വ്വസൈന്യാധിപനും അബുദാബി കിരീടാവകാശിയുമായ ഷൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി നടത്തിയ ചര്‍ച്ചയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ദുരന്ത സമയത്തുള്ള ഈ സഹായം സ്നേഹധനം കൂടിയാണ്. അതുകൊണ്ടാണ് പ്രധാനമന്ത്രി യു.എ.ഇ. കാണിച്ച ഈ സ്നേഹവായ്പിന് നന്ദി അറിയിച്ച്‌ മറുപടി നല്‍കിയത്.

2016ലെ ദേശീയ ദുരന്ത നിവാരണ പദ്ധതി നയത്തില്‍ സ്വമേധയാ നല്‍കുന്ന വിദേശസഹായം സ്വീകരിക്കാമെന്ന വ്യവസ്ഥയുണ്ട്. പുനര്‍നിര്‍മാണത്തിനും പുനരധിവാസത്തിനും ലോകബേങ്ക് അടക്കമുള്ള രാജ്യാന്തരസ്ഥാപനങ്ങളില്‍ നിന്ന് വിദേശസഹായം വാങ്ങാമെന്ന് കേന്ദ്രം സമ്മതിക്കുന്നുമുണ്ട്. ഇതിനെല്ലാം കേന്ദ്ര അനുമതി വേണം. ലോകബേങ്ക് വിവിധ രാജ്യങ്ങളുടെ കൂട്ടായ്മയാണ്. ലോകബേങ്കില്‍ നിന്ന് സഹായം വാങ്ങാമെങ്കില്‍ എന്തുകൊണ്ട് അംഗരാജ്യങ്ങളില്‍ നിന്ന് വാങ്ങിക്കൂടാ..!?. തകര്‍ന്ന കേരളമല്ല, പുതിയ കേരളമാണ് നമുക്കുവേണ്ടത്. അതിന് ഇത്തരം സഹായം അനിവാര്യമാണ്. ഓരോ നാണയത്തുട്ടും കേരളം പുനര്‍നിര്‍മിക്കാനുള്ള ധനസഹായം കൂടിയാണ്.

ഇംഗ്ലണ്ടില്‍ നിന്ന് ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീം വിജയിച്ചപ്പോള്‍ ഭാരതീയരാകെ അഭിമാനിച്ചു. വിജയവും മാച്ച്‌ ഫീസും (ഒന്നേകാല്‍ കോടി രൂപ) കേരളത്തിന് സമര്‍പ്പിക്കുന്നു എന്ന പ്രഖ്യാപനം വന്നപ്പോള്‍ ഇരട്ടി മധുരമായി. ഇത്തരമൊരു മനോഭാവമാണ് കേന്ദ്രസര്‍ക്കാരില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. ജനപക്ഷത്താവണം ഒരു സര്‍ക്കാര്‍. അങ്ങിനെയെങ്കില്‍ സ്വമേധയാ വിദേശരാജ്യങ്ങള്‍ നല്‍കുന്ന സഹായത്തിന് അനുമതി നല്‍കും. അല്ലെങ്കില്‍ കേരളം പുതുക്കിപ്പണിയാനുള്ള സാമ്ബത്തിക സഹായം കേന്ദ്രസര്‍ക്കാര്‍ നല്‍കണം. ഇത് രാജ്യത്തിന്റെ കൂടി പൊതുഅഭിപ്രായമാണ്.

Share news

Leave a Reply

Your email address will not be published. Required fields are marked *