പ്രളയം ദുരന്തം വിതച്ച ചെങ്ങന്നൂരില്‍ ആദ്യഘട്ട രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായി

ആലപ്പുഴ: പ്രളയം ദുരന്തം വിതച്ച ചെങ്ങന്നൂരില്‍ ആദ്യഘട്ട രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായി. രക്ഷാപ്രവര്‍ത്തനത്തിന്റെ രണ്ടാം ഘട്ടമായി ഒറ്റപ്പെട്ട തുരുത്തുകളില്‍ ആരെങ്കിലും അവശേഷിക്കുന്നുണ്ടോ എന്നറിയാന്‍ പരിശോധന തുടരും. ഇതിനായി നാവിക സേനയുടെ പ്രത്യേക സംഘം തിരച്ചില്‍ ആരംഭിച്ചു. അതിനിടെ പ്രളയക്കെടുതിയില്‍ ചെങ്ങന്നൂരില്‍ രണ്ട് പേര് കൂടി മരിച്ചു.
ചെങ്ങന്നൂര്‍ താലൂക്കിലെ പാണ്ടനാട്, ബുധനൂര്‍, ആല, ചെറിയനാട് തുടങ്ങിയ പ്രദേശങ്ങളാണ് പ്രളയക്കെടുതിയില്‍ ഒറ്റപ്പെട്ടത്. വെള്ളം കയറിയ വീടുകളില്‍ 50000 ത്തോളം പേര് കുടുങ്ങി. മൂന്ന് ദിവസത്തോളം ഭക്ഷണവും വെള്ളവുമില്ലാതെ മൃതപ്രായരായവരെ രക്ഷപെടുത്തി സുരക്ഷിതകേന്ദ്രങ്ങളിലെത്തിച്ചു. വെള്ളമിറങ്ങിത്തുടങ്ങിയെങ്കിലും ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ ആരെങ്കിലും ഇനിയുമുണ്ടോ എന്നറിയാന്‍ പരിശോധന നടത്തും. നാവിക സേന കമാന്‍ഡോസിന്റെ നേതൃത്വത്തിലാണ് പരിശോധന.

നാവിക സേന, ദേശീയ ദുരന്ത നിവാരണസേന, സൈന്യം ,എയര്‍ ഫോഴ്സ്, എന്നിവര്‍ക്കൊപ്പം മത്സ്യത്തൊഴിലാളികളും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി. നാന്നൂറോളം മത്സ്യത്തൊഴിലാളികള്‍ മരണമുഖത്ത് നിന്ന് രക്ഷിച്ചത് 50,000 പേരെയാണ്. ഇവരെ ദുരിതാശ്വാസ ക്യാമ്ബുകളില്‍ സുരക്ഷിതരാക്കി. ക്യാമ്ബുകള്‍ക്ക് പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തി. നിരവധി സംഘടനകളുടെയും വ്യക്തികളുടെയും സഹായം ചെങ്ങന്നൂരിലേയ്ക്ക് ഇപ്പോഴും ഒഴുകുകയാണ്. ദുരിതാശ്വാസ ക്യാമ്ബുകളില്‍ ഡോക്ടര്‍മാരുടെയും പാരമെഡിക്കല്‍ ജീവനക്കാരുടെയും സേവനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഇതിനിടെ പ്രളയക്കെടുതിയില്‍ രണ്ട് യുവാക്കള്‍ കൂടി മരിച്ചു. ചെങ്ങന്നൂര്‍ സ്വദേശികളായ ബിനു, അജീഷ് എന്നിവരാണ് മരിച്ചത്. ഇതോടെ പ്രളയക്കെടുതിയില്‍ ജില്ലയില്‍ മരിച്ചവരുടെ എണ്ണം 40 ആയി.

