KOYILANDY DIARY.COM

The Perfect News Portal

പെരിയാറില്‍ ഊര്‍ജിത രക്ഷാപ്രവര്‍ത്തനം

കൊച്ചി : പെരിയാറില്‍ ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്ന് വെള്ളത്തിനടിയിലായ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്നത് ഊര്‍ജിത രക്ഷാപ്രവര്‍ത്തനം. ജില്ല കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ളയുടെ നേതൃത്വത്തില്‍ ആലുവ താലൂക്ക് ഓഫീസില്‍ പ്രവര്‍ത്തിച്ചിരുന്ന ക്യാംപ് പത്തടിപ്പാലം ഗസ്റ്റ് ഹൗസിലേക്ക് മാറ്റി. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ റവന്യൂ, പോലീസ്, വകുപ്പുകളിലെ ഇരുനൂറോളം ജീവനക്കാരാണ് കണ്‍ട്രോള്‍ റൂമിലുള്ളത്.

വിവിധ കേന്ദ്രങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവര്‍ സഹായമഭ്യര്‍ഥിച്ചുകൊണ്ടുള്ള ഫോണ്‍ വിളികളും സന്ദേശങ്ങളും കണ്‍ട്രോള്‍ റൂമിലെ വിവിധ നമ്പറുകളിലേക്ക് പ്രവഹിക്കുകയാണ്. അറുനൂറിലധികം ഫോണ്‍ വിളികളാണ് ലഭിച്ചത്. ഇതേ തുടര്‍ന്ന് കൂടുതല്‍ ഹെല്‍പ്പ് ലൈന്‍ നമ്പറുകളും പ്രവര്‍ത്തനമാരംഭിച്ചു. ഫോണ്‍ കോളുകളും സന്ദേശങ്ങളുമടക്കം 3200 ലധികം സഹായഭ്യര്‍ഥനകളാണ് ലഭിച്ചത്. ഓരോ സഹായ അഭ്യര്‍ഥനകളും രേഖപ്പെടുത്തി രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടക്കുന്നു. സഹായഭ്യര്‍ഥനകള്‍ കര്‍മ്മപഥത്തിലെത്തിക്കാന്‍ കൃത്യമായ ഏകോപനമാണ് കണ്‍ട്രോള്‍ റൂമില്‍ നടപ്പാക്കുന്നത്.

പത്തോളം ബോട്ടുകളും സ്വകാര്യ മത്സ്യ ബന്ധന ബോട്ടുകളും രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയിട്ടുണ്ട്. ജില്ല കളക്ടറുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലും നിരവധി സഹായഭ്യര്‍ഥനകള്‍ ലഭിക്കുന്നുണ്ട്. ഇവയ്ക്കും കൃത്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നു.

Advertisements

ദേശീയ ദുരന്ത നിവാരണ സേന, നേവി, ആര്‍മി, കോസ്റ്റ് ഗാര്‍ഡ്, കോസ്റ്റല്‍ പോലീസ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ എന്നീ സേനാ വിഭാഗങ്ങള്‍ ജില്ലയിലുടനീളം രക്ഷാപ്രവര്‍ത്തനം നടത്തി വരികയാണ്. മുവാറ്റുപുഴ പുഴക്കരക്കാവിന് സമീപമുള്ള 50 പേരെ നേവിയുടെ നേതൃത്വത്തില്‍ സുരക്ഷിത സ്ഥലത്തെത്തിച്ചു. മുവാറ്റുപുഴ കടാതി ഭാഗത്ത് നിന്ന് 82 പേരെ ദേശീയ ദുരന്ത നിവാരണ സേന രക്ഷപെടുത്തി. ജില്ലയില്‍ ഇപ്പോള്‍ 269 ക്യാംപുകളില്‍ 14333 കുടുംബങ്ങളിലെ 52604 പേരാണ് കഴിയുന്നത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി വിജയ് സാക്കറെയും ക്യാംപിലെത്തിയിരുന്നു. റെസ്‌ക്യൂ കണ്‍ട്രോള്‍ റൂം നമ്പര്‍ 8592933330, 9207703393

പെരിയാറിന്റെ കൈവഴികളില്‍ നിന്ന് കരയിലേക്ക് വെള്ളമെത്തിത്തുടങ്ങിയതോടെ പല പ്രദേശങ്ങളിലും വെള്ളം കയറിത്തുടങ്ങിയിട്ടുണ്ട്. ഇന്നലെ രാത്രി മുതല്‍ കളമശേരി, കമ്പനിപ്പടി ഭാഗങ്ങളില്‍ വെള്ളം കയറിത്തുടങ്ങിരുന്നു. രാവിലെ ആലുവയിലെ മിക്ക പ്രദേശങ്ങളും വെള്ളത്തിനടിയിലായി. പറവൂര്‍, ചേന്ദമംഗലം, കാഞ്ഞൂര്‍, അത്താണി, പുത്തന്‍വേലിക്കര തുടങ്ങിയ മേഖലകളില്‍ വെള്ളം കയറിയിരുന്നു.

Share news

Leave a Reply

Your email address will not be published. Required fields are marked *