KOYILANDY DIARY.COM

The Perfect News Portal

മുന്‍പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി അന്തരിച്ചു

ന്യൂഡല്‍ഹി: അരനൂറ്റാണ്ടോളം ദേശീയ രാഷ്ട്രീയത്തില്‍ നിറസാന്നിധ്യമായിരുന്ന, മുന്‍പ്രധാനമന്ത്രിയും ബിജെപി സ്ഥാപക അധ്യക്ഷനുമായ അടല്‍ ബിഹാരി വാജ്പേയി അന്തരിച്ചു. [94] വയസ്സായിരുന്നു. ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ വൈകിട്ട് നാലിനായിരുന്നു അന്ത്യം. ദീര്‍ഘകാലമായി രോഗബാധിതനായിരുന്ന അദ്ദേഹത്തെ ജൂണ്‍ 11നാണ് എഐഐഎംഎസില്‍ പ്രവേശിപ്പിച്ചത്. അവിവാഹിതനായിരുന്നു. നമിത വളര്‍ത്തുമകളാണ്.

മൂന്ന് തവണയായി ആറ് വര്‍ഷത്തോളം പ്രധാനമന്ത്രിയായിരുന്ന വാജ്പേയി, അടിയന്തരാവസ്ഥയ്ക്കുശേഷം 1977ല്‍ അധികാരത്തില്‍ വന്ന മൊറാര്‍ജി ദേശായി സര്‍ക്കാരില്‍ വിദേശമന്ത്രിയായും പ്രവര്‍ത്തിച്ചു.  നാടകീയമായി പ്രസംഗിച്ചിരുന്ന വാജ്പേയിയുടെ ഭരണകാലം നാടകീയവും സംഘര്‍ഷഭരിതവുമായിരുന്നു. കാര്‍ഗില്‍ സംഘര്‍ഷം, പൊഖ്റാന്‍ ആണവപരീക്ഷണം, പാര്‍ലമെന്റിനുനേരെയുള്ള ഭീകരാക്രമണം, ഇന്ത്യന്‍ എയര്‍ലൈെന്‍സ് വിമാനം തട്ടിക്കൊണ്ടുപോകല്‍, ഗുജറാത്ത് വംശഹത്യ, ലാഹോര്‍ ഉച്ചകോടി എന്നിവ വാജ്പേയി സര്‍ക്കാരിന്റെ കാലത്തായിരുന്നു.

രാഷ്ട്രീയസമസ്യകളെ കവിത വഴി അവതരിപ്പിക്കാനും അദ്ദേഹം ശ്രമിച്ചു. 1980കളില്‍ രാമജന്മഭൂമി പ്രസ്ഥാനത്തിന്റെ രാഷ്ട്രീയശബ്ദമായി ബിജെപി മാറിയപ്പോള്‍ വാജ്പേയിയും എല്‍ കെ അദ്വാനിയും ചേര്‍ന്നാണ് നയിച്ചത്. 40 വര്‍ഷം പാര്‍ലമെന്റ് അംഗമായിരുന്ന വാജ്പേയി 10 തവണ ലോക്സഭയിലും രണ്ട് പ്രാവശ്യം രാജ്യസഭയിലുമെത്തി. 2014ല്‍ ഭാരത്രത്ന പുരസ്കാരം ലഭിച്ചു. അദ്ദേഹത്തിന്റെ ജന്മദിനമായ ഡിസംബര്‍ 25നെ 2014ല്‍ മോഡിസര്‍ക്കാര്‍ സദ്ഭരണ ദിവസമായി പ്രഖ്യാപിച്ചു.

Advertisements

ഗ്വാളിയറില്‍ 1924ല്‍ കൃഷ്ണ ബിഹാരി വാജ്പേയിയുടെയും കൃഷ്്ണ ദേവിയുടെയും മകനായി ജനിച്ച അടലിന്റെ സ്കൂള്‍ വിദ്യാഭ്യാസം ബാര ഗോര്‍ഖിയിലെ സരസ്വതി ശിശു മന്ദിറിലായിരുന്നു. ഗ്വാളിയര്‍ വിക്ടോറിയ കോളേജി(ഇപ്പോള്‍ ലക്ഷ്മിഭായ് കോളേജ്)ല്‍നിന്ന് ഹിന്ദി, ഇംഗ്ളീഷ്, സംസ്കൃതം എന്നീ വിഷയങ്ങളില്‍ ബിരുദം നേടി. കാണ്‍പുരിലെ ഡിഎവി കോളേജില്‍നിന്ന് രാഷ്ട്രതന്ത്രത്തില്‍ ബിരുദാനന്തരബിരുദവും എടുത്തു. വിദ്യാര്‍ഥിയായിരിക്കെ തന്നെ ആര്‍എസ്‌എസ് പ്രവര്‍ത്തകനായ വാജ്പേയി 1944ല്‍ ആര്യസമാജത്തിന്റെ യുവജനവിഭാഗം സെക്രട്ടറിയായി. 1947ല്‍ പൂര്‍ണസമയ ആര്‍എസ്‌എസ് പ്രചാരക് ആയി. ഉത്തര്‍പ്രദേശില്‍ പ്രചാരകനായിരിക്കെ ദീന്‍ദയാല്‍ ഉപാധ്യായയുടെ മേല്‍നോട്ടത്തിലുള്ള പാഞ്ചജന്യം, രാഷ്ട്രധര്‍മ തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലും പ്രവര്‍ത്തിച്ചു. 1951ല്‍ ജനസംഘത്തില്‍ ചേര്‍ന്നശേഷം അതിന്റെ അധ്യക്ഷനായിരുന്ന ശ്യാമപ്രസാദ് മുഖര്‍ജിയുടെ സഹായിയായി. 1957ല്‍ ബല്‍റാംപുരില്‍നിന്ന് ആദ്യമായി ലോക്സഭയിലെത്തി.

ദീന്‍ദയാല്‍ ഉപാധ്യായയുടെ മരണത്തിനുശേഷം ജനസംഘത്തിന്റെ നേതൃത്വം വാജ്പേയി ഏറ്റെടുത്തു. അ1968ല്‍ ജനസംഘം അധ്യക്ഷനായി. അടിയന്തരാവസ്ഥയില്‍ മറ്റ് പ്രതിപക്ഷനേതാക്കള്‍ക്കൊപ്പം വാജ്പേയിയും അറസ്റ്റുചെയ്ത് ജയിലിലടച്ചു. തുടര്‍ന്നുവന്ന മൊറാര്‍ജി ദേശായി സര്‍ക്കാരില്‍ വിദേശമന്ത്രിയായ അദ്ദേഹം ഐക്യരാഷ്ട്രപൊതുസഭയില്‍ ആദ്യമായി ഹിന്ദിയില്‍ സംസാരിച്ച വ്യക്തിയായി മാറി. മൊറാര്‍ജി സര്‍ക്കാരിന്റെ പതനത്തിനുശേഷം 1980ല്‍ ബിജെപിക്ക് രൂപം നല്‍കിയത് വാജ്പേയിയുടെയും അദ്വാനിയുടെയും നേതൃത്വത്തിലാണ്.

1996ല്‍ ബിജെപി ലോക്സഭയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായപ്പോള്‍ വാജ്പേയി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഭൂരിപക്ഷം ഉറപ്പാകാതിരുന്ന സാഹചര്യത്തില്‍ 13 ദിവസത്തിനുശേഷം രാജിവച്ചു. ഐക്യമുന്നണി സര്‍ക്കാരുകള്‍ക്കുശേഷം 1998ല്‍ വീണ്ടും പ്രധാനമന്ത്രിയായി. എന്നാല്‍ എഐഎഡിഎംകെ പിന്തുണ പിന്‍വലിച്ചതിനെ തുടര്‍ന്ന് 1999 ഏപ്രില്‍ 17നു ലോക്സഭയില്‍ വിശ്വാസവോട്ടെടുപ്പില്‍ പരാജയപ്പെട്ടു. 1999ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് കേവലഭൂരിപക്ഷം ലഭിച്ചതോടെ 2004 വരെ അദ്ദേഹം അധികാരത്തില്‍ തുടര്‍ന്നു.

2004ലെ തെരഞ്ഞെടുപ്പില്‍’ഇന്ത്യ തിളങ്ങുന്നു’ എന്ന മുദ്രാവാക്യം പ്രചരിപ്പിച്ച്‌ അധികാരത്തില്‍ തിരിച്ചുവരാന്‍ ബിജെപി ശ്രമിച്ചെങ്കിലും ജനങ്ങള്‍ അനുകൂലമായി വിധി എഴുതിയില്ല. 2005 ഡിസംബറില്‍ വാജ്പേയി സജീവരാഷ്ട്രീയത്തില്‍നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചു. 2009ല്‍ ഉണ്ടായ ശക്തമായ പക്ഷാഘാതത്തിനുശേഷം അദ്ദേഹം വീല്‍ചെയറിലായിരുന്നു. വസതിക്കുള്ളില്‍ ഒതുങ്ങിയ അദ്ദേഹത്തിന്റെ പുറംയാത്ര ആരോഗ്യപരിശോധനകള്‍ക്കായി എയിംസില്‍ എത്തുന്നത് മാത്രമായി.

Share news

Leave a Reply

Your email address will not be published. Required fields are marked *