ക്രൈം ഡിജിപി റിപ്പോര്‍ട്ട് നല്കി ക്രിമിനല്‍ കേസില്‍പെട്ട 59 പൊലീസുകാര്‍ക്കെതിരെ ഉടന്‍ നടപടി

തിരുവനന്തപുരം> സംസ്ഥാന പൊലീസ് സേനയിലെ ക്രിമിനല്‍ കേസുകളില്‍ പ്രതികളായ 59 പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടിക്ക് ഡിജിപി (ക്രൈം) ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് ശുപാര്‍ശ നല്കി.
ക്രിമിനല്‍ കേസ് പ്രതികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ മുന്‍ ഡിജിപി (ക്രൈം) മുഹമ്മദ് യാസിന് അധ്യക്ഷനായ സമിതിയോട് റിപ്പോര്‍ട്ട് നല്കാന് ആവശ്യപ്പെട്ടിരുന്നു. ഈ റിപ്പോര്‍ട്ടാണ് കഴിഞ്ഞ ദിവസം പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്ക് സമര്‍പ്പിച്ചത്. റിപ്പോര്ട്ടിന്മേല് നിയമോപദേശം ഉള്‍പ്പെടെ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി തുടര്‍നടപടി സ്വീകരിക്കും. 59 ഉദ്യോഗസ്ഥരില്‍ പത്തുപേര്‍ സേനയ്ക്ക് പുറത്തുപോകേണ്ടിവരുമെന്നാണ് വിവരം.

സ്ത്രീപീഡനം, കൊലപാതകശ്രമം, ബാലപീഡനം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ ചെയ്തവരാണ് പട്ടികയില്‍. എസ്ഐമുതല്‍ താഴേക്കുള്ള ഉദ്യോഗസ്ഥരാണ് ഭൂരിഭാഗവും. പൊലീസില്‍ ക്രിമിനലുകളുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെയാണ് സര്‍ക്കാര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. ഡിജിപി ക്രൈം, ഇന്റലിജന്‍സ് ഐജി, ആംഡ് പൊലീസ് ബറ്റാലിയന് ഡിഐജി, സെക്യൂരിറ്റി എസ്പി, എന്‍ആര്‍ഐ സെല്‍ എസ്പി എന്നിവരടങ്ങിയ സമിതിയെയാണ് നിയോഗിച്ചത്. വിവരാവകാശ നിയമപ്രകാരം പുറത്തുവന്ന രേഖയില്‍ ക്രിമിനല്‍ കേസുകളില്‍ പ്രതികളായ 1129 പൊലീസുകാരുണ്ടെന്നായിരുന്നു പറഞ്ഞത്. തുടര്‍പരിശോധനയില്‍ ഇത് ശരിയല്ലെന്ന് തെളിഞ്ഞു.

സമിതി ഓരോ കേസും വിശദമായി പരിശോധിച്ച് ക്രിമിനല്‍ കേസ് പ്രതികളായ 387 പേരുണ്ടെന്നാണ് കണ്ടെത്തിയത്. പട്ടിക വീണ്ടും പരിശോധിച്ച് കുടുംബവഴക്ക്, വൈവാഹിക കേസുകള്‍ എന്നിവയില്പ്പെട്ടവരെ ഒഴിവാക്കി 59 പേരുടെ അന്തിമ പട്ടിക തയ്യാറാക്കി. ഇവര്‍ സേനയുടെ അച്ചടക്കത്തിന് ഭീഷണിയാണെന്നും കര്‍ശന നടപടി വേണമെന്നും സമിതി ശുപാര്‍ശ ചെയ്തു. ശാരീരികവും മാനസികവും പെരുമാറ്റപരവുമായി ഒരാള്‍ പൊലീസ് ജോലിക്ക് ‘അണ്‍ഫിറ്റാണെങ്കില്‍’ അയാളെ പുറത്താക്കാമെന്നാണ് കേരള പൊലീസ് ആക്ടിലെ 86(സി) വകുപ്പില്‍ വ്യക്തമാക്കിയിരിക്കുന്നത്.

നിയമോപദേശം ലഭിച്ച ഉടന്‍ പട്ടികയിലുള്ള പൊലീസുകാരില്‍നിന്ന് വിശദീകരണം തേടും. ശേഷം നടപടിയുണ്ടാകും.
