കൊയിലാണ്ടിയിൽ ഗതാഗത കുരുക്ക് ഒഴിവാക്കൽ MLA വിളിച്ചു ചേർത്ത യോഗത്തിൽ തീരുമാനമായി

കൊയിലാണ്ടി: നഗര കേന്ദ്രത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി വരുത്തേണ്ട റോഡ്, ട്രാഫിക് പരിഷ്കരണങ്ങളെക്കുറിച്ച് എം.എൽ.എ.കെ.ദാസൻ കൊയിലാണ്ടി നഗരസഭ ടൗൺ ഹാളിൽ വിളിച്ചു ചേർത്ത യോഗത്തിൽ തീരുമാനങ്ങളായി. നേരെത്തെ എം.എൽ.എ ജില്ലാ വികസന സമിതിയിൽ ആവശ്യപ്പെട്ടതനുസരിച്ച് കലക്ടറുടെ ചേംബറിൽ വിളിച്ചു ചേർത്ത യോഗ തീരുമാന പ്രകാരമാണ് ഇന്നത്തെ വിപുലമായ യോഗം ചേർന്നത്. ജില്ലാ കലക്ടർ യു.വി ജോസിന്റെ സാന്നിദ്ധ്യത്തിലാണ് ചർച്ച നടന്നത്.
യോഗത്തിൽ എം.എൽ.എ യെ കൂടാതെ അഡ്വ.കെ.സത്യൻ (നഗരസഭ ചെയർമാൻ), പി.പ്രേമൻ (തഹസിൽദാർ), രാജ് കുമാർ എസ് (കെ.എസ്.ഇ.ബി ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ), കെ. വിനയരാജ് (എക്സിക്യുട്ടീവ് എഞ്ചിനീയർ ദേശീയ പാതാ വിഭാഗം), പി.രാജേഷ് (ജോയിന്റ് ആർ.ടി.ഒ), ഉണ്ണിക്കൃഷ്ണൻ. കെ. (സി .ഐ.), രാജൻ കെ.കെ. (ട്രാഫിക് എസ്.ഐ), ഡോ.സച്ചിൻ ബാബു (താലൂക്ക് ആശുപത്രി സൂപ്രണ്ട്), അഡ്വ. എം.പി.സുകുമാരൻ (പ്രസിഡൻറ് ബാർ അസോസിയേഷൻ), മാധ്യമ പ്രവ്രർത്തകർ, കൗൺസിലർമാരായ മാങ്ങോട്ടിൽ സുരേന്ദ്രൻ, ടി.പി. രാമദാസ്, പി.കെ രാമദാസൻ മാസ്റ്റർ, പി.എം. ബിജു എന്നിവർ സന്നിഹിതരായി.
യോഗ തീരുമാനങ്ങൾ :
1. കൊയിലാണ്ടി പഴയ ബസ്റ്റാന്റിൽ സ്ഥിതി ചെയ്യുന്ന കെ.എസ്.ഇ.ബി. ട്രാൻസ്ഫോർമർ തൊട്ടടുത്ത മൃഗാശുപത്രി കോമ്പൗണ്ടിനകത്ത് വടക്കെ മൂലയിൽ സ്ഥാപിക്കും.
2. ട്രാൻസ്ഫോർമർ മാറ്റുന്നതുമായി ബന്ധപ്പെട്ട് റവന്യു / മൃഗാശുപത്രി വിഭാഗത്തിന്റെ സമ്മതപത്രമടക്കമുള്ള ശുപാർശ നഗരസഭ നൽകുന്ന മുറക്ക് ആവശ്യമായ ഭൂമി ജില്ലാ കലക്ടർ മുൻ കൈയ്യെടുത്ത് വിട്ടു നൽകുന്നതാണ്.
3. ട്രാൻസ്ഫോർമർ മാറ്റി സ്ഥാപിക്കുന്നതിനുള്ള ചെലവ് നരസഭ വഹിക്കുന്നതാണ്;
4. പഴയ ബസ്റ്റാന്റിനോട് ചേർന്ന് കോടതി കോമ്പൗണ്ടിനകത്ത് സ്ഥിതി ചെയ്യുന്ന ബാർ അസോസിയേഷൻ കെട്ടിടത്തിന്റെ റോഡ് സൈഡ് ഭാഗത്തെ 1 മീറ്ററോളം ഭാഗം പൊളിച്ചു മാറ്റാൻ കോടതി അധികൃതരോടും ബാർ അസോസിയേഷൻ ഭാരവാഹികളോടും അനുമതി തേടാൻ തീരുമാനിച്ചു.
5. നഗര കേന്ദ്രത്തിൽ ഓട്ടോമാറ്റിക് സിഗ്നൽ സംവിധാനം സ്ഥാപിക്കും. ആയതിനു വേണ്ട രൂപരേഖയും എസ്റ്റിമേറ്റും കെൽട്രോണുമായി ബന്ധപ്പെട്ട് തയ്യാറാക്കാൻ പൊതുമരാമത്ത് വകുപ്പ് ദേശീയപാതാ വിഭാഗത്തെ ചുമതലപ്പെടുത്തുന്നു.
6. നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിൽ സി.സി.ടി.വി സ്ഥാപിക്കും. ഇതുമായി ബന്ധപ്പെട്ട് 26/07/2018 ന് നഗരസഭാ ചെയർമാന്റെ നേതൃത്വത്തിൽ യോഗം വിളിച്ചു ചേർക്കും.
7. കോടതി, താലൂക്ക് ആശുപത്രി എന്നിവയുടെ ചുറ്റുമതിലും ഗേറ്റും നിർമ്മാണ വേളയിൽ ആവശ്യാനുസരണം റോഡിൽ നിന്നും പുറകോട്ട് നീക്കിനിർമ്മിക്കും.
8. കോടതി കോമ്പൗണ്ടിൽ വടക്ക് ഭാഗത്ത് ട്രഷറിക്ക് പുറകിലായി റോഡ് സൈഡിൽ മതിലിനോട് ചേർന്ന് കിടക്കുന്ന റവന്യൂ അധീനതയിലുള്ള ജീർണ്ണിച്ച കെട്ടിടം പൊളിച്ചു മാറ്റും.
