ഡബിള്‍ഹോഴ്സ് മട്ട അരിയില്‍ മായം സ്ഥിരീകരിച്ച് സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ റിപ്പോര്‍ട്ട്

തിരുവനന്തപുരം: ഡബിള്‍ഹോഴ്സ് മട്ട അരിയില്‍ മായം സ്ഥിരീകരിച്ച് സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ റിപ്പോര്‍ട്ട്. മായം കണ്ടെത്തിയതിനെ തുടര്‍ന്ന് വിപണിയില്‍ നിന്നും മട്ട അരി പിന്‍വലിക്കാന്‍ ഭക്ഷ്യസുരക്ഷാ അസി.കമ്മീഷണര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ എം.ജി രാജമാണിക്യം ഐഎഎസ് അറിയിച്ചു.
ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് ആക്‌ട് 2006 പ്രകാരമുള്ള നിയമ നടപടി കമ്ബനിക്കെതിരെ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അമിതമായി തവിടെണ്ണയും തവിടും ചേര്‍ത്ത് നിറംമാറ്റി കബളിപ്പിച്ചു എന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ഡബിള്‍ ഹോഴ്‌സ് മട്ട ബ്രോക്കണ്‍ റൈസ് സൂപ്പറില്‍ മായം കലര്‍ന്നിട്ടുണ്ടെന്ന സംശയം പ്രകടിപ്പിച്ച് എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ ജെസി നാരായണന്‍ സോഷ്യല്‍ മീഡിയയില്‍ വീഡിയോ പോസ്റ്റ് ചെയ്തതിനു പിന്നാലെ വിഷയം ചര്‍ച്ചയാകുകയായിരുന്നു.

അമ്ബതിനായിരത്തില്‍പ്പരം ആളുകള്‍ വീഡിയോ ഷെയര്‍ ചെയ്തതോടെ ഡബിള്‍ ഹോഴ്‌സിനെതിരായ പ്രാഥമിക നടപടി ഭക്ഷ്യസുരക്ഷാ വകുപ്പ് ആരംഭിക്കുകയായിരുന്നു.

