താമരശ്ശേരി ചുരത്തില്‍ വന്‍മരം കടപുഴകി വീണ് ഒന്നരമണിക്കൂര്‍ ഗതാഗതം സ്തംഭിച്ചു

താമരശ്ശേരി: താമരശ്ശേരി ചുരത്തില്‍ മരം കടപുഴകി ദേശീയപാതയില്‍ പതിച്ചു. ചുരത്തില്‍ നേരത്തേ മണ്ണിലിടിച്ചിലുണ്ടായ ചിപ്പിലിത്തോടിനും രണ്ടാം വളവിനും ഇടയിലാണ് കനത്ത മഴയില്‍ വലിയ മരം റോഡിനു കുറുകെ വീണത്. വ്യാഴാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. ഇതേത്തുടര്‍ന്ന് ഒന്നര മണിക്കൂറോളം ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായും നിലച്ചു.
തുടര്‍ച്ചയായി വാഹനങ്ങള്‍ പോകുന്ന സമയത്താണ് റോഡിലേക്ക് മരം വീണത്. വാഹനങ്ങള്‍ മരത്തിനടിയില്‍പ്പെടാതെ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. റോഡരികിലെ കാട്ടില്‍ ഉണങ്ങിനിന്ന വലിയ ഇലഞ്ഞിമരമാണ് വേരടക്കം മണ്ണില്‍നിന്ന് പൊങ്ങി നിലംപൊത്തിയത്. മരം വീണതിന് ഇരുഭാഗത്തുമായി കിലോമീറ്ററുകള്‍ ദൂരേക്ക് വാഹനങ്ങള്‍ മുന്നോട്ടുപോകാനാകാതെ കുടുങ്ങിക്കിടന്നു. തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ ചുരത്തില്‍ കുടുങ്ങിയത് യാത്രക്കാരെ ദുരിതത്തിലാക്കി. ഇരുചക്രവാഹനങ്ങള്‍ക്കുപോലും കടന്നുപോകാനായില്ല.

മുക്കത്തുനിന്നും അഗ്നിരക്ഷാസേനയെത്തി മരം മുറിച്ചുമാറ്റിയതിനെത്തുടര്‍ന്ന് ഏഴു മണിയോടെയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. താമരശ്ശേരി പോലീസും നാട്ടുകാരും സഹായിക്കാനെത്തി. വനം ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ചുരം സംരക്ഷണസമിതി പ്രവര്‍ത്തകര്‍ പെട്ടെന്ന് സ്ഥലത്തെത്തിയെങ്കിലും വലിയ മരം മുറിച്ചുമാറ്റാനുള്ള ആയുധമില്ലാത്തതിനാല്‍ അഗ്നിരക്ഷാസേനയെത്തുംവരെ കാത്തുനില്‍ക്കേണ്ടിവന്നു. ഇക്കഴിഞ്ഞ ശനിയാഴ്ചയും ചുരം ഏഴാംവളവിനുതാഴെ മരം കടപുഴകി വീണ് ഒന്നര മണിക്കൂറോളം ഗതാഗതം സ്തംഭിച്ചിരുന്നു.

