KOYILANDY DIARY.COM

The Perfect News Portal

ഹോട്ടലില്‍ മോഷണത്തിനെത്തിയ കള്ളന്‍ കഞ്ഞിവച്ചു കുടിച്ചു, പിന്നെ കുളിച്ചു, പെട്ടിയിലെ പണവുമായി സ്ഥലംവിട്ടു

കല്‍പറ്റ: ഹോട്ടലില്‍ മോഷണത്തിനെത്തിയ കള്ളന്‍ കഞ്ഞിവച്ചു കുടിച്ചു, പിന്നെ കുളിച്ചു, പെട്ടിയിലെ പണവുമായി സ്ഥലംവിട്ടു. വെള്ളമുണ്ട എട്ടേനാലില്‍ എയുപി സ്‌കൂളിനു മുന്‍പില്‍ സ്ത്രീകള്‍ നടത്തുന്ന രുചി മെസ് ഹൗസില്‍ കഴിഞ്ഞദിവസം രാത്രിയാണ് സംഭവം.

ഹോട്ടലില്‍ കയറിയ കള്ളന്‍ അടുക്കളയില്‍ നിന്നും അരിയെടുത്തു വേവിക്കാന്‍ വച്ച ശേഷം, മെസ്സിലെ സോപ്പും തോര്‍ത്തുമെടുത്ത് കുളിക്കാന്‍ കയറി. ഹോട്ടലില്‍ ഊണുകഴിക്കാനെത്തുന്നവര്‍ക്കു കൈകഴുകാന്‍ വച്ചിരുന്ന മൂന്നു സോപ്പുകളുമുപയോഗിച്ചായിരുന്നു കുളി.

കുളി കഴിഞ്ഞെത്തിയ കള്ളന്‍, പാലിയേറ്റിവ് കെയര്‍ സംഭാവനപ്പെട്ടിയിലെ പണമടക്കം അടിച്ചുമാറ്റി. എന്നാല്‍, അതിലുണ്ടായിരുന്ന 50 പൈസയുടെ നാണയങ്ങള്‍ അവിടെത്തന്നെ വെച്ചു. കുളിച്ചുകഴിഞ്ഞശേഷം തോര്‍ത്ത് മേശപ്പുറത്തു വിരിച്ചിട്ട്, കയ്യിലുണ്ടായിരുന്ന പിച്ചാക്കത്തിയും സ്പാനറും ലൈറ്ററും സമീപത്തു വച്ചാണു കള്ളന്‍ തിരിച്ചുപോയത്.

Advertisements

എന്നാല്‍ നേരം പുലരുന്നതുവരെ ജംക്ഷനിലെ പബ്ലിക് ലൈബ്രറിയില്‍ ലോകകപ്പ് ഫുട്‌ബോള്‍ കണ്ടിരുന്നവരൊന്നും മോഷണവിവരം അറിഞ്ഞതേയില്ല. രാവിലെ ഹോട്ടല്‍ തുറക്കാനെത്തിയ സ്ത്രീകളാണു സംഭവം പോലീസില്‍ അറിയിക്കുന്നത്.

മോഷണം നടന്ന ഹോട്ടലില്‍ നിന്ന് നാലു കിലോമീറ്റര്‍ മാത്രം അകലെയാണു കഴിഞ്ഞ ദിവസം റിപ്പര്‍ മോഡലില്‍ നവദമ്ബതികളെ വെട്ടിക്കൊലപ്പെടുത്തിയ വീട്. മോഷണശ്രമത്തിനിടെയാണു കൊലപാതകമെന്ന നിഗമനത്തില്‍ പോലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണു പ്രദേശത്ത് വീണ്ടും മോഷണം നടന്നത്.

വെള്ളമുണ്ട പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. ഇരട്ടക്കൊലപാതകം നടന്നതിന്റെ പശ്ചാത്തലത്തില്‍ ജനങ്ങളില്‍ ഭീതി പടര്‍ത്തുകയാണ് ഇത്തരം കള്ളന്മാരുടെ ലക്ഷ്യമെന്നു പോലീസ് പറയുന്നു.

Share news

Leave a Reply

Your email address will not be published. Required fields are marked *