ക്യാമ്പസുകളില്‍ വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനം നിയമ വിധേയമാക്കാന്‍ നിയമനിര്‍മാണം വരുന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ ക്യാമ്പസുകളില്‍ വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനം നിയമ വിധേയമാക്കാന്‍ നിയമനിര്‍മാണം വരുന്നു. സംഘടനാ പ്രവര്‍ത്തനം നിയമ വിധേയമാക്കുന്ന ബില്ലിന്റെ കരടിന് വിദ്യാഭ്യാസവകുപ്പ് രൂപംനല്കി. വിദ്യാര്‍ഥികള്‍ക്ക് സംഘടനാ സ്വാതന്ത്ര്യം ഉറപ്പാക്കിയും വര്‍ഗീയ-തീവ്രവാദ സംഘടനകള്‍ക്ക് നിയന്ത്രണമേര്പ്പെടുത്തിയുമാകും പുതിയ നിയമം. വിദ്യാഭ്യാസത്തിലെ ജനാധിപത്യവല്‍ക്കരണത്തില്‍ വിദ്യാര്‍ഥിസംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് നിര്‍ണായക സ്ഥാനമുണ്ടെന്ന നിലപാടിന്റെ അടിസ്ഥാനത്തിലാണ് സംഘടനാസ്വാതന്ത്ര്യം നിയമവിധേയമാക്കുന്നത്.
സ്വാശ്രയ കോളേജുകളിലടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംഘടനാസ്വാതന്ത്ര്യം അനുവദിക്കും. ക്യാമ്പസുകളില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാര്‍ഥിസംഘടനകള്‍ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കും. സംഘടനകള്‍ക്ക് നിയമപരമായ അംഗീകാരം നല്കാന് സെക്രട്ടറിതലത്തില്‍ സംവിധാനമുണ്ടാക്കും. എല്ലാ സംഘടനകളുടെയും നിയമാവലിയും പ്രധാന നേതാക്കളുടെ പേരുവിവരങ്ങളും ഉള്‍പ്പെടെയാണ് അംഗീകാരത്തിന് സമര്‍പ്പിക്കേണ്ടത്. ഇങ്ങനെ അംഗീകാരം ലഭിക്കുന്ന സംഘടനകള്‍ക്ക് ക്യാമ്ബസുകളില്‍ പ്രവര്‍ത്തിക്കാന്‍ അനുവാദം ലഭിക്കും.

വിദ്യാര്‍ഥികളുടെ അവകാശങ്ങള്‍ സംരക്ഷിക്കല്‍, ക്യാമ്പസുകള്‍ക്ക് അകത്തും പുറത്തുമുള്ള വിവിധ വിഷയങ്ങളില്‍ സംവാദങ്ങള്‍ സംഘടിപ്പിക്കാനുള്ള സ്വാതന്ത്ര്യം, വിദ്യാര്‍ഥികളെ ബാധിക്കുന്ന നിയമവിരുദ്ധവും യുക്തിരഹിതവുമായ തീരുമാനങ്ങള്‍ ചോദ്യംചെയ്യാനും അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്താനുമുള്ള സ്വാതന്ത്ര്യം, അധികൃതരുടെ നിലപാടുമൂലം ദുരിതത്തിലാകുന്ന വിദ്യാര്‍ഥികളുടെ പ്രശ്നങ്ങള്‍ ഏറ്റെടുത്ത് പരിഹാരം കാണല്‍ തുടങ്ങിയ കാര്യങ്ങളിലും സംഘടനകള്‍ക്ക് സ്വാതന്ത്ര്യമുണ്ടാകും. ആയുധരഹിതരായി സംഘടിക്കാനും ആശയപ്രചാരണം നടത്താനും നിയമപരമായ പരിരക്ഷ ലഭിക്കും. വര്‍ഗീയമായും മതേതരത്വത്തിന് കോട്ടംതട്ടുന്ന രീതിയിലും പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിന് വിലക്ക് വീഴും.

പുതിയ നിയമത്തിന്റെ ഭാഗമായി വിദ്യാര്‍ഥികളുടെ പരാതികള്‍ പരിഹരിക്കാന്‍ സംവിധാനം വരും. സര്‍വീസിലുള്ളതോ വിരമിച്ചതോ ആയ ഹൈക്കോടതി ജഡ്ജിയാകും സമിതി അധ്യക്ഷന്‍. നിയമവിദഗ്ധര്‍, അക്കാദമിക് വിദഗ്ധര്‍ എന്നിവര്‍ അംഗങ്ങളാകും. സ്വാശ്രയ കോളേജുകള്‍ ഉള്‍പ്പെടെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും വിദ്യാര്‍ഥിക്ക് ഈ സമിതിയുടെ സഹായം തേടാം. സമിതിയുടെ തീരുമാനം അംഗീകരിക്കാന്‍ കോളേജുകളും സര്‍വകലാശാലകളും ബാധ്യസ്ഥമാണ്. സമിതി തീരുമാനം ഹൈക്കോടതിയിലേ ചോദ്യം ചെയ്യാനാകൂ. ഗുരുതര കേസുകളില്‍ കോളേജിന്റെ അഫിലിയേഷന്വരെ റദ്ദാക്കാം. വ്യാജപ്പരാതി നല്കി അധികൃതരെ കുടുക്കാന്‍ ശ്രമിച്ചാല്‍ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും എതിരെയും നടപടിയുണ്ടാകും.

