ബുധനാഴ്ച മുതല്‍ നടത്താനിരുന്ന ഓട്ടോ-ടാക്സി പണിമുടക്ക് മാറ്റി

തിരുവനന്തപുരം: സംസ്ഥാനത്ത് ഓട്ടോ-ടാക്സി, ലൈറ്റ് മോട്ടോര്‍ വാഹനത്തൊഴിലാളികള്‍ ബുധനാഴ്ചമുതല്‍ നടത്താനിരുന്ന അനിശ്ചിതകാല പണിമുടക്ക് മാറ്റി. ട്രേഡ് യൂണിയന് സംയുക്ത സമരസമിതി നേതാക്കള്‍ മന്ത്രിമാരായ ടി പി രാമകൃഷ്ണന്, എ കെ ശശീന്ദ്രന്, പി തിലോത്തമന് എന്നിവരുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. സമരസമിതി ഉന്നയിച്ച ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന ഉറപ്പിലാണ് സമരം മാറ്റിയത്.
ആഗസ്ത് 20നു മുമ്പ് ട്രേഡ് യുണിയന്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തി പുതിയ നിരക്ക് നിശ്ചയിക്കും. ടാക്സി വാഹനങ്ങള്‍ക്ക് 15 വര്‍ഷത്തേക്കുള്ള മുന്‍കൂര്‍ നികുതി ഈടാക്കുന്ന നടപടിയില്‍ ധനവകുപ്പുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കാമെന്ന് മന്ത്രിമാര്‍ ഉറപ്പ് നല്കി.

2014ല്‍ യുഡിഎഫ് സര്‍ക്കാരാണ് മുന്‍കൂര്‍ നികുതി ഏര്‍പ്പെടുത്തിയത്. ചെറുകിട വാഹനങ്ങള്‍ ഫിറ്റ്നസ് ടെസ്റ്റ് നടത്താന്‍ വൈകിയാല്‍ മാസം നല്‍കേണ്ട 1500 രൂപ പിഴ കുറയ്ക്കുന്നത് പരിഗണിക്കാമെന്ന് ഉറപ്പ് നല്കി. ഓട്ടോറിക്ഷകള്‍ ഫെയര്‍മീറ്റര്‍ മുദ്രവയ്ക്കാന്‍ വൈകിയാല്‍ നിലവില്‍ 2000 രൂപ പിഴ അടയ്ക്കണം. കേന്ദ്ര നിയമപ്രകാരമാണ് ഇപ്രകാരം പിഴ ഈടാക്കുന്നത്. ഇത് കുറയ്ക്കുന്നതുള്പ്പെ ടെയുള്ള ആവശ്യങ്ങള്‍ കേന്ദ്രശ്രദ്ധയില്പ്പെടുത്താമെന്ന് മന്ത്രി പി തിലോത്തമന് ഉറപ്പ് നല്കി.

സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി, എസ്ടിയു, കെടിയുസി, എച്ച്എംഎസ്, ടിയുസിഐ, യുടിയുസിഎന്നീ സംഘടനാ നേതാക്കള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

