കനത്ത മഴയില്‍ ദുരിതം വിതച്ച് മുംബൈ നഗരം

മുംബൈ: കനത്ത മഴയില്‍ ദുരിതം വിതച്ച് മുംബൈ നഗരം. മഴക്കെടുതിയില്‍ ഇതുവരെ നാലു പേര് മരിച്ചു. നിരവധിപേര്‍ക്ക് പരിക്കേറ്റു. നഗരത്തിലെ ഗതാഗത സംവിധാനവും താറുമാറായി. ലോക്കല്‍ ട്രെയിനുകള്‍ വൈകിയാണ് ഓടുന്നത്. ഞായറാഴ്ച വൈകിട്ട് ആരംഭിച്ച മഴ ശക്തമായി തുടരുകയാണ്. മലബാര്‍ ഹില്‍, ധാരാവി, ഹിന്ദ്മാതാ തുടങ്ങിയ സ്ഥലങ്ങളിലാണ് വെള്ളക്കെട്ട് രൂക്ഷമായിരിക്കുന്നത്. ഇവിടങ്ങളില്‍ മോട്ടോര്‍ ഉപയോഗിച്ച് റോഡിലെ വെള്ളം പമ്ബു ചെയ്ത് നീക്കാനുള്ള നഗരസഭാ അധികൃതരുടെ ശ്രമം തുടരുകയാണ്.
അതിനിടെ റോഡ് ഗതാഗതം സുഗമമാക്കുന്നതിനു മാധ്യമങ്ങള്‍ വഴി സന്ദേശങ്ങളും മുന്നറിയിപ്പുകളും തുടര്‍ച്ചയായി നല്‍കുന്നുണ്ടെന്ന് ട്രാഫിക് പോലീസ് അധികൃതര്‍ അറിയിച്ചു. ചിലയിടങ്ങളില്‍ റോഡ് ഗതാഗതം താല്‍ക്കാലികമായി നിരോധിക്കാന്‍ സാധ്യതയുണ്ടെന്നും അവര്‍ വ്യക്തമാക്കി. ഗതാഗത സംവിധാനം താറുമാറായത് ഓഫീസുകളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്.

തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ പെയ്ത ശക്തമായ മഴയില്‍ വീടിന്റെ ചുമര് ഇടിഞ്ഞുവീണ് താനെ വഡോള് വില്ലേജില്‍ 13 കാരന് മരിച്ചു. മാതാപിതാക്കള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മുംബൈയിലെ മലാദില്‍ തുറസ്സായ സ്ഥലത്തെ കുഴിയില്‍ വീണ് 15കാരനും മരിച്ചു. സൗത്ത് മുംബൈയിലെ വഡാല പരിധിയില്‍ ലോയിഡ്സ് എസ്റ്റേറ്റിലെ കൂറ്റന്‍ മതില് ഇടിഞ്ഞുവീണ് തിങ്കളാഴ്ച രാവിലെ 15 ഓളം വാഹനങ്ങള്‍ തകര്‍ന്നു. സമീപ പ്രദേശങ്ങളില്‍ താമസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിച്ചു. അതേസമയം ആര്‍ക്കും അപകടം പറ്റിയതായി റിപ്പോര്‍ട്ടില്ല.

