കിനാലൂര്‍ വ്യവസായ കേന്ദ്രത്തിലേക്കുള്ള റോഡ് വെള്ളത്തില്‍മുങ്ങി

ബാലുശ്ശേരി: ഏഴുകണ്ടിയില്‍നിന്ന് കിനാലൂര്‍ വ്യവസായ കേന്ദ്രത്തിലേക്കുള്ള റോഡ് വെള്ളത്തില്‍മുങ്ങി. റോഡിലെ വെള്ളം പുറത്തേക്കൊഴുക്കാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്. റോഡിനരികില്‍ കുളംനിര്‍മിച്ച് റോഡിലെ വെള്ളം കുളത്തില്‍ നിറയ്ക്കാന്‍ നടപടി തുടങ്ങി.
വ്യവസായകേന്ദ്രത്തിലെ റോഡില്‍ കെട്ടിക്കിടന്നിരുന്ന വെള്ളം പുറത്തേക്കൊഴുകി ചുറ്റുമതില്‍ തകര്‍ന്ന് നാശനഷ്ടങ്ങളുണ്ടായ സാഹചര്യത്തിലാണ് മഴവെള്ളം വ്യവസായകേന്ദ്രത്തിനകത്തുള്ള സ്ഥലത്ത് കെട്ടിനിര്‍ത്താന്‍ സംവിധാനമൊരുക്കിയിരിക്കുന്നത്.

പുതുമണ്ണ് നിരത്തിയ സ്ഥലത്ത് കുളം നിര്‍മിച്ച് മഴവെള്ളത്തിന്റെ ഒഴുക്ക് തടഞ്ഞാല്‍ മണ്ണ് ഒന്നിച്ചൊഴുകി വലിയ അപകടം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ചുറ്റുമതിലുകള്‍ തകര്‍ന്നുവീണുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മതിലുകള്‍ക്ക് മുകളില്‍ കെട്ടിയുയര്‍ത്തിയ ചുമരുകള്‍ വ്യവസായവകുപ്പ് പൊളിച്ചുമാറ്റിത്തുടങ്ങിയിട്ടുണ്ട്.

വ്യവസായകേന്ദ്രത്തിന്റെ വിവിധഭാഗങ്ങളില്‍ കെട്ടിക്കിടക്കുന്ന വെള്ളം നീക്കംചെയ്യാന്‍ നടപടിസ്വീകരിച്ചില്ലെങ്കില്‍ മതിലിടിഞ്ഞ് കൂടുതല്‍ അപകടം സംഭവിക്കാനുള്ള സാധ്യത കൂടുതലാണെന്നാണ് പ്രദേശവാസികളുടെ അഭിപ്രായം. വ്യവസായകേന്ദ്രത്തിലെ അശാസ്ത്രീയ നിര്‍മാണപ്രവൃത്തികളാണ് മലമുകളില്‍നിന്ന് ഒഴുകിയെത്തുന്ന വെള്ളം റോഡില്‍ കെട്ടിക്കിടക്കാന്‍ ഇടയാക്കുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം.

