തമിഴ്നാട് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ സഹോദരന്റെ അറസ്റ്റ് വൈകുമെന്ന് സൂചന

തിരുവനന്തപുരം: മുടവൂര്‍പ്പാറയില്‍ ഫര്‍ണിച്ചര്‍ വ്യാപാരിയായ തമിഴ്നാട് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ സഹോദരന്റെ അറസ്റ്റ് വൈകുമെന്ന് സൂചന. മുടവൂര്‍പാറ പൂങ്കോട് വാടകയ്ക്ക് താമസിക്കുന്ന തമിഴ്നാട് സ്വദേശി ശിവനെ (42) വെട്ടിക്കൊന്ന സംഭവത്തിനിടെ പ്രതിയും അനുജനുമായ മുരുകന് കഴുത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നതിനാലാണ് അറസ്റ്റ് വൈകുന്നത്.
മെഡിക്കല്‍ കോളേജില്‍ ഇയാളെ ചികിത്സിക്കുന്ന ഡോക്ടറുടെ ഉപദേശം തേടിയശേഷമേ അറസ്റ്റ് ചെയ്യാന്‍ കഴിയൂവെന്ന് പൊലീസ് പറഞ്ഞു. ആദ്യഭാര്യയ്ക്കും മക്കള്‍ക്കും ജീവനാംശം കൊടുക്കാത്തത് ചോദ്യം ചെയ്തതിന്റെ വിരോധത്താലാണ് ശിവനെ മുരുകന് കൊലപ്പെടുത്തിയത്. കഴിഞ്ഞ ദിവസം രാത്രി 10മണിയോടെ മുടവൂര്‍പ്പാറ വെട്ടുവേലില്ക്കുളത്തിന് സമീപം മുരുകന് താമസിച്ചുവന്ന വാടക വീട്ടിലായിരുന്നു സംഭവം.

ചെലവിന് നല്‍കുന്നില്ലെന്ന് ആരോപിച്ച് മുരുകന്റെ ആദ്യഭാര്യയിലെ മകനായ സുബ്ബരാജ് മുടവൂര്പ്പാറയിലെത്തി ശിവനെ കണ്ട് പരാതി പറഞ്ഞിരുന്നു. ശിവനും മകന് വിഷ്ണുവും സുബ്ബരാജിനൊപ്പം ഇതേപ്പറ്റി ചോദിക്കാന്‍ മുരുകന്റെ വീട്ടിലെത്തിയപ്പോഴാണ് കൊലപാതകമുണ്ടായത്. പിടിവലിയ്ക്കിടെയാണ് മുരുകന് കഴുത്തിന് പരിക്കേറ്റത്.ഇയാള്‍ പൊലീസ് കാവലില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ശിവന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഇന്നലെ ബന്ധുക്കള്‍ ഏറ്റുവാങ്ങി.

