കുന്ദമംഗലം ഗവണ്‍മെന്‍റ് കോളേജ് പ്രവര്‍ത്തനം ഇനി പുതിയ കെട്ടിടത്തില്‍

കോഴിക്കോട്: അസൗകര്യങ്ങളുടെ നടുവില്‍ നിന്ന് മോചനം, കുന്ദമംഗലം ഗവണ്‍മെന്‍റ് കോളേജ് പ്രവര്‍ത്തനം ഇനി
പുതിയ കെട്ടിടത്തില്‍. നാല് വര്‍ഷം പരിമിതികള്‍ക്ക് നടുവില്‍ കഴിഞ്ഞ കുന്ദമംഗലം ഗവ. കോളേജ് ഇന്നു മുതല്‍ സ്വന്തമായി നിര്‍മ്മിച്ച പുതിയ ഹൈടെക് കെട്ടിടത്തിലേക്ക് മാറുന്നു.വെള്ളനൂരില്‍ കോട്ടോല്‍ ക്ഷേത്രത്തിന് സമീപം ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് ഏറ്റെടുത്ത് നല്‍കിയ 5.1 ഏക്കര്‍ സ്ഥലത്താണ് ആറ് ക്ലാസ് മുറികള്‍, ഓഫീസ്, പ്രിന്‍സിപ്പലിന്റെ മുറി, സ്റ്റാഫ് റൂം, ലൈബ്രറി, ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ശുചിമുറികള്‍ എന്നിവയടക്കം മനോഹരമായ കെട്ടിടം പണിതത്.
പി.ടി.എ.റഹീം എം എല്‍ എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 3.25 കോടി രൂപ ചെലവഴിച്ചാണ് കെട്ടിടത്തിന്റെ ഒന്നാം നിലയുടെ പണി പൂര്‍ത്തീകരിച്ചത്. സ്വന്തമായി കിണര്‍ നിര്‍മ്മിക്കുന്നതിന് പുറമ്ബോക്ക് സ്ഥലം കണ്ടെത്തിയിട്ടുണ്ട്. 15 ലക്ഷം രൂപ എം എല്‍ എ അനുവദിച്ചിട്ടുണ്ട്. കെട്ടിട നിര്‍മ്മാണത്തിന് കിഫ്ബിയില്‍ നിന്നും 10.7 കോടി അനുവദിച്ച് കഴിഞ്ഞു.

കോളേജിലെ അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി 10 ലക്ഷം രൂപയും എം എല്‍ എ ഫണ്ടില്‍ നിന്നും അനുവദിച്ചി ട്ടുണ്ട്. ഇതു വരെ കോളേജ് പ്രവര്‍ത്തിച്ചിരുന്നത് അസൗകര്യങ്ങള്‍ നിറഞ്ഞ ആര്‍ ഇ സി ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളിലായിരുന്നു. പ്രിന്‍സിപ്പാള്‍ ഉള്‍പ്പെടെ 16 അധ്യാപക തസ്തികകളും 13 അനധ്യാപക തസ്തികളും ഉണ്ട്. പ്രിന്‍സിപ്പാളായി ഡോക്ടര്‍ സജി സ്റ്റീഫന്‍ കഴിഞ്ഞ ദിവസം ചാര്‍ജ്ജെടുത്തു. മാവൂരില്‍ നിന്നും കുന്ദമംഗത്ത് നിന്നും ബസില്‍ കയറി കോട്ടോല്‍ സ്റ്റോപ്പിലിറങ്ങി 800 മീറ്റര്‍ ദൂരം നടന്നാല്‍ കോളേജിലെത്താം. കെട്ടാങ്ങല്‍ നിന്ന് ചൂലൂര്‍ വഴി വയല്‍ സ്റ്റോപ്പിലിറങ്ങിയും കോളേജിലെത്താന്‍ സാധിക്കും.

