ജീവജലം പദ്ധതി: അധ്യാപകന് സ്വന്തം ചെലവില്‍ കുളം നിര്‍മ്മിച്ച് മാതൃകയായി

വടകര: കോഴിക്കോട് ജില്ലയിലെ വിദ്യാലയങ്ങളില്‍ നടപ്പാക്കിവരുന്ന പരിസ്ഥിതി വിദ്യാഭ്യാസ പദ്ധതിയായ സേവിന്റെ ‘ജീവജലം’ പദ്ധതിയില്‍ നിന്നും ആവേശം ഉള്‍ക്കൊണ്ട് ഒരു അധ്യാപകന് സ്വന്തം ചെലവില്‍ കുളം നിര്‍മ്മിച്ച് മാതൃകയായി.നിലവിലുള്ള കുളങ്ങള്‍ നികത്താനും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൊണ്ട് നിറക്കാനും മത്സരിക്കുന്ന നാട്ടിലാണ് സ്വന്തം പോക്കറ്റില്‍ നിന്നും ഒന്നേകാല്‍ ലക്ഷം ചെലവ് ചെയ്ത് ചോറോട് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ അധ്യാപകന് കീഴല്‍ താഴെ മഠം മോഹനകൃഷ്ണന് സ്വന്തം വീട്ടുവളപ്പില്‍ കുളം നിര്‍മ്മിച്ചത്.
വേനലിന് സാന്ത്വനമേകാന്‍ സേവ് ആവിഷ്കരിച്ച ‘ജീവജലം’ പദ്ധതി പ്രകാരം ജില്ലയിലെ ഓരോ വിദ്യാലയവും ഓരോ ജലാശയം തിരഞ്ഞെടുത്ത് ജനകീയ സഹകരണത്തോടെ ശുചീകരിച്ച് സംരക്ഷിക്കുകയാണ് ചെയ്യുന്നത്. ജില്ലയിലെ ക്ഷേത്ര,പള്ളി കുളങ്ങളും ശുചീകരിച്ച് സംരക്ഷിക്കാനുള്ള തയ്യാറെടുപ്പിലാണ് സേവ്. ഇതില്‍ നിന്നും ആവേശം ഉള്‍ക്കൊണ്ടാണ് മോഹനകൃഷ്ണന് കുളം നിര്‍മിക്കാന്‍ തുനിഞ്ഞത്. ജോലിക്കാരോടൊപ്പം മോഹനകൃഷ്ണനും കുടുംബാംഗങ്ങളും കുളം നിര്‍മാണം സഹായികളായിരുന്നു.

ദിവസങ്ങളുടെ അധ്വാനത്തിന് ഒടുവില്‍ കുളം രൂപം കൊണ്ടപ്പോള്‍ ആനന്ദമായി.5 മീറ്റര്‍ നീളത്തിലും 5 മീറ്റര്‍ വീതിയിലുമാണ് കുളം നിര്‍മ്മിച്ചിരിക്കുന്നത്. നിര്‍മ്മിച്ച കുളം ചെങ്കല്ലുകൊണ്ട് പടവുകള്‍ കെട്ടി മനോഹരമാക്കി. നിബന്ധനകള്‍ക്ക് വിധേയമായി കുളം പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ നല്‍കുമെന്ന് മോഹനകൃഷ്ണന് പറഞ്ഞു. വൃത്തികേടാക്കരുത്, സോപ്പ് ,എണ്ണ തുടങ്ങിയവ ഉപയോഗിക്കരുത് തുടങ്ങിയവയാണ് നിബന്ധനകള്‍. കുളത്തിന് ചുറ്റിലും മണ്ണിട്ട് നികത്തുന്ന പ്രവര്‍ത്തി ബാക്കിയുണ്ട്.

