KOYILANDY DIARY.COM

The Perfect News Portal

വയനാട്ടിലെ മുഴുവന്‍ സര്‍ക്കാര്‍ ഓഫീസുകളും ഇനി ഹരിതനിയമാവലിയുടെ പരിധിയില്‍

കല്‍പ്പറ്റ: പരിസ്ഥിതിയുമായി ഏറ്റവും യോജിച്ചുകിടക്കുന്ന പശ്ചിമഘട്ടമുള്‍പ്പെടെയുള്ള വയനാട്ടിലെ മുഴുവന്‍ സര്‍ക്കാര്‍ ഓഫീസുകളും ഇനി ഹരിതനിയമാവലിയുടെ പരിധിയില്‍. ഹരിതചട്ടം നിലവില്‍ വന്നതോടെ പേപ്പറിലും പ്ലാസ്റ്റിക്കിലും തെര്‍മോക്കോളിലും നിര്‍മ്മിച്ച എല്ലാത്തരം ഡിസ്പോസിബിള്‍ വസ്തുക്കളുടെ ഉപയോഗവും ഓരോ ഓഫീസിലും പൂര്‍ണമായി ഒഴിവാക്കണം.

മാലിന്യത്തിന്റെ അളവ് കുറച്ചും ജൈവമാലിന്യം ശാസ്ത്രീയമായി സംസ്‌ക്കരിച്ചും, അല്ലാത്തവ ശേഖരിക്കുന്ന സംവിധാനങ്ങള്‍ക്ക് കൈമാറിയും വൃത്തിയായി സൂക്ഷിക്കണമെന്ന് ചട്ടത്തില്‍ വ്യക്തമാക്കുന്നു. പരിസ്ഥിതിക്കിണങ്ങിയവയായ സ്റ്റീല്‍, ചില്ല് പ്ലേറ്റുകള്‍, കപ്പുകള്‍, തുണി സഞ്ചി, മഷിപേന എന്നിവ ശീലമാക്കണമെന്നും, ഡിസ്പോസബിള്‍ കപ്പുകള്‍, പ്ലേറ്റുകള്‍, ഗ്ലാസുകള്‍, കിറ്റുകള്‍ ഫ്ളക്സ് ബാനറുകള്‍, പ്ലാസ്റ്റിക് ബോക്കെകള്‍, പ്ലാസ്റ്റിക് പേനകള്‍ എന്നിവ ഒഴിവാക്കണമെന്നും ഹരിതനിയമാവലിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

കൂടാതെ ടിഷ്യൂപേപ്പര്‍, പേപ്പര്‍ മേശ വിരിപ്പ് എന്നിവ ഒഴിവാക്കി തുണി തൂവാല, തുണികൊണ്ടുള്ള വിരികള്‍ ഉപയോഗിക്കണം. മാലിന്യങ്ങള്‍ കൂട്ടിക്കലര്‍ത്തി വേസ്റ്റ് ബിന്നില്‍ നിക്ഷേപിക്കുന്നതും വലിച്ചെറിയുന്നതും കത്തിക്കുന്നതും, പ്ലാസ്റ്റിക് കവറുകളില്‍ ആഹാരം പാഴ്സല്‍ വാങ്ങുന്നതും ഹരിത ചട്ടത്തിന് എതിരാണ്. പുന:ചംക്രമണം ചെയ്യാന്‍ കഴിയാത്ത ഏതൊരു വസ്തുവിന്റെയും ഉപയോഗം കഴിയുന്നതും ഒഴിവാക്കുന്നത് ഹരിത ഓഫീസ് പാലിക്കുന്നതിനുള്ള നിബന്ധനകളില്‍ പ്രധാനപ്പെട്ടതാണ്.

Advertisements

പരിപാടിയുടെ ജില്ലാതല പ്രഖ്യാപനം ആസൂത്രണ ഭവന്‍ എപിജെ ഹാളില്‍ ജില്ലാ കളക്ടര്‍ എസ് സുഹാസ് നിര്‍വഹിച്ചു. സ്ഥലം മാറിപ്പോകുന്ന ജില്ലാ കളക്ടറുടെ ജില്ലയിലെ അവസാനത്തെ ഔദ്യോഗിക പരിപാടിയായിരുന്നു ലോക പരിസ്ഥിതി ദിനാചരണവും ഹരിത ചട്ടം പ്രഖ്യാപനവും. ചടങ്ങില്‍ ഹരിത നിയമാവലി പോസ്റ്റര്‍ ജില്ലാ കലക്ടര്‍ പ്രകാശനം ചെയ്തു. എഡിഎം. കെ എം രാജു ലോക പരിസ്ഥിതി ദിന ഹരിത നിയമാവലി പ്രതിജ്ഞ ജീവനക്കാര്‍ക്ക് ചൊല്ലിക്കൊടുത്തു. ഹരിത കേരള മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ബി കെ സുധീര്‍ കിഷന്‍ അധ്യക്ഷത വഹിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *