ഹരിതകേരളം പുരസ്‌ക്കാരം നേടിയ പായം പഞ്ചായത്തിനെ അതിന് അര്‍ഹയാക്കിയത് വിവിധ മേഖലകളില്‍ കാഴ്ചവച്ച മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍

കണ്ണൂര്‍: സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികാഘോഷത്തോടനുബന്ധച്ച് കണ്ണൂര്‍ ജില്ലയില്‍ പ്രഖ്യാപിച്ച ഹരിതകേരളം പുരസ്‌ക്കാരം നേടിയ പായം പഞ്ചായത്തിനെ അതിന് അര്‍ഹയാക്കിയത് കൃഷി, ജലസംരക്ഷണം, മാലിന്യനിര്‍മ്മാര്‍ജ്ജനം തുടങ്ങിയ മേഖലകളില്‍ കാഴ്ചവച്ച മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍. കണ്ണൂരില്‍ നടക്കുന്ന പൊന്‍കതിര്‍ മെഗാ എക്‌സിബിഷനില്‍ ഒരുക്കിയ ഹരിതകേരളം സ്റ്റാളില്‍ പഞ്ചായത്തിന്റെ നേട്ടങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
കരനെല്‍കൃഷിയിലാണ് പായം പഞ്ചായത്ത് പ്രധാനമായും മികച്ച നേട്ടം കൈവരിച്ചത്. മുന്‍പ് 892 ഹെക്ടറോളം നെല്‍കൃഷിയ്ക്ക് അനുയോജ്യമായ പാടശേഖരം ഉണ്ടായിരുന്ന ഇവിടെ ഇന്ന് 126 ഹെക്ടര്‍ നെല്‍വയല്‍ മാത്രമേ ഉള്ളൂ. ഇതില്‍ തന്നെ 70 ഹെക്ടറില്‍ മാത്രമാണ് നെല്‍കൃഷി ചെയ്യുന്നത്. എന്നാല്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടത്തിയ അശ്രാന്ത പരിശ്രമത്തിന്റെ ഫലമായി 2017-18 വര്‍ഷത്തില്‍ 238 ഏക്കറില്‍ നെല്‍കൃഷി നടത്താന്‍ സാധിച്ചു. പച്ചക്കറി ഉല്‍പ്പാദനത്തിലും പഞ്ചായത്ത് മികച്ച നേട്ടമാണ് കൈവരിച്ചത്.

ആഘോഷവേളകള്‍ പ്ലാസ്റ്റിക്ക് മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീ മുഖേനെ വാഴയിലകള്‍ നല്‍കുന്ന പദ്ധതിയും ഇവിടെ നടപ്പിലാക്കിയിട്ടുണ്ട്. ഇതിനായി ഈ വര്‍ഷം 20,000 ഞാലിപ്പൂവന്‍ വാഴക്കന്നുകള്‍ വീടുകളില്‍ വിതരണം ചെയ്തു.

ജലസംരക്ഷണത്തിനായും മികച്ച പ്രവര്‍ത്തനങ്ങളാണ് ഇവിടെ നടപ്പിലാക്കുന്നത്. ആയിരക്കണക്കിന് മഴക്കുഴികള്‍ നിര്‍മ്മിക്കുകയും 32 തോടുകളില്‍ താല്‍ക്കാലിക തടയണ നിര്‍മ്മിക്കുകയും ചെയ്ത പഞ്ചായത്തില്‍ പുതുതായി അഞ്ചു കുളങ്ങളാണ് നിര്‍മ്മിച്ചത്.

