തൂത്തുക്കുടി സ്റ്റെര്‍ലൈറ്റ് പ്ലാന്റിന്റെ വിപുലീകരണത്തിന് സ്റ്റേ

ചെന്നൈ: തൂത്തുക്കുടി സ്റ്റെര്‍ലൈറ്റ് പ്ലാന്റിന്റെ വിപുലീകരണത്തിന് സ്റ്റേ. മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിന്റേതാണ് വിധി . പ്ലാന്റിന്റെ രണ്ടാം യൂണിറ്റിന്റെ വിപുലീകരണമാണ് തടഞ്ഞത്. കൂടാതെ ആഭ്യന്തരമന്ത്രാലയം തമിഴ്നാട് സര്‍ക്കാരിനോട് വിശദീകരണം തേടി.
തമിഴ് ജനതയെ കൂട്ടക്കൊല ചെയ്യാനുളള ശ്രമമെന്ന് രാഹുല്‍ഗാന്ധി പ്രതികരിച്ചു. തുറമുഖ നഗരമായ തൂത്തുക്കുടിയില്‍ സ്റ്റെര്‍ലൈറ്റ് കോപ്പര്‍ യൂണിറ്റ് ഉണ്ടാക്കുന്ന പരിസ്ഥിതി പ്രശ്നങ്ങള്‍ക്കെതിരെ പോലീസ് ഇന്നലെ നടത്തിയ വെടിവെയ്പ്പില്‍ 12 പേരാണ് മരിച്ചത്. അതേസമയം, വെടിയേറ്റ് മരിച്ചവരുടെ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങില്ലെന്നും അത് പോസ്റ്റ്മോര്‍ട്ടം ചെയ്യാന്‍ അനുവദിക്കില്ലെന്നുമുള്ള നിലപാടിലാണ് മരിച്ചവരുടെ ബന്ധുക്കള്‍.

സമരത്തിനിടെയുണ്ടായ പൊലീസ് വെടിവയ്പ്പ് ആസൂത്രിതമാണെന്ന ആരോപണം ഉയരുന്നു. പൊലീസ് വാനിന് മുകളില്‍ നിന്ന് സമരക്കാര്‍ക്ക് നേരെ വെടിവയ്ക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. പ്രതിഷേധം നിയന്ത്രണാതീതമായപ്പോള്‍ ആണ് വെടിവച്ചത് എന്നായിരുന്നു തമിഴ്നാട് ഡിജിപിയുടെ വിശദീകരണം. 12 പേരുടെ മരണത്തിനിടയാക്കിയ സംഭവത്തില്‍ സര്‍ക്കാരിനും പൊലീസിനുമെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. പ്രതിപക്ഷനേതാവ് എം കെ സ്റ്റാലിനും മക്കള്‍ നീതി മയ്യം പാര്‍ട്ടി നേതാവ് കമല്‍ഹാസനും ഇന്ന് തൂത്തുക്കുടി സന്ദര്‍ശിക്കും.

സ്റ്റെര്‍ലൈറ്റ് പ്ലാന്റിനെതിരായ പ്രതിഷേധസമരം നൂറ് ദിവസം പിന്നിട്ടതോടെയാണ് അക്രമാസക്തമായത്. പ്രതിഷേധക്കാരുടെ അക്രമങ്ങള്‍ പരിധി വിട്ടതോടെയാണ് തങ്ങള്‍ വെടിവച്ചതെന്നാണ് പോലീസ് പറയുന്നത്. സംഭവത്തില്‍ തമിഴ്നാട് സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനമാണ് എല്ലാ കോണുകളിലും നിന്നും ഉയരുന്നത്. തൂത്തുക്കുടി വെടിവെയ്പ്പ് ആസൂത്രിതമാണെന്ന് എംഡിഎംകെ നേതാവ് വൈക്കോ ആരോപിച്ചു. പോലീസ് കമാന്‍ഡോകള്‍ ആളുകളെ തിരഞ്ഞെുപിടിച്ചു വെടിവെയ്ക്കുകയായിരുന്നുവെന്നും കുറ്റക്കാരായ പോലീസുകാരെ ശിക്ഷിക്കണമെന്നും സര്‍വീസില്‍ നിന്ന് പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

