ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട സംഭവത്തില്‍ 16 പേര്‍ക്കെതിരെ കൊലക്കുറ്റം

പാലക്കാട്: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട മര്‍ദ്ദനത്തിരയായി ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട സംഭവത്തില്‍ 16 പേര്‍ക്കെതിരെ കൊലക്കുറ്റം. അഗളി ഡിവൈഎസ്പി മണ്ണാര്‍ക്കാട് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് 16 പേര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുള്ളത്. ഇക്കഴിഞ്ഞ ഫെബ്രുവരി 22നാണ് ആദിവാസി യുവാവ് മധുവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊലപ്പെടുത്തിയത്.
മോഷണകുറ്റമാരോപിച്ച് ആദിവാസി യുവാവ് മധുവിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ കേസിലെ പതിനാറു പ്രതികള്‍ക്കെതിരെയും കൊലകുറ്റമാണ് കുറ്റപത്രത്തിലുള്ളത്. അഗളി ഡിവൈഎസ്പി, മണ്ണാര്‍ക്കാട് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍, മരണകാരണമായി പതിനഞ്ച് മുറിവുകളാണ് ചൂണ്ടി കാട്ടിയിട്ടുള്ളത്.

മധുവിനെ പൊലീസിനു കൈമാറുന്നതുവരെ പ്രതികള്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയ എട്ടു മൊബൈല്‍ ഫോണുകള്‍ക്കും 165 പേരുടെ മൊഴികള്‍ക്കുമൊപ്പം മുക്കാലിയിലെ 3 സിസിടിവികളും പ്രതികള്‍ സഞ്ചരിച്ച അഞ്ച് വാഹനങ്ങളും തെളിവുകളായി കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഈ കഴിഞ്ഞ ഫെബ്രുവരി 22നായിരുന്നു അട്ടപ്പാടിയിലെ മുക്കാലിയില്‍ വെച്ച് ആദിവാസി യുവാവ് മധുവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊലപ്പെടുത്തിയത്. മോഷണക്കുറ്റം ആരോപിച്ച്, വനത്തിനുള്ളില്‍ നിന്ന് പിടിച്ചുകൊണ്ടു വന്ന യുവാവിനെ ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്ന് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ മുഴുവന്‍ പ്രതികളും അറസ്റ്റിലാവുകയായിരുന്നു.

