തിരൂര്‍ കൂട്ടായിയില്‍ സി.പി.എം പ്രവര്‍ത്തകനെ വെട്ടി പരിക്കേല്‍പ്പിച്ചു

മലപ്പുറം: തിരൂര്‍ കൂട്ടായിയില്‍ സി.പി.എം പ്രവര്‍ത്തകനെ വെട്ടി പരിക്കേല്‍പ്പിച്ചു. കൂട്ടായി സ്വദേശി ഇസ്മായിലിനാണ് വെട്ടേറ്റത്. ഓട്ടോറിക്ഷയിലെത്തിയ നാലംഗ മുഖം മൂടി സംഘമാണ് ആക്രമിച്ചത്.ഇസ്മായിലിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമത്തിന് പിന്നില്‍ മുസ്ലീം ലീഗാണെന്ന് സി.പി.എം ആരോപിച്ചു.
തിരൂര്‍ പറവണ്ണയില്‍ ഇന്നലെ ഉണ്ടായ സി.പി.എം- മുസ്ലീം ലീഗ് സംഘര്‍ഷത്തില്‍ രണ്ട് പേര്‍ക്ക് വെട്ടേറ്റിരുന്നു. സി.പി.എം പ്രവര്‍ത്തകരായ സൗഫിര്‍, അഫ്‌സാര്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇരുവരേയും തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രാത്രി ഒന്‍പതോടെ തീരദേശ മേഖലയായ പറവണ്ണയില്‍ വച്ചാണ് അക്രമം നടന്നത്.

വീട്ടിലേക്ക് പോകുകയായിരുന്ന സിപിഎം പ്രവര്‍ത്തകരെ ലീഗ് പ്രവര്‍ത്തകര്‍ ആക്രമിക്കകുയായിരുന്നു എന്നാണ് സിപിഎം ആരോപിക്കുന്നത്. സിപിഎം-ലീഗ് സംഘര്‍ഷം നിരന്തരം അരങ്ങേറുന്ന ഇവിടെ രണ്ടാഴ്ച്ച മുന്‍പും സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റിരുന്നു. അക്രമത്തെ തുടര്‍ന്ന് പ്രദേശത്ത് വന്‍പോലീസ് സംഘം ക്യാംപ് ചെയ്യുന്നുണ്ട്.

