ഹയര്‍ സെക്കന്‍ഡറി ഏകജാലക പ്രവേശനത്തിനുള്ള അപേക്ഷകള്‍ ബുധനാഴ‌്ച മുതല്‍ സ്വീകരിച്ചു തുടങ്ങി

പാലക്കാട‌്: ഹയര്‍ സെക്കന്‍ഡറി ഏകജാലക പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ ബുധനാഴ‌്ച മുതല്‍ സ്വീകരിച്ചു തുടങ്ങി. ജില്ലയില്‍ എസ‌്‌എസ‌്‌എല്‍സി പരീക്ഷ പാസായ 31,970 വിദ്യാര്‍ഥികള്‍ക്ക‌് പ്രവേശനം ലഭിക്കും. സര്‍ക്കാര്‍ സ്കൂളുകളിലായി 15,420 സീറ്റുകളും എയ‌്ഡഡ് സ‌്കൂളുകളില്‍ 13,500 സീറ്റും അണ്‍എയ‌്ഡഡ് സ‌്കൂളുകളില്‍ 3,050 സീറ്റുമാണുള്ളത‌്. ഇൗ വര്‍ഷവും പത്തു ശതമാനം സീറ്റ‌് സര്‍ക്കാര്‍ വര്‍ധിപ്പിക്കുമെന്നാണ‌് പ്രതീക്ഷ.
വിവിധ ഘട്ടങ്ങളിലായാണ‌് പ്രവേശനം നടക്കുക. ഒമ്ബതു മുതല്‍ 18വരെയാണ‌് ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുക. തുടര്‍ന്ന‌് 25ന‌് ട്രയല്‍ അലോട്ട‌്മെന്റ‌് പ്രസിദ്ധീകരിക്കും. ജൂണ്‍ ഒന്നിന‌് മെയിന്‍ അലോട്ട്മെന്റും തുടര്‍ന്ന‌് പ്രവേശനവുമാണ‌്. 11ന‌് രണ്ടാംഘട്ട അലോട്ട‌്മെന്റിനുശേഷം ജൂണ്‍ 13ന‌് ക്ലാസ‌് ആരംഭിക്കും.

വിവിധ അലോട്ട‌്മെന്റുകള്‍ക്കിടയില്‍ ഓപ‌്ഷന്‍ മാറ്റിക്കൊടുക്കുന്നതിനും തിരുത്തലുകള്‍ നടത്തുന്നതിനും വിദ്യാര്‍ഥികള്‍ക്ക‌് അവസരമുണ്ടായിരിക്കും. ജില്ലയിലെ സ‌്കൂളുകളിലേക്കുള്ള പ്രവേശനത്തിന‌് ഒരു അപേക്ഷ സമര്‍പ്പിച്ചാല്‍ മതിയാകും. മറ്റ‌് ജില്ലകളിലേക്ക‌് പ്രത്യേകം വേണം. വെബ്സൈറ്റ് വഴിയാണ‌് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഓപ‌്ഷനുകള്‍ തെരഞ്ഞെടുക്കുന്നത‌് സംബന്ധിച്ച‌് വിദ്യാര്‍ഥികര്‍ക്ക‌് അവബോധം നല്‍കാന്‍ സര്‍ക്കാര്‍, എയ‌്ഡഡ‌് സ‌്കൂളുകളില്‍ ഹെല്‍പ‌് ഡെസ‌്ക്കുകള്‍ സജ്ജമാക്കിയിട്ടുണ്ട്. അപേക്ഷ സമര്‍പ്പിക്കുന്ന സമയത്ത‌് എസ‌്‌എസ‌്‌എല്‍സി മാര്‍ക്ക‌് ലിസ‌്റ്റിന്റെ പ്രിന്റ് ഔട‌്ട്, ആധാര്‍ കാര്‍ഡ് എന്നിവ കരുതണം. ബോണസ് പോയിന്റ് ലഭിക്കാനുള്ള അര്‍ഹത സംബന്ധിച്ച കാര്യങ്ങളും കൃത്യമായി അപേക്ഷയില്‍ രേഖപ്പെടുത്തിയിരിക്കണം.

അപേക്ഷ സമര്‍പ്പിച്ചശേഷം പ്രിന്റ് ഔട്ടും ആവശ്യമായ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം(എസ‌്‌എസ‌്‌എല്‍സി, ആധാര്‍, ബോണസ് പോയിന്റ് തെളിയിക്കുന്ന രേഖകള്‍) അടുത്തുള്ള സര്‍ക്കാര്‍/എയ്ഡഡ് സ്കൂളില്‍ സമര്‍പ്പിക്കണം. അപേക്ഷാഫീസായി 25 രൂപയും അടയ‌്ക്കണം. അപേക്ഷ നല്‍കിയാല്‍ ലഭിക്കുന്ന സ്ലിപ് സൂക്ഷിച്ചുവയ‌്ക്കുക. ഇത് നഷ്ടപ്പെട്ടാല്‍ അലോട്ട‌്മെന്റ‌് പരിശോധിക്കാനോ തിരുത്താനോ സാധിക്കില്ല. അപേക്ഷയില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയാല്‍ പ്രവേശനം റദ്ദാക്കും.

സിബിഎസ‌്സി പഠിച്ച വിദ്യാര്‍ഥികള്‍ അപേക്ഷയോടൊപ്പം ജാതി, മതം, മേല്‍വിലാസം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുകളും മുദ്രപത്രത്തിലുള്ള രക്ഷിതാവിന്റെ സത്യവാങ്മൂലത്തിന്റെ പകര്‍പ്പും സമര്‍പ്പിക്കണം.
