ആര്‍എസ്എസ് ശിബിരങ്ങളുടെ മറവില്‍ കൊലപാതകത്തിന് പരിശീലനം: കോടിയേരി

തിരുവനന്തപുരം: മാഹിയില്‍ സിപിഎം നേതാവ് കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍ ആര്‍എസ്എസ്സിനെതിരെ ആഞ്ഞടിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്.
ആര്‍എസ്എസ് ശിബിരങ്ങളില്‍ കൊലപാതക പരിശീലനമാണ് നടക്കുന്നതെന്ന് കോടിയേരി ആരോപിച്ചു. ക്രമസമാധാനം തകര്‍ക്കാനാണ് ആര്‍എസ്എസ് ശ്രമം. ഈ ലക്ഷ്യം മുന്‍നിര്‍ത്തിയാണ് തിങ്കളാഴ്ച കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകനെ കൊലപ്പെടുത്തിയതെന്നും കോടിയേരി കുറ്റപ്പെടുത്തി.

കൂത്തുപറമ്പിലെ തൊക്കിലങ്ങാടിയിലെ ശിബിരത്തില്‍ വെച്ച് ആസൂത്രണം ചെയ്ത കാര്യമാണ് ആര്‍എസ്എസ് ഇപ്പോള്‍ നടപ്പിലാക്കിയിരിക്കുന്നത്. പുതിയ രീതിയിലുള്ള പരിശീലനങ്ങളാണ് മനുഷ്യനെ കൊല്ലാന്‍ ആര്‍എസ്എസ് നല്‍കുന്നതെന്നും കോടിയേരി ആരോപിച്ചു.

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ആര്‍എസ്എസുകാര്‍ 15 സിപിഎം പ്രവര്‍ത്തകരെയാണ് കൊലപ്പെടുത്തിയത്. കൊലക്കത്തി താഴെ വയ്ക്കാന്‍ നരേന്ദ്രമോദി കേരളത്തിലെ ആര്‍എസ്എസുകാരെ ഉപദേശിക്കണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി ആവശ്യപ്പെട്ടു.

ആര്‍എസ്എസ് ആക്രമണത്തിനെതിരെ സംസ്ഥാന വ്യാപകമായി സമാധാനപരമായ പ്രതിഷേധ പരിപാടികള്‍ ഉയര്‍ത്തിക്കൊണ്ടുവരണമെന്നും, പ്രകോപനത്തില്‍ കുടുങ്ങാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും കോടിയേരി ബാലകൃഷ്ണന് ആഹ്വാനം ചെയ്തു.
