ഷുഹൈബ് വധത്തില്‍ സിബിഐ അന്വേഷണം സ്റ്റേ ചെയ്ത ഹൈക്കോടതി നടപടി ശരിവച്ച് സുപ്രീം കോടതി

ഡല്‍ഹി > ഷുഹൈബ് വധത്തില്‍ സിബിഐ അന്വേഷണം സ്റ്റേ ചെയ്ത ഹൈക്കോടതി നടപടി ശരിവച്ച് സുപ്രീം കോടതി. ഷുഹൈബ് വധത്തില്‍ സിബിഐ അന്വേഷണത്തിനുള്ള ഹൈക്കോടതി സ്റ്റേ നീക്കണമെന്ന ഷുഹൈബിന്റെ പിതാവിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. കേസില്‍ പൊലീസ് അന്വേഷണം പൂര്‍ത്തിയാക്കി അന്തിമറിപ്പോര്‍ട്ട് സമര്‍പ്പിക്കാമെന്നും കോടതി വ്യക്തമാക്കി.
പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നും തെളിവു നശിപ്പിക്കപ്പെടും മുന്‍പ് കേസ് അടിയന്തരമായി സിബിഐക്കു വിടണമെന്നും ആവശ്യപ്പെട്ടാണു ഷുഹൈബിന്റെ പിതാവ് കോടതിയെ സമീപിച്ചത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ കപില്‍ സിബലാണു കുടുംബത്തിനു വേണ്ടി ഹാജരായത്.

ഹൈക്കോടതി ഡിവിഷന് ബെഞ്ച് ഷുഹൈബ് വധത്തില്‍ സിബിഐ അന്വേഷണം സ്റ്റേ ചെയ്തിരുന്നു. തുടര്‍ന്നു മധ്യവേനല്‍ അവധിക്കു ശേഷം പരിഗണിക്കുന്നതിനായി ഹര്‍ജി മാറ്റുകയും ചെയ്തു. ഒന്നര മാസത്തെ കാലയളവ് അന്വേഷണത്തെ ബാധിക്കുമെന്നു ചൂണ്ടിക്കാട്ടിയാണു കുടുംബം സുപ്രീംകോടതിയെ സമീപിച്ചത്.

കഴിഞ്ഞ ഫെബ്രുവരി 12നാണ് ഷുഹൈബ് കൊല്ലപ്പെട്ടത്. 90 ദിവസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കാനാകുമെന്നു മട്ടന്നൂര്‍ പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

