പെരുവണ്ണാമൂഴി റിസര്‍വോയറില്‍ ആനക്കുട്ടിയുടെ ജഡം കണ്ടെത്തി

പേരാമ്പ്ര: പെരുവണ്ണാമൂഴി റിസര്‍വോയറില്‍ ആനക്കുട്ടിയുടെ ജഡം കണ്ടെത്തി. പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ വക പേരാമ്പ്ര എസ്റ്റേറ്റില്‍ 10-ാം ബ്ലോക്കില്‍ പയ്യാനിക്കോട്ട ഭാഗത്ത് വ്യാഴാഴ്ച പുലര്‍ച്ചെ എസ്റ്റേറ്റില്‍ ടാപ്പിങ്ങിനെത്തിയ തൊഴിലാളികളാണ് ഉദ്ദേശം മൂന്നു മാസം പ്രായമുള്ള കൊമ്ബനാനക്കുട്ടിയുടെ ജഡം കണ്ടത്. സമീപത്തുതന്നെ കാവലായി രണ്ട് ആനകളും ഉണ്ടായിരുന്നു. കാട്ടാനക്കൂട്ടം റിസര്‍വോയറില്‍ വെള്ളംകുടിക്കാന്‍ എത്തിയപ്പോള്‍ ഒപ്പമുണ്ടായ ആനക്കുട്ടി ഡാമിലേക്ക് വീണു കാലുകളും തുമ്പിക്കൈയും ചെളിയില്‍ കുടുങ്ങിയതാണ് മരണകാരണം എന്നാണ് സംശയിക്കുന്നത്.
ആനക്കുട്ടിയുടെ ജഡത്തിനരികില്‍ നിന്ന് തള്ളയാന മാറിപ്പോവാന്‍ കൂട്ടാക്കാത്ത സാഹചര്യത്തില്‍ റിസര്‍വോയറിലൂടെ ബോട്ടിലെത്തിയാണ് വനംവകുപ്പ് അധികൃതര്‍ ജഡം വെള്ളത്തില്‍ നിന്ന് പൊക്കിയെടുത്ത് പെരുവണ്ണാമൂഴി റെയ്ഞ്ച് ഓഫീസില്‍ എത്തിച്ചത്. റെയ്ഞ്ച് ഓഫീസര്‍ ബി.ആര്‍. റുബിന്‍, മുതുകാട് സെക്ഷന്‍ ഫോറസ്റ്റര്‍ കെ. ഷാജു എന്നിവരുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ചക്കിട്ടപാറ മൃഗാശുപത്രിയിലെ ഡോ. സന്തോഷ് പോസ്റ്റുമോര്‍ട്ടം നടത്തി. പിന്നീട് റെയ്ഞ്ച് ഓഫീസ് പരിസരത്ത് ആനക്കുട്ടിയെ മറവുചെയ്തു.

