പരപുരുഷന്മാരുമായി തന്നിഷ്ടപ്രകാരം ജീവിക്കാനാണ് മകളെയും അച്ഛനമ്മമാരെയും ഇല്ലാതാക്കിയത്: സൗമ്യ

തലശേരി: പരപുരുഷന്മാരുമായി തന്നിഷ്ടപ്രകാരം ജീവിക്കാനാണ് മകളെയും അച്ഛനമ്മമാരെയും ഇല്ലാതാക്കിയതെന്ന് യുവതിയുടെ മൊഴി. പിണറായി പടന്നക്കരയില്‍ അച്ഛനമ്മമാര്‍ക്കും മകള്‍ക്കും ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കി കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ വണ്ണത്താന്‍വീട്ടില്‍ സൗമ്യയുടെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് കൊലപാതക കാരണം പൊലീസ് വെളിപ്പെടുത്തിയത്. തന്റെ അവിഹിതബന്ധങ്ങള്‍ക്ക് സൗകര്യമൊരുക്കുന്നതിനായി വീട്ടിലെ മൂന്നുപേര്‍ക്ക് വിഷം നല്‍കി കൊന്നതും പ്രതിയുടെ കുറ്റസമ്മത മൊഴിയും കേരളം ഞെട്ടലോടെയണ് കേള്‍ക്കുന്നത്.
പടന്നക്കരയിലെ വണ്ണത്താന്‍ വീട്ടില്‍ കുഞ്ഞിക്കണ്ണന്‍ (76), ഭാര്യ കമല (65), പേരക്കുട്ടി ഐശ്വര്യ കിഷോര്‍ (8) എന്നിവരെയാണ് വിഷംകലര്‍ന്ന ഭക്ഷണം നല്‍കി സൗമ്യ കൊലപ്പെടുത്തിയത്. മൂന്നു പേരുടെയും മരണകാരണവും രോഗലക്ഷണവും സമാനമായിരുന്നു. കോഴിക്കോട് റീജണല്‍ കെമിക്കല്‍ എക്സാമിനേഷന്‍ ലാബില്‍ കൊല്ലപ്പെട്ടവരുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധനാ റിപ്പോര്‍ട്ടില്‍ അലൂമിനിയം ഫോസ്ഫൈഡ് ശരീരത്തില്‍ കലര്‍ന്നതായി കണ്ടെത്തിയതായും റിപ്പോര്‍ട്ടിലുണ്ട്.

ഭര്‍ത്താവില്‍നിന്നുള്ള ക്രൂര മര്‍ദനവും തന്നെ ഈ നിലയിലേക്ക് എത്തിച്ചതിന് കാരണമായതായി ഇവര്‍ ചോദ്യംചെയ്യലില്‍ പറഞ്ഞു. കഴിഞ്ഞ 17ന് വൈകിട്ട് ഛര്‍ദിയെ തുടര്‍ന്നാണ് സൗമ്യയെ തലശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തന്നെ സംശയിക്കാതിരിക്കാനാണ് ഛര്‍ദി അഭിനയിച്ച് ആശുപത്രിയില്‍ ചികിത്സ തേടിയതെന്നും മൊഴിയിലുണ്ട്.ആശുപത്രിയില്‍ പ്രവേശിപ്പിച്ച സൗമ്യ രണ്ട് ദിവസത്തിനകം സുഖം പ്രാപിച്ചിരുന്നു. എന്നാല്‍, സൗമ്യയെ ആശുപത്രിയില്‍ തന്നെ കിടത്തി തെളിവുകള്‍ ശേഖരിച്ചശേഷം കസ്റ്റഡിയിലെടുക്കുകയായിരുന്നു പൊലീസ്. കുടുംബത്തിലെ മൂവരും മൂന്ന് ആശുപത്രിയിലാണ് മരിച്ചത്.

സംശയമുണ്ടാകാതിരിക്കാനാണ് ഓരോരുത്തരെയും ഓരോ ആശുപത്രികളില്‍ കൊണ്ടുപോയത്. അച്ഛനമ്മമാരെയും അവശേഷിക്കുന്ന ഏക മകളെയും വിഷം നല്‍കി കൊലപ്പെടുത്തുമ്ബോള്‍ ഒരിക്കലും പിടിക്കപ്പെടില്ലെന്ന ആത്മവിശ്വാസമായിരുന്നുസൗമ്യക്ക്. വീട്ടില്‍ ഓരോ മരണം നടക്കുമ്ബോഴും ഓരോ കാരണമായിരുന്നു നാട്ടുകാരോട് പറഞ്ഞത്. മകള്‍ മരിച്ചപ്പോള്‍ കിണറിലെ വെള്ളത്തില്‍ സംശയം പ്രകടിപ്പിച്ചു. അമ്മ മരിച്ചപ്പോള്‍ ഹൃദയാഘാതമെന്നായി. പകരുന്ന രോഗം ബാധിച്ചുള്ള മരണമാണെന്ന പ്രതീതി സൃഷ്ടിക്കാനും സാധിച്ചു.

അഞ്ച് വര്‍ഷത്തോളമായി സൗമ്യ തെറ്റായവഴിയിലായിരുന്നു. അച്ഛനും അമ്മയും മകളും എല്ലാം അറിഞ്ഞതോടെയാണ് അവരെ കൊലപ്പെടുത്താന്‍ പദ്ധതി തയാറാക്കിയത്. ഭക്ഷണത്തില്‍ വിഷം നല്‍കി അച്ഛനെയും അമ്മയെയും മകളെയും കൊലപ്പെടുത്തിയപ്പോഴും അവരുടെ മൃതദേഹത്തിന് മുന്നില്‍ നന്നായി അഭിനയിച്ച് നാട്ടുകാരുടെ കണ്ണില്‍ പൊടിയിടാനും ഒരു മടിയുമുണ്ടായില്ല.
