തൃശൂരിനെ പൂര പ്രപഞ്ചമാക്കുന്ന പൊടിപൂരത്തിന് തുടക്കമായി

തൃശൂര്‍: നിറങ്ങളുടെയും വാദ്യമേളങ്ങളുടെയും ആകാശപ്പൂരത്തിന്റെയും സംഗമവേദിയായി തൃശൂരിനെ പൂരപ്രപഞ്ചമാക്കുന്ന പൊടിപൂരത്തിന് തുടക്കമായി.രാവിലെ കണിമംഗലം ശാസ്‌താവ് എഴുന്നള്ളിയെത്തിയതോടെ ഘടകപൂരങ്ങള്‍ ഒന്നൊന്നായി വടക്കുനാഥന് മുന്നിലേക്ക് പ്രയാണം തുടങ്ങി. ബുധനാഴ്ച പുലര്‍ച്ചെ മുതല്‍ വ്യാഴാഴ്ച ഉച്ചവരെ 30 മണിക്കൂര്‍ അവിരാമമായ പൂരപ്രയാണമാണ്.
തിരുവമ്ബാടിയുടെ മഠത്തിലേക്ക് എഴുന്നള്ളിപ്പ് രാവിലെ ഏഴിനു തുടങ്ങി. മഠത്തില്‍നിന്നു വരവ് രാവിലെ 11.30 നാണ്. നടുവില്‍മഠം പന്തലില്‍ ആദ്യമായി ചെറിയ ചന്ദ്രശേഖരന്‍ കോലം വഹിക്കും. പഞ്ചവാദ്യത്തില്‍ കോങ്ങാട് മധുവിന് ഇത് രണ്ടാം പ്രമാണമാണ്. നായ്ക്കനാലില്‍ പഞ്ചവാദ്യം തീരുകലാശിച്ച് ഉച്ചക്ക് രണ്ടരയോടെ പാണ്ടിയുടെ പെരുക്കങ്ങള്‍ തുടങ്ങും. കിഴക്കൂട്ട് അനിയന്‍മാരാരുടെ എട്ടാമത് പ്രമാണത്തില്‍ ശ്രീമൂലസ്ഥാനത്ത് മേളപ്പെരുമഴയായി അഞ്ചരയോടെ കൊട്ടിക്കലാശിക്കും.

പകല്‍ 12ന് പാറമേക്കാവ് ക്ഷേത്രത്തില്‍ നിന്ന് 15 ആനപ്പുറത്താണ് എഴുന്നള്ളിപ്പ്. പാറമേക്കാവ് ശ്രീപത്മനാഭന്‍ 11-ാം വര്‍ഷവും തിടമ്ബേറ്റും. പെരുവനം കുട്ടന്‍മാരാരുടെ പ്രാമാണികത്വത്തിലുള്ള മേളഗോപുരങ്ങള്‍ ആസ്വദിക്കാന്‍ ആയിരങ്ങള്‍ എത്തിത്തുടങ്ങി. കിഴക്കേഗോപുരം വഴി മേളകലാശങ്ങള്‍ തീര്‍ത്ത് എഴുന്നള്ളിപ്പ് വടക്കുന്നാഥനിലേക്ക് മുന്നേറും. പകല്‍ 2.30ന് ഇലഞ്ഞിത്തറമേളത്തിന് സമാരംഭം. ഇലഞ്ഞിത്തറമേളവും ക്ഷേത്രമതിലിനു പുറത്തെ തിരുവമ്ബാടി മേളവും കലാശിച്ച് അഞ്ചരയോടെ ഇരുവിഭാഗത്തിന്റെയും തെക്കോട്ടിറക്കമാണ്. തിരുവമ്ബാടിയും പാറമേക്കാവും അഭിമുഖമായി അണിനിരക്കുന്നതോടെ വിണ്ണിലെ നിറങ്ങളുടെ നീരാട്ടായ കുടമാറ്റം തുടങ്ങും. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള പ്രമുഖര്‍ അതിഥികളാകും. രാത്രി 10.30ന് ആരംഭിക്കുന്ന പാറമേക്കാവിന്റെ പഞ്ചവാദ്യത്തിന് പരക്കാട് തങ്കപ്പന്‍ രണ്ടാം തവണയും പ്രാമാണികനാണ്. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നിനാണ് മുഖ്യ വെടിക്കെട്ട്. ഉച്ചക്ക് സമാന വെടിക്കെട്ടോടെ പൂരം ഉപചാരം ചൊല്ലും.

തിങ്കളാഴ്ച സാമ്ബിള്‍ വെടിക്കെട്ട് പൊട്ടിച്ചിതറിയതോടെ എല്ലാ വഴികളും തൃശൂരിലേക്ക് തുറന്നു. പൂരത്തലേന്ന് ഇന്നോളം കാണാത്ത ജനസഞ്ചയത്തെ സാക്ഷിയാക്കി നെയ്തലക്കാവ‌് ദേശക്കാര്‍ ആഘോഷമായി എഴുന്നള്ളിയെത്തി തൃശൂര്‍ പൂരത്തിന്റെ വിളംബരം നടത്തി. പെരുവനം കുട്ടന്‍മാരാര്‍ നയിച്ച പാണ്ടിമേളത്തിന്റെ അകമ്ബടിയോടെയാണ് നെയ്തലക്കാവ് ദേശം ശ്രീവടക്കുന്നാഥന്റെ തെക്കേഗോപുരം തുറന്നത്. അടച്ചിട്ടിരിക്കുന്ന തൈക്കേ ഗോപുരനട തുറന്ന് കോലമേന്തിയ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ പുറത്തു വന്നതോടെ ആയിരങ്ങള്‍ ആഹ്ലാദാരവം മുഴക്കി. രണ്ടു ദിവസത്തെ പൂരം മൂന്നു ദിവസമായി വളര്‍ന്നു എന്നതിന്റെ കൂടി പ്രഖ്യാപനമായി ചൊവ്വാഴ്ച തേക്കിന്‍കാട്ടിലേക്കുള്ള പൂരപ്രേമികളുടെ പ്രവാഹം.

ചൊവ്വാഴ്ച അര്‍ധ രാത്രി വരെ നീണ്ട തിരുവമ്ബാടി, പാറമേക്കാവ് വിഭാഗങ്ങളുടെ ചമയ പ്രദര്‍ശനം ആസ്വദിക്കാനും ആയിരങ്ങളെത്തി. വൈകിട്ട് തേക്കിന്‍കാട്ടില്‍ ആനകള്‍ അണിനിരന്ന് നീരാട്ടു നടത്തിയത് ആനക്കമ്ബക്കാര്‍ക്ക് ആഹ്ലാദം പകര്‍ന്നു. രാത്രിയില്‍ ദീപാലങ്കാരങ്ങളില്‍ തിളങ്ങിയ നായ്ക്കനാല്‍, നടുവിലാല്‍, മണികണ്ഠനാല്‍ പൂരപ്പന്തലുകളിലും തിരുവമ്ബാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലും പ്രദര്‍ശന നഗരിയിലും പതിനായിരങ്ങളെത്തി.
