സ്വന്തം മകളെയും മാതാപിതാക്കളെയും വിഷം നല്‍കി കൊലപ്പെടുത്തി: നാടിനെ ഞെട്ടിച്ച കൊലപാതകങ്ങളെക്കുറിച്ച് സൗമ്യയുടെ മൊഴി ഇങ്ങനെ

കണ്ണൂർ: അവിഹിത ബന്ധത്തിന് തടസ്സമാകുന്നതിനാല്‍ സ്വന്തം മകളെയും മാതാപിതാക്കളെയും വിഷം നല്‍കി കൊലപ്പെടുത്തിയതായി പിണറായി തുടര്‍ മരണ കേസില്‍ അറസ്റ്റിലായ സൗമ്യയുടെ കുറ്റ സമ്മതം.
പതിനൊന്നു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് സൗമ്യ കുറ്റ സമ്മതം നടത്തിയത്. ഇളയ മകള്‍ കീര്‍ത്തനയുടേത് സ്വാഭാവിക മരണം ആയിരുന്നുവെന്നും സൗമ്യ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി.

കണ്ണൂര്‍ പിണറായിലെ തുടര്‍ മരണങ്ങളില്‍ കുറ്റം സമ്മതിച്ചതിനെ തുടര്‍ന്ന് സൗമ്യയുടെ അറസ്റ്റ് രേഖഖപ്പെടുത്തി.മൂത്ത മകള്‍ ഒന്‍പതു വയസ്സുകാരി ഐശ്വര്യ, മാതാവ് കമല, പിതാവ് കുഞ്ഞി കണ്ണന്‍ എന്നിവരെ എലി വിഷം നല്‍കി കൊലപ്പെടുത്തി എന്നാണ് സൗമ്യ സമ്മതിച്ചത്.

ഐശ്വര്യക്ക് ചൊറിലും കമലയ്ക്ക് മീന്‍ കറിയിലും കുഞ്ഞിക്കണ്ണന് രസത്തിലും എലി വിഷം കലര്‍ത്തി നല്‍കി.മകള്‍ ഐശ്വര്യ യുടെ മരണത്തില്‍ ആര്‍ക്കും സംശയം തോന്നാത്തത് തുടര്‍ കൊലപാതകങ്ങള്‍ക്ക് പ്രേരണയായി. 2012 സെപ്റ്റംബര്‍ 7 ന് മരിച്ച ഇളയ മകള്‍ കീര്‍ത്ഥനയുടേത് സ്വാഭാവിക മരണമായിരുന്നു എന്നാണ് സൗമ്യയുടെ മൊഴി.

തലശ്ശേരി സഹകരണ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയാവേയാണ് സൗമ്യയെ പോലീസ് കസ്റ്റഡിയില്‍ എടുക്കുന്നത്. കുടുംബത്തിലെ നാല് പേരും ശര്‍ധി ബാധിച്ചാണ് മരിച്ചത്.
കമലയുടെയും കുഞ്ഞി കണ്ണന്റെയും പോസ്റ്റ് മോര്‍ട്ടം റിപോര്‍ട്ടില്‍ ശരീരത്തില്‍ അലുമിനിയം ഫോസ്ഫൈഡി ന്റെ അംശം കണ്ടെത്തിയതാണ് കേസ് അന്വേഷണത്തില്‍ നിര്‍ണായകമായത്.
