വെങ്ങളത്ത് കാറും ലോറിയും കൂട്ടിയിടിച്ച് കൊയിലാണ്ടി സ്വദേശികളായ രണ്ട് യുവാക്കൾ മരിച്ചു

കൊയിലാണ്ടി: വെങ്ങളം-രാമനാട്ടുകര ബൈപ്പാസില്‍ മലാപ്പറമ്പിനും വേങ്ങേരിക്കും ഇടയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് കാര്‍ യാത്രികരായ രണ്ട് യുവാക്കള്‍ മരിച്ചു. രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഉള്ളിയേരി കക്കഞ്ചേരി പാപ്പിനിശ്ശേരി അരുണ്‍ അനന്ത് (24), കൊയിലാണ്ടി മേലൂര്‍ അരങ്ങാടത്ത് കളരിക്കണ്ടി അതുല്‍ സജീവ് (24) എന്നിവരാണ് മരിച്ചത്.
അതുല്‍ സജീവിന്റെ ഇരട്ടസഹോദരന്‍ അശ്വിന്‍ സജീവ് (24), കൊയിലാണ്ടി തെക്കെ വളപ്പില്‍ തന്‍വീര്‍ (25) എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് അപകടം. കോഴിക്കോട്ടുനിന്ന് വടകര ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയാണ് കാറുമായി കൂട്ടിയിടിച്ചത്. രണ്ടുപേരെ ഓടിക്കൂടിയ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചു.

കാറിന്റെ പിന്‍ സീറ്റില്‍ കുടുങ്ങിക്കിടന്ന രണ്ടുപേരെ വെള്ളിമാട്കുന്നില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് സംഘമാണ് ഹൈഡ്രോളിക് കട്ടര്‍ ഉപയോഗിച്ച് ഡോര്‍ മുറിച്ചുമാറ്റി പുറത്തെടുത്തത്. അപ്പോഴേക്കും ഇതില്‍ ഒരു യുവാവ് മരിച്ചിരുന്നു.

മരിച്ച അരുണ്‍ അനന്തിന്റെ അച്ഛന്‍: അനന്തന്‍. അമ്മ: ലക്ഷ്മി. സഹോദരി അഞ്ജു അനന്ത്. തലശ്ശേരിയില്‍ പൂജാ സ്റ്റോര്‍ നടത്തുന്ന അരങ്ങാടത്ത് കളരിക്കണ്ടി സജീവന്റെയും ജയയുടെയും മകനാണ് മരിച്ച അതുല്‍ സജീവ്. ബെംഗളൂരുവില്‍ എന്‍ജിനീയറിങ് പഠനം കഴിഞ്ഞ് ജോലിയില്‍ കയറാനുള്ള തയ്യാറെടുപ്പിലായിരുന്നു. അര്‍ജുന്‍ മറ്റൊരു സഹോദരനാണ്.

ബെംഗളൂരുവിലേക്ക് പോകുന്ന കൂട്ടൂകാരനെ യാത്രയാക്കാന്‍ വേണ്ടിയാണ് നാലുപേരും കോഴിക്കോട്ടേക്ക് കാര്‍മാര്‍ഗം പോയതെന്നാണ് പറയപ്പെടുന്നത്. തന്‍വീറാണ് കാര്‍ ഓടിച്ചിരുന്നത്. തന്‍വീറിന്റെ സഹോദരിയുടെ വിവാഹത്തോടനുബന്ധിച്ച് വാടകയ്‌ക്കെടുത്ത കാറാണ് അപകടത്തില്‍പെട്ടത്. കൊടുവള്ളി സ്വദേശിയുടേതാണ് കാര്‍.
