മികച്ച കുറ്റാന്വേഷകനുള്ള പുരസ്ക്കാരം നാദാപുരം ഡിവൈ.എസ്.പി.ക്ക്

നാദാപുരം: മികച്ച കുറ്റാന്വേഷകനുള്ള ഡി.ജി.പി.യുടെ ബാഡ്ജ് ഓഫ് ഓണര്‍ പുരസ്ക്കാരം നാദാപുരം സബ് ഡിവിഷണല്‍ ഡിവൈ.എസ്.പി. വി.കെ.രാജുവിന് ലഭിച്ചു. തൃശ്ശൂര്‍ വെസ്റ്റ് സര്‍ക്കിള്‍ ഇന്‍സെപെക്ടര്‍ ആയിരിക്കെ മൂന്നര കിലോ സ്വര്‍ണ്ണം കവര്‍ന്ന കേസില്‍ കവര്‍ച്ചക്കാരെ അറസ്റ്റ് ചെയ്യുകയും കളവ് മുതലുകള്‍ കണ്ടെത്തുകയും ചെയ്തിരുന്നു. പ്രതികളെക്കുറിച്ച് യാതൊരു സൂചനയും ലഭ്യമല്ലാത്ത അവസ്ഥയില്‍ കുറ്റാന്വേഷണ മികവിലാണ് പ്രതികളെ കണ്ടെത്തിയത്.
ഇത് നാലാമത്തെ തവണയാണ് ബേഡ്ജ് ഓഫ് ഓണര്‍ പുരസ്കാരം ലഭിക്കുന്നത്. 2012, 2013, 2015 വര്‍ഷങ്ങളില്‍ ബാഡ്ജ് ഓഫ് ഓണര്‍ പുരസ്കാരങ്ങളും 2013ല്‍ മുഖ്യമന്ത്രിയുടെ പൊലീസ് മെഡലും ഇദ്ദേഹത്തിനു ലഭിച്ചിരുന്നു. കൂടാതെ 2012 ല്‍ ഏറണാകുളം വൈറ്റിലയില്‍ ഹൈവേ റോഡില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സത്യന്‍ കൊല ചെയ്യപ്പെട്ടതാണെന്ന് കണ്ടെത്തി പ്രതികളെ പിടികൂടിയതിനും 2013 ല്‍ തൃശ്ശൂര്‍ വെള്ളികുളങ്ങര റോസ്ലി വധക്കേസ്, അയ്യപ്പന്‍ വധക്കേസ്, തൃശ്ശൂര്‍ കാട്ടൂരില്‍ ആര്‍.എസ്.എസ്. പ്രവര്‍ത്തകന്റെ കൊലപാതകത്തിലെ യഥാര്‍ഥ പ്രതികളെ 15 വര്‍ഷത്തിന് ശേഷം അറസ്റ്റ് ചെയ്ത നടപടി എന്നിവക്കും പൊലീസ് മെഡലുകള്‍ ലഭിച്ചിട്ടുണ്ട്.

