കാടുകളുടെ സംരക്ഷണം ഉറപ്പാക്കാന്‍ ഇനി ഒമ്പത് വനിതാ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരും

കോഴിക്കോട്: ജില്ലയിലെ കാടുകളുടെ സംരക്ഷണം ഉറപ്പാക്കാന്‍ ഇനി ഒമ്പത് വനിതാ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരും. പരിശീലനം പൂര്‍ത്തിയാക്കിയ ഇവര്‍ വ്യാഴാഴ്ച ചുമതലയേറ്റു. ഇവര്‍ക്കൊപ്പം അഞ്ച് പുരുഷ ഉദ്യോഗസ്ഥരും ജോലിയില്‍ പ്രവേശിച്ചു. ഇത്രയും സ്ത്രീകള്‍ ഒന്നിച്ച് ചുമതലയേല്‍ക്കുന്നത് ജില്ലയില്‍ ആദ്യമായാണ്.
താമരശ്ശേരി, പെരുവണ്ണാമൂഴി, കുറ്റിയാടി വനമേഖലകളിലാണ് ഇവരുടെ സേവനം ഉണ്ടാവുക. വാളയാര്‍ ഫോറസ്റ്റ് സ്കൂളിലെ പരിശീലനം പൂര്‍ത്തിയാക്കിയ ശേഷമാണ് ഇവര്‍ കോഴിക്കോട്ടെത്തിയത്. 2017 ജൂലായ് മൂന്നുമുതല്‍ ആറുമാസമായിരുന്നു വാളയാറില്‍ പരിശീലനം.

കാടിന്റെ സുരക്ഷ ഉറപ്പാക്കാനാവശ്യമായ എല്ലാ ജോലികളും ഇവര്‍ ചെയ്യണം. വനത്തിനുള്ളിലെ പ്രശ്നങ്ങള്‍, വന്യജീവികള്‍ നാട്ടിലിറങ്ങിയാല്‍ സുരക്ഷ ഉറപ്പാക്കല്‍, കാട്ടുതീ അണയ്ക്കാനുള്ള നടപടികള്‍, വനത്തിലെ മരംമുറിക്കല്‍ തടയല്‍ എന്നിവയെല്ലാം ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരുടെ ചുമതലയാണ്.

ഇപ്പോള്‍ ചുമതലയേറ്റവരില്‍ ബി.ടെക് ഉള്‍പ്പെടെയുള്ള യോഗ്യതകളുള്ളവരുണ്ട്. ”ശാരീരിക പരിശീലനങ്ങളും ക്ലാസുമെല്ലാം ഉണ്ടായിരുന്നു വാളയാറില്‍. അവസാനമായി 12 കിലോമീറ്റര്‍ മാരത്തണും പരീക്ഷയും വിജയിച്ചു കഴിഞ്ഞാല്‍ മാത്രമാണ് നിയമനം ലഭിക്കുക. ഇനി തൃശ്ശൂര്‍ പോലീസ് അക്കാദമിയിലെ മൂന്നുമാസത്തെ പരിശീലനം ശേഷിക്കുന്നുണ്ട്”- പെണ്‍സംഘത്തിലെ അംഗമായ ശ്വേതാ പ്രസാദ് പറഞ്ഞു.

അപര്‍ണ ആനന്ദ്, ടി.എസ്.ശില്പ, സി.എം.ശ്രുതി, നീതു എസ്.തങ്കച്ചന്, ഭവ്യ ഭാസ്കര്‍, വിജില, ഉമ്മു ഷബീബ, ഷൈനി എന്നിവരാണ് മറ്റുള്ളവര്‍. വയനാട്, തിരുവനന്തപുരം ജില്ലകളില്‍ നിന്നുള്ള രണ്ടുപേരൊഴിച്ച് മറ്റുള്ളവര്‍ കോഴിക്കോട്ടുകാരാണ്. ഏതാനും മാസങ്ങളായി ജില്ലയില്‍ അഞ്ച് വനിതകള്‍ ജോലിചെയ്യുന്നുണ്ട്. എന്നാല്‍, ഇവരുടെ പരിശീലനം കഴിഞ്ഞിട്ടില്ല. അര്ജുന് രാജ്, ബിനോയ്, അമൃത്, മുസ്ബിന്‍, ശ്രീനാഥ് എന്നിവരാണ് ചുമതലയേറ്റ മറ്റുള്ളവര്‍.
