വേമ്പനാട്ട് കായലില്‍ സിപിഐ പ്രവര്‍ത്തകര്‍ ശുചീകരണ ത്തിനിറങ്ങി

ആലപ്പുഴ: മാലിന്യം കുമിഞ്ഞ് കൂടിയ വേമ്പനാട്ട് കായലില്‍ സിപിഐ പ്രവര്‍ത്തകര്‍ ശുചീകരണത്തിനിറങ്ങി. എറണാകുളം ജില്ലാ സമ്മേളനത്തിന് മുന്നോടിയായിട്ടായിരുന്നു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കായല്‍ ശുചീകരണം നടത്തിയത്.
എറണാകുളം ഉദയം പേരൂര്‍ തേരേയ്ക്കല്‍ മുതല്‍ കുറുപ്പനേഴ് കടവ് വരെ 12 കിലോ മീറ്റര്‍ ദൂരത്തിലുള്ള പ്ലാസ്റ്റിക് മാലിന്യങ്ങളാണ് സിപിഐ പ്രവര്‍ത്തകര്‍ വൃത്തിയാക്കിയത്. ജില്ലാ സെക്രട്ടറി പി രാജുവിന്റെ നേതൃത്വത്തില്‍ നൂറ്റിയമ്പതോളം പ്രവര്‍ത്തകര്‍ ചേര്‍ന്നായിരുന്നു ശുചീകരണം. നിരവധി വഞ്ചികളിലായി പ്ലാസ്റ്റിക് മാലിന്യങ്ങളുടെ വലിയൊരു കൂന തന്നെ പ്രവര്‍ത്തകര്‍ കരയ്ക്ക് എത്തിച്ചു. കഴിഞ്ഞ മാര്‍ച്ചില്‍ കൊടുങ്ങല്ലൂര്‍ കോട്ടപ്പുറം മുതല്‍ കാനോലി കനാല്‍ വരെ സിപിഐ പ്രവര്‍ത്തകര്‍ ശുചിയാക്കിയിരുന്നു.

ഫെബ്രുവരി ഒന്ന് മുതല്‍ നാല് വരെയാണ് സിപിഐയുടെ എറണാകുളം ജില്ല സമ്മേളനം. തൃപ്പൂണിത്തുറയില്‍ ചേരുന്ന സമ്മേളനത്തില്‍ കാനം രാജേന്ദ്രന്, പന്ന്യന്‍ രവീന്ദ്രന് തുടങ്ങിയവര്‍ പങ്കെടുക്കും. ഫെബ്രുവരി രണ്ടിന് ഭരണപരിഷ്കാര കമ്മീഷന് അധ്യക്ഷന്‍ വിഎസ് അച്യുതാനന്ദനും സമ്മേളനത്തിനെത്തും.

