ഹോം ഷോപ്പ് പദ്ധതിയെ കുറിച്ച് പഠിക്കാൻ ബീഹാറിൽ നിന്നും പഠനസംഘം കൊയിലാണ്ടിയിലെത്തി

കൊയിലാണ്ടി: കൊയിലാണ്ടിയുടെ മണ്ണിൽ ആരംഭിച്ച് വിജയ കൊടി പാറിച്ച കുടുംബശ്രീ ഹോം ഷോപ്പ് പദ്ധതിയെ കുറിച്ച് പഠിക്കാൻ ബീഹാറിൽ നിന്നും പഠനസംഘം കൊയിലാണ്ടിയിലെത്തി. പാറ്റ്നയിലെ ഡവലപ്പ്മെന്റ് മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രൊഫ. കെ. വി. രാജു, അസിസ്റ്റന്റ് പ്രൊഫസർമാരായ ഗീതിക വർഷനേഴ, ജയകൃതിക ഓജ എന്നിവരാണ് പഠനസംഘത്തിലുണ്ടായിരുന്നത്.
ഹോം ഷോപ്പ് പദ്ധതിയുടെ ഹെഡ് ഓഫീസ്, ഉൽപ്പാദന യൂണിറ്റുകൾ, ഹോം ഷോപ്പ് ഓണർമാരുടെ വീടുകൾ, ഇവർ സന്ദർശിച്ചു. കുടുംബശ്രീ കോഴിക്കോട് ജില്ലാ മിഷനിലെ പ്രോഗ്രാം മാനേജർ അമുദ സപര്യ, ബ്ലോക്ക് കോ- ഓർഡിനേറ്റർ പ്രഷിത എന്നിവർ സംഘത്തെ അനുഗമിച്ചു. ദേശീയ റിസോഴ്സ് ഓർഗനൈസേഷന്റെ ഭാഗമായി ദേശീയ തലത്തിലേക്ക് പദ്ധതി വ്യാപിപ്പിക്കാനാണ് ലക്ഷ്യമെന്ന് പ്രൊഫ കെ.വി. രാജു പറഞ്ഞു.

25 ഹോം ഷോപ്പ് ഓണർമാരും, ഒമ്പത് ഉൽപ്പന്നവുമായാണ് 2010ൽ കൊയിലാണ്ടിയിൽ പദ്ധതി ആരംഭിച്ചത്. ഏഴ് വർഷത്തിനുശേഷം 36 ഉൽപ്പാദക യൂണിറ്റുകളും, 58 വ്യത്യസ്ത ഉൽപ്പന്നങ്ങളുമായി പദ്ധതി മുന്നേറുകയാണ്. ഈ പദ്ധതിയിലൂടെ 750 ഓളം കുടുംബങ്ങൾക്ക് സ്ഥിരം വിപണി സൃഷ്ടിച്ചു ഗുണനിലവാരവും, പാക്കിംങ്ങും മെച്ചപ്പെടുത്താൻ സഹായിച്ചുമാണ് വിപണി കണ്ടെത്തിയത്. ഹോം ഷോപ്പ് പദ്ധതി ഹെഡ് ഓഫീസിൽ നടന്ന സ്വീകരണ പരിപാടിയിൽ സി. ഇ. ഒ. പ്രസാദ് കൈതക്കൽ, ഫിനാൻസ് മാനേജർ, കെ. സതീശൻ, ഖാദർ വെള്ളിയൂർ എന്നിവർ നേതൃത്വം നൽകി.

