കാര്‍ രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ചെന്ന കേസില്‍ സുരേഷ് ഗോപിക്ക് മുൻകൂർ ജാമ്യം

കൊച്ചി: പോണ്ടിച്ചേരിയില്‍ കാര്‍ രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ചെന്ന കേസില്‍ നടന്‍ സുരേഷ് ഗോപി എം.പിയ്ക്ക് ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം ലഭിച്ചു. എല്ലാ ശനിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്ന ഉപാധിയോടെയാണ് കോടതി ജാമ്യം അനുവദിച്ചത്.
കേസുമായി ബന്ധപ്പെട്ട് നേരത്തെ സുരേഷ് ഗോപിയെ തിരുവനന്തപുരത്ത് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് ക്രൈംബ്രാഞ്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. സുരേഷ് ഗോപി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും ക്രൈംബ്രാഞ്ച് കോടതിയില്‍ അറിയിച്ചിരുന്നു.

അതേസമയം സുരേഷ് ഗോപി തന്റെ ഔഡി കാര്‍ ഇപ്പോഴും കേരളത്തില്‍ ഉപയോഗിക്കുന്നുവെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. കാര്‍ രജിസ്റ്റര്‍ ചെയ്ത പോണ്ടിച്ചേരിയിലെ വിലാസത്തില്‍ അന്വേഷിച്ചപ്പോഴാണ് ഇത് വ്യാജമാണെന്ന് മനസിലായത്. വാഹനത്തിന്റെ ശരിയായ രേഖകള്‍ ഹാജരാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് ആവശ്യപ്പെട്ടെങ്കിലും താരം ഹാജരാക്കിയിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്.

സുരേഷ് ഗോപിക്ക് പുറമെ ഫഹദ് ഫാസില്‍ അമല പോള്‍ എന്നിവരും പോണ്ടിച്ചേരിയില്‍ കാര്‍ രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ചതിന് നടപടി നേരിടുന്നുണ്ട്. ഫഹദ് ഫാസില്‍ നികുതി അടച്ച് കേസില്‍ നിന്നും തലയൂരി. എന്നാല്‍ അമല പോള്‍ യാതൊരു പ്രതികരണവും ഇതുവരെ നടത്തിയിട്ടില്ല. അതുകൊണ്ടുതന്നെ താരത്തിന് മുന്നറിയിപ്പ് നല്‍കിയിരിക്കയാണ്.

ആഡംബര കാറുകള്‍ രജിസ്റ്റര്‍ ചെയ്യുവാന്‍ കേരളത്തില്‍ പതിനാല് ലക്ഷം മുതല്‍ ഇരുപത് ലക്ഷം രൂപ നികുതി നല്‍കേണ്ടി വരുമ്ബോള്‍ പുതുച്ചേരിയില്‍ ഒന്നര ലക്ഷം രൂപ മാത്രം നല്‍കിയാല്‍ മതി. ഈ അവസരം മുതലെടുത്താണ് ആഡംബര വാഹനങ്ങള്‍ പോണ്ടിച്ചേരിയിലെ വ്യാജ വിലാസങ്ങളിലും മറ്റുള്ളവരുടെ വിലാസങ്ങളിലും രജിസ്റ്റര്‍ ചെയ്തത്.
മറ്റ് സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത് കേരളത്തിലെത്തിക്കുന്ന വാഹനം ഒരു വര്‍ഷത്തിനുള്ളില്‍ കേരളാ രജിസ്ട്രേഷന്‍ സ്വീകരിക്കണമെന്നാണ് നിയമം.എന്നാല്‍ സുരേഷ് ഗോപി അടക്കമുള്ള താരങ്ങള്‍ വന്‍ തുക നല്‍കേണ്ടി വരുമെന്നതിനെ തുടര്‍ന്ന് അതിന് തയ്യാറായില്ല.
