സിപിഐ (എം) ജില്ലാ സമ്മേളനം: പൊതു ചർച്ച പൂർത്തിയായി

കൊയിലാണ്ടി: സി.പിഐ (എം) ജില്ലാ സമ്മേളനത്തിൽ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിനെ കേന്ദ്രീകരിച്ചുള്ള ചർച്ച പൂർത്തിയായി. കഴിഞ്ഞ മൂന്ന് വർഷക്കാലത്തെ പ്രവർത്തനങ്ങളെ വിശദമായി പരിശോധിക്കുകയും പാർടി വളർച്ചക്കാവശ്യമായ നിർദ്ദേശങ്ങൾ മുന്നോട്ടുവെക്കുന്നതുമായിരുന്നു ചർച്ചയെന്ന് നേതാക്കൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇപ്പോൾ പൊതു ചർച്ചക്കുള്ള മറുപടി ആരംഭിച്ചിരിക്കുകയാണ്. രാത്രി 8 മണിയോടുകൂടി ചർച്ച പൂർത്തിയാകുമെന്ന് നേതാക്കൾ പറഞ്ഞു.
ഇന്ന് വിവിധ ഏരിയകളെ പ്രതിനിധീകരിച്ച് 53 പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തു. ബാബു പറശ്ശേരി (കോഴിക്കോട് സൗത്ത്), എൻ.രാജേഷ് (കക്കോടി), ടി.പി.ഗോപാലൻ മാസ്റ്റർ (വടകര), എം.കെ.ഗീത (ഫറേക്ക്), സി.എച്ച്.ബാലകൃഷ്ണൻ (നാദാപുരം), കെ.ജമീല (താമരശ്ശേരി), ടി.പി.ബിനീഷ് (ഒഞ്ചിയം), ലിന്റോ ജോസഫ് (തിരുവമ്പാടി), ജാനമ്മ കുഞ്ഞുണ്ണി (കോഴിക്കോട് ടൗൺ.), എം.കുഞ്ഞമ്മദ് (പേരാമ്പ്ര), എ.എം.റഷീദ് കുന്നുമ്മൽ), എ.കെ.മണി (ബാലുശ്ശേരി), എ.കെ.രമേശ് (കോഴിക്കോട് നോർത്ത്), ടി.ഷീബ (പയ്യോളി), എം.ധർമ്മജൻ (കുന്ദമംഗലം), കെ.കെ.മുഹമ്മദ് (കൊയിലാണ്ടി), ഷിജിത്ത്.പി.കെ (കോഴിക്കോട് സൗത്ത്), കെ.കെ.സി.പിള്ള (കേളുഏട്ടൻ പഠനകേന്ദ്രം), സുജ അശോകൻ (കക്കോടി), പി.കെ.സജിത (വടകര) തുടങ്ങിയവർ ആധ്യഘട്ടത്തിൽ ചർച്ചയിൽ പങ്കെടുത്തു.

വർഗീയതക്കും മതതീവ്രവാദത്തിനുമെതിരെ മതനിരപേക്ഷ പാരമ്പര്യം ഉയർത്തിപ്പിടിക്കുക, തൊഴിലില്ലായ്മ സൃഷ്ടിക്കുന്ന നയങ്ങൾ തിരുത്തുക, 2017 ലെ മോേട്ടാർവാഹന നിയമഭേദഗതി പിൻവലിക്കുക, മോഡി സർക്കാരിന്റെ രാജ്യദ്രോഹ ജനദ്രോഹ നയങ്ങൾക്കെതിരെ അണിനിരക്കുക, കോഴിക്കോട് ജില്ലയിലെ കാർഷികപ്രശ്‌നങ്ങൾ പരിഹരിക്കുക, മഹാരാഷ്ട്രയിലെ ദളിതുകൾക്കുനേരെ നടന്ന പോലീസ് വെടിവെപ്പിലും ആർ.എസ്.എസ് അക്രമങ്ങളിലും പ്രതിഷേധിക്കുക, സ്ത്രീകൾക്കെതിരായ അടിച്ചമർത്തലിനെതിരെ അണിനിരക്കുക തുടങ്ങിയ പ്രമേയങ്ങൾ അംഗീകരിച്ചു.

കഴിഞ്ഞ മൂന്ന് വർഷക്കാലത്തിനിടയിൽ പാർടി മെമ്പർഷിപ്പിലും ബഹുജന സ്വാധീനത്തിലും ജില്ലയിൽ ഗണനീയമായ വളർച്ച ഉണ്ടായിട്ടുണ്ട്. സംഘടനാരംഗത്തും ഈ വളർച്ച പ്രകടമാണ്. പാർടി അംഗത്വം 2014-ൽ 30292 ആയിരുന്നുവെങ്കിൽ ഇപ്പോൾ അത് 39267 ആയി വർദ്ധിച്ചിട്ടുണ്ട്. 21-ാം പാർടി കോൺഗ്രസിന്റെ സമയത്ത് 2488 ബ്രാഞ്ചുകളായിരുന്നു ഉണ്ടായിരുത്. എന്നാൽ ഇപ്പോൾ അത് 3243 ആയി വർദ്ധിച്ചു. ലോക്കൽ കമ്മറ്റികൾ 155 ആയിരുന്നത് 201 ആയിവർദ്ധിച്ചു. മറ്റ് പാർടികളിൽ നിന്ന് 7760 പേർ ഈ സമ്മേളന കാലയളവിൽ രാജിവെച്ച് പാർടിയുമായി ബന്ധപ്പെട്ടിട്ടുണ്ട്.

മൂന്ന് വർഷക്കാലത്തെ നേട്ടങ്ങളെയും ദൗർബല്യങ്ങളെയും പ്രതിനിധികൾ ആഴത്തിൽ തന്നെ പരിശോധിച്ച് പുതിയ സാഹചര്യമാവശ്യപ്പെടുന്ന രാഷ്ട്രീയവും സംഘടനാപരവുമായ വെല്ലുവിളികൾ ഏറ്റെടുക്കാൻ കഴിയു രീതിയിൽ പാർടിയെ മാറ്റുന്നതിന് സഹായകരമാകുന്ന നിലയിലാണ് സമ്മേളന നടപടികൾ മുന്നോട്ട് നീങ്ങുന്നതെന്ന് നേതാക്കൾ പറഞ്ഞു.
വാർത്താ സമ്മേളനത്തിൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ കെ. പി. കുഞ്ഞമ്മദ്കുട്ടി, പി. വിശ്വൻ മാസ്റ്റർ, കെ. ദാസൻ എം. എൽ. എ. എന്നിവർ പങ്കെടുത്തു.
