ഓഖി ദുരന്തം: കടലില്‍ നിന്ന് കണ്ടെടുത്ത ഒരു മൃതദേഹം തിരിച്ചറിഞ്ഞു

കോഴിക്കോട്: ഓഖി ചുഴലിക്കൊടുങ്കാറ്റില്‍ കടലില്‍ നിന്ന് കണ്ടെടുത്ത ഒരു മൃതദേഹം തിരിച്ചറിഞ്ഞു. വിഴിഞ്ഞം ചൊവ്വര അടിമലത്തുറ സുനില്‍ നിവാസില്‍ സ്റ്റെല്ലസിന്റെ(45) മൃതദേഹമാണ് തിരച്ചറിഞ്ഞത്. തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്നോളജിയില്‍ നടത്തിയ ഡിഎന്‍എ പരിശോധനയിലാണ് സ്റ്റെല്ലസിന്റെ ഡിഎന്‍എയുമായി മകന്‍ സുനിലിന്റെ ഡിഎന്‍എയുമായി സാമ്യത കണ്ടെത്തിയത്.
കഴിഞ്ഞ 12 ന് ബേപ്പൂരില്‍ നിന്ന് ആറു നോട്ടിക്കല്‍ മൈല്‍ അകലെ കടലില്‍ നിന്ന് തീരദേശ പൊലീസാണ് സ്റ്റെല്ലസിന്റെ മൃതദേഹം കണ്ടെത്തിയത്. ഇന്ന് തിരുവനന്തപുരത്ത് നിന്നു ബന്ധുക്കള്‍ എത്തിയാല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ വിട്ടു നല്‍കുമെന്ന് തീരദേശ പൊലീസ് അറിയിച്ചു.

ഓഖി ചുഴലിക്കൊടുങ്കാറ്റില്‍പെട്ട് കോഴിക്കോട്ട് കണ്ടെത്തിയ മൃതദേഹങ്ങളില്‍ തിരിച്ചറിയുന്ന ആദ്യത്തെ മൃതദേഹമാണ് സ്റ്റെല്ലസിന്റേത്. 22 മൃതദേഹങ്ങളാണ് ആകെ കോഴിക്കോടുള്ളത്. ഇന്നലെ ലക്ഷ ദ്വീപില്‍ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെടുത്തതോടെ മരിച്ചവരുടെ എണ്ണം 73 ആയി.

