പെന്‍ഷന്‍ പ്രായ വര്‍ദ്ധനവിന് എതിരെ പ്രതിഷേധവും സൂചനാ പണിമുടക്കും നടത്തി

കോഴിക്കോട്: ആരോഗ്യ മേഖലയിലെ അശാസ്ത്രീയമായ പെന്‍ഷന്‍ പ്രായ വര്‍ദ്ധനവിന് എതിരെ മെഡിക്കല്‍ മെഡിക്കല്‍ കേരള മെഡിക്കോസ് ജോയിന്‍റ് ആക്ഷന്‍ കൗൺസിലിന്റെ ആഭിമുഖ്യത്തില്‍ പ്രതിഷേധവും 24 മണിക്കൂര്‍ സൂചനാ പണിമുടക്കും നടത്തി. സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ചര്‍ച്ചകളോ അനുഭാവപൂര്‍ണമായ തീരുമാനങ്ങളോ ഉണ്ടാകാത്ത സാഹചര്യത്തിലാണ് പണിമുടക്കുമായി മുന്നോട്ടു പോകുന്നത് എന്ന് അസോസിയേഷന്‍ അറിയിച്ചു. പഠിപ്പ് മുടക്കിക്കൊണ്ട് MBBS വിദ്യാര്‍ത്ഥികളും ഡ്യൂട്ടിയില്‍ നിന്ന് വിട്ട് നിന്ന് കൊണ്ട് ജൂനിയര്‍ സീനിയര്‍ റെസിഡന്റ് ഡോക്ടര്‍മാരുമടങ്ങുന്ന പിജി വിദ്യാര്‍ഥികളും ഹൗസ് സര്‍ജന്‍സും BDS MDS അടങ്ങുന്ന ഡെന്റല്‍ ഡോക്ടര്‍മാരും സമരത്തില്‍ പങ്കെടുത്തു.
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മാത്രം നൂറിലേറെ ഡോക്ടര്‍മാരാണ് സമരത്തില്‍ അണിചേര്‍ന്നത്. രാവിലെ 9.30ന് തുടങ്ങിയ പ്രതിഷേധറാലിക്ക് ശേഷം KMJAC -യെ പ്രതിനിധീകരിച്ച് ഡോ.രാജീവ്, ഡോ. ആനന്ദ് കൃഷ്ണന്‍, PG അസോസിയേഷന്‍ പ്രസിഡന്റ് ഡോ. റിസ്വാന്‍, ഹൗസ് സര്‍ജന്‍സ് അസോസിയേഷന്‍ സെക്രട്ടറി ഡോ. ഗോകുല്‍നാഥ് എന്നിവര്‍ സംസാരിച്ചു.

പെന്‍ഷന്‍പ്രായ വര്‍ധനവ് പിന്‍വലിക്കുക, മെഡിക്കല്‍ കോളേജുകളിലെ അംഗീകാരം നഷ്ടപ്പെടുന്നത് തടയാന്‍ അടിയന്തരമായി ഒഴിഞ്ഞു കിടക്കുന്ന എന്ററി കേഡര്‍ തസ്തികകളിലേക്ക് നിയമനം നടത്തുക,കാലാ കാലങ്ങളായി വാഗ്ദാനം ചെയ്യപ്പെടുന്ന ഹെല്‍ത്ത് സര്‍വീസിലെയും മെഡിക്കല്‍ എഡ്യുക്കേഷന്‍ വിഭാഗത്തിലെയും പുതിയ തസ്തികകള്‍ വര്‍ധിച്ചുവരുന്ന യുവഡോക്ടര്‍മാരുടെ എണ്ണത്തിന് ആനുപാതികമായി സൃഷ്ടിക്കുക, കാലതാമസം നേരിടുന്ന നിലവിലെ PSC റാങ്ക്ലിസ്റ്റിലെ നിയമനങ്ങള്‍ എത്രയുംപെട്ടെന്ന് നടത്തി രോഗികളുടെയും ഡോക്ടര്‍മാരുടെയും ആവശ്യങ്ങള്‍ നടപ്പിലാക്കുക , ബോണ്ടുവിഷയത്തില്‍ വാഗ്ദാനം ചെയ്തതുപോല യുവഡോക്ടര്‍മാര്‍ക് ന്യായമായ തീരുമാനം എടുക്കുക എന്നീ ആവശ്യങ്ങളാണ് പ്രധാനമായും ഉന്നയിച്ചത്.

എമേര്‍ജന്‍സി സര്‍വീസുകളായ അത്യാഹിതവിഭാഗം, ഐ സിയൂകള്‍, ലേബര്‍ റൂം,എമേര്‍ജന്‍സി തീയേറ്ററുകള്‍ എന്നിവയെ ഒഴിവാക്കിയിരുന്നു. സര്‍ക്കാരിന്റെ ഭാഗത്ത് നിന്നു അനുകൂല നിലപാടുകളോ ചര്‍ച്ചകളോ ഉണ്ടായില്ലെങ്കില്‍ അനിശ്ചിതകാല പണിമുടക്കിലേക്ക് നീങ്ങാന്‍ തങ്ങള്‍ നിര്‍ബന്ധിതരാകുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

