KOYILANDY DIARY.COM

The Perfect News Portal

ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം വഴിതുറക്കുക മതപരമായ സംഘര്‍ഷങ്ങളിലേയ്ക്കെന്ന് ഇന്ത്യയിലെ ഫലസ്തീന്‍ അംബാസഡര്‍ അദ്നാല്‍ അബൂ അല്‍ഹൈജ

കോഴിക്കോട്: ജറുസെലം ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിച്ചുകൊണ്ടുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം വഴിതുറക്കുക മതപരമായ സംഘര്‍ഷങ്ങളിലേയ്ക്കെന്ന് ഇന്ത്യയിലെ ഫലസ്തീന്‍ അംബാസഡര്‍ അദ്നാല്‍ അബൂ അല്‍ഹൈജ. നേരത്തെ രാഷ്ട്രീയ പ്രശ്നങ്ങളായിരുന്നു ഇരു രാജ്യങ്ങള്‍ക്കും ഇടയില്‍ ഉണ്ടായിരുന്നത്. ഇതാണ് മതപരമായ സംഘര്‍ഷങ്ങളിലേക്ക് നീളാന്‍ പോവുന്നത്. ഇക്കാര്യങ്ങള്‍ നേരത്തെ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. ഫലസ്തീനിന്റെ ചരിത്രവും സംസ്കാരവുമെല്ലാം തകര്‍ക്കുന്ന നീക്കമാണ് ഇപ്പോള്‍ ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കന്‍ ധാര്‍ഷ്ട്യത്തിനെതിരെ, ഫലസ്തീനൊപ്പം മാനവികതക്കൊപ്പം എന്ന പ്രമേയത്തില്‍ മുസ്ലിം യൂത്ത് ലീഗ് കോഴിക്കോട്ട് സംഘടിപ്പിച്ച യൂത്ത് മൂവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജറുസെലം ഇസ്രായേല്‍ തലസ്ഥാനമാക്കിയുള്ള പ്രഖ്യാപനം കേവലം മുസ്ലിംകളുടെ പ്രശ്നമല്ലെന്നും ലോകമന:സാക്ഷിയുടെ പ്രശ്നമാണെന്നും മുഖ്യാതിഥിയായ മുന്‍ ഇന്ത്യന്‍ അംബാസഡര്‍ ടി.പി ശ്രീനിവാസന്‍ പറഞ്ഞു. ചിന്തിക്കാതെ ചെയ്ത പല കാര്യങ്ങളില്‍നിന്നും ട്രംപിന് അവസാനം പിന്‍മാറേണ്ടി വന്നിട്ടുണ്ട്. ഫലസ്തീന്റെ അസ്തിത്വത്തെപ്പോലും ബാധിക്കുന്നതാണ് പുതിയ വെല്ലുവിളി. അമേരിക്കയുടെ വെല്ലുവിളിയെ സമാധാനപരമായി നേരിടാന്‍ എല്ലാ രാജ്യങ്ങളും ഒന്നിച്ചുനില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ ചടങ്ങില്‍ അധ്യക്ഷനായിരുന്നു. ടി.എ അഹമ്മദ് കബീര്‍ എംഎല്‍എ, യൂത്ത് ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ഉമര്‍ പാണ്ടികശാല, എംഎസ്‌എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍, യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്, സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം തുടങ്ങിയവര്‍ സംസാരിച്ചു.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *