കള്ളനോട്ട് പിടികൂടിയ സംഭവം: അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സിയ്ക്ക് കൈമാറാന്‍ സാധ്യത

വടകര: ദുരൂഹ സാഹചര്യത്തില്‍ കാണാതായ ഓര്‍ക്കാട്ടേരിയിലെ മൊബൈല്‍ ഷോപ്പ് ഉടമ, ജീവനക്കാരി എന്നിവരില്‍ നിന്നും കള്ളനോട്ടുകളും, വ്യാജ ലോട്ടറി ടിക്കറ്റുകളും, മാധ്യമ സ്ഥാപനത്തിന്റെയും തിരിച്ചറിയല്‍ കാര്‍ഡുകളും പിടിച്ചെടുത്ത സംഭവത്തില്‍ പ്രതികളെ പോലീസ് കസ്റ്റഡിയില്‍ ലഭിയ്ക്കുന്ന മുറയ്ക്ക് കൂടുതല്‍ വിവരങ്ങള്‍ വെളിവാകുമെന്ന് കോഴിക്കോട് റൂറല്‍ എസ്.പി.എം.കെ. പുഷ്ക്കരന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കൂടുതല്‍ ചോദ്യം ചെയ്യാനായി കോടതിയില്‍ കസ്റ്റഡി അപേക്ഷ സമര്‍പ്പിച്ചിരിക്കയാണ്.
കള്ള നോട്ട് കേസില്‍ പിടിയിലായ വൈക്കിലശ്ശേരിയിലെ മുഹമ്മദ് അംജാദ് അജു വര്‍ഗീസ് എന്ന വ്യാജ പേരിലും മീഡിയ വണ്‍ ചാനലിന്റെയും,അജ്മല്‍.പി.കെ എന്ന പേരില്‍ കേരള പോലീസ് ക്രൈം സ്ക്വാഡ് എന്ന പേരിലും, ഒഞ്ചിയത്തെ മനയ്ക്കല്‍ പ്രവീണ സംഗീത മേനോന് എന്ന പേരിലും മീഡിയ വണ്‍ ചാനലിന്റെ റിപ്പോര്‍ട്ടര്‍ എന്ന പേരിലും, വ്യാജ തിരിച്ചറിയല്‍ കാര്‍ഡുണ്ടാക്കി രാത്രി സമയങ്ങളില്‍ പിടിക്കപ്പെടാതിരിക്കാന്‍ ഇവ ഉപയോഗപ്പെടുത്തിയതായി എസ്.പി.പറഞ്ഞു.

എല്ലാ ആധുനിക സംവിധാനങ്ങളോടും കൂടിയുള്ള ആസൂത്രിത നീക്കമാണ് നടത്തിയത്. ഇവരുടെ തിരോധാനവുമായി ബന്ധപ്പെട്ട് ആദ്യഘട്ടത്തില്‍ ബംഗളുരു കേന്ദ്രീകരിച്ചാണ് അന്വേഷണം നടന്നത്. എന്നാല്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഇവരുടെ കേന്ദ്രം തിരിച്ചറിഞ്ഞതോടെയാണ് പിടികൂടാന്‍ കഴിഞ്ഞത്. തുടര്‍ന്ന് പോലീസ് നടത്തിയ റെയ്ഡില്‍ മൂന്ന് പ്രിന്റര്‍, രണ്ട് സ്കാനര്‍, ലാപ്ടോപ്പ്, കട്ടിങ് മെഷീന്, ടാബ്, പ്രിന്റിങ്ങിന് ഉപയോഗിക്കുന്ന പേപ്പര്‍, 100 രൂപയുടെ 156 കള്ള നോട്ടുകളും, 50 രൂപ, 20 രൂപ എന്നിവയുടെ വ്യാജ നോട്ടുകളുമാണ് റെയ്ഡില്‍ പിടിച്ചെടുത്തത്.

മൂന്ന് മാസം മുന്‍പാണ് കോഴിക്കോട് ജയില്‍ റോഡില്‍ സാംസണ് കമ്ബനിയുടെ സെയില്‍സ് മാനേജരാണെന്ന് പരിചയപ്പെടുത്തി വീട് വാടകയ്ക്കെടുത്തത്. കേസിന്റെ തുടരന്വേഷണം വടകര സി.ഐ.ടി. മധുസൂദനന് നായര്‍ക്കാണ്. ആവശ്യമാണെങ്കില്‍ ദേശീയ അന്വേഷണ ഏജന്‍സിയ്ക്ക് കേസ് കൈമാറുമെന്നും എസ്.പി.പറഞ്ഞു.

വാര്‍ത്ത സമ്മേളനത്തില്‍ ഡി.വൈ.എസ്.പി.ടി.പി.പ്രേമരാജന്‍, എടച്ചേരി എസ്.ഐ.കെ. പ്രദീപ്കുമാര്‍, അഡീഷണല്‍ എസ്.ഐ.കെ.സുധാകരന്, ക്രൈം സ്ക്വാഡ് അംഗങ്ങളായ എ.എസ്.ഐ.സി.എച്ച്.ഗംഗാധരന്, സീനിയര്‍ സി.പി.ഒ.കെ.പി.രാജീവന്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഷാജി, പ്രദീപന്, യൂസഫ് എന്നിവര്‍ പങ്കെടുത്തു.
