പേരാമ്പ്ര ബൈപ്പാസ് പദ്ധതി കിഫ്ബിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കും

പേരാമ്പ്ര: നഗരത്തിലെ ഗതാഗതക്കുരുക്കഴിക്കാന്‍ ലക്ഷ്യമിട്ട് നടപ്പാക്കുന്ന പേരാമ്പ്ര ബൈപ്പാസ് പദ്ധതി കിഫ്ബിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കും. ഇതിനായി വിശദമായ പദ്ധതിരേഖ (ഡി.പി.ആര്‍.) റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍ തയ്യാറാക്കി കിഫ്ബിക്ക് സമര്‍പ്പിച്ചു. കിഫ്ബിയുടെ ബോര്‍ഡ് യോഗം അംഗീകാരം നല്‍കി ടെന്‍ഡര്‍ നടക്കണം.
2008-ലാണ് ബൈപ്പാസ് നിര്‍മാണത്തിന് 11 കോടിയുടെ അനുമതിയായത്. സ്ഥലമേറ്റെടുക്കലിന് 3.95 കോടിയും നിര്‍മാണത്തിന് 7.3 കോടിയും അനുവദിച്ചു. സംസ്ഥാന പാതയിലെ കല്ലോടിനുസമീപം എല്‍.ഐ.സി.ക്കടുത്തുനിന്ന് തുടങ്ങി കക്കാട് പള്ളിക്കുസമീപം എത്തിച്ചേരുന്ന വിധത്തില്‍ 3.2 കിലോമീറ്റര്‍ നീളത്തില്‍ റോഡ് നിര്‍മിക്കാനായിരുന്നു പദ്ധതി. വെള്ളിയോടന്‍കണ്ടി റോഡ്, പൈതോത്ത് റോഡ്, ചെമ്പ്ര റോഡ് എന്നിവയ്ക്കു കുറുകെയാണ് ബൈപ്പാസ് കടന്നു പോകുന്നത്.

സര്‍വേ നടപടികള്‍ തുടങ്ങിയതോടെ വീട് നഷ്ടപ്പെടുന്നവരുടെ എതിര്‍പ്പുണ്ടായി. ബദല്‍ പ്ലാനുമായി കര്‍മസമിതി ഹൈക്കോടതിയെ സമീപിച്ചു. ബദല്‍ നിര്‍ദേശം പഠിച്ച ശേഷമേ ബൈപ്പാസ് നിര്‍മിക്കാവൂവെന്ന് 2009-ല്‍ ഹൈക്കോടതി വിധിയും വന്നു. തുടര്‍ന്ന് വീണ്ടും പഠനം നടത്തി മാറ്റങ്ങളോടെ പുതിയ പ്ലാന്‍ തയ്യാറാക്കുകയായിരുന്നു. 2.768 കിലോ മീറ്റര്‍ നീളത്തിലാണ് മാറ്റം വരുത്തിയ ബൈപ്പാസ് റോഡ്.

ഏറ്റെടുക്കേണ്ട സ്ഥലത്തില്‍ 3.68 ഹെക്ടര്‍ നിലമായതിനാല്‍ തണ്ണീര്‍ത്തട പരിശോധന നടക്കാനുണ്ടായിരുന്നു. ഇതിന് ഒന്നര വര്‍ഷത്തോളം കാലതാമസമുണ്ടായി. ഇതിനുശേഷം മന്ത്രി ടി.പി. രാമകൃഷ്ണന്റെ ഇടപെടലിനെ തുടര്‍ന്നാണ് കിഫ്ബിയില്‍ ഉള്‍പ്പെടുത്തി പ്രവൃത്തി നടത്താന്‍ തീരുമാനമായത്. സംസ്ഥാന ബജറ്റില്‍ രണ്ട് തവണയായി 30 കോടി രൂപ ബൈപ്പാസിനായി അനുവദിച്ചിട്ടുണ്ട്.

