നന്തി – ചെങ്ങോട്ടുകാവ് ബൈപ്പാസ് നിർമ്മാണം: സർവ്വെ തടഞ്ഞവരെ അറസ്റ്റ് ചെയ്ത് നീക്കി

കൊയിലാണ്ടി: നന്തി -ചെങ്ങോട്ടുകാവ് ബൈപ്പാസ് നിർമ്മാണത്തിന് ഭൂമി ഏറ്റെടുക്കുന്നതിന്റെ ഭാഗമായി ചെങ്ങോട്ടുകാവിൽ സർവ്വെ കല്ലുകൾ നാട്ടി. കോഴിക്കോട് ഡെപ്യൂട്ടി കലക്ടർ മോഹനൻ പിള്ളയുടെ നേതൃത്വത്തിലുള്ള റവന്യൂ വിഭാഗവും ദേശീയപാത അധികൃതരും ചേർന്നാണ് സർവ്വെ കല്ല് നാട്ടിയത്. ബൈപ്പാസ് നിർമ്മാണം അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് തടയാനെത്തിയ ബൈപ്പാസ് വിരുദ്ധ സമിതി പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത്
നീക്കിയതിനു ശേഷമാണ് കല്ലുകൾ പതിച്ചത്.
13 ദിവസം ഭൂമിയുടെ തരംതിരിവ് നടത്തി പ്രവർത്തനം അടുത്ത ഘട്ടത്തിലേക്ക് നീങ്ങും. കർമ്മസമിതി പ്രവർത്തകർ സർവ്വെ നടപടികൾ തടയുമെന്ന വിവരത്തെ തുടർന്ന് ഡി.വൈ.എസ്.പി പ്രേമരാജന്റെ നേതൃത്വത്തിൽ ശക്തമായ പോലീസ് സന്നാഹവും സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു. കർമ്മസമിതിയുടെ പേരിൽ ഏതാനും പേരാണ് തടയാനെത്തിയത്. റവന്യൂ അധികൃതർ ഇവരുമായി ചർച്ച നടത്തിയെങ്കിലും പിരിഞ്ഞ് പോകില്ലെന്ന് അറിയിച്ചതോടെയാണ് ഇവരെ അറസ്റ്റ് ചെയ്ത് നീക്കിയത്. ജില്ലാ അധികൃതരുമായി ചർച്ച നടത്തിയിരുന്നു. ഇവർ ഉന്നയിക്കുന്ന പരാതി ശരിയാണെങ്കിൽ പരാതിക്ക് പരിഹാരം കാണുമെന്നാണ് അധികൃതർ പറയുന്നത്.

