KOYILANDY DIARY.COM

The Perfect News Portal

റോഡു നവീകരണത്തിനിടയില്‍ മണ്ണിടിഞ്ഞ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

ഇരിട്ടി: തലശ്ശേരി വളവുപാറ റോഡു നവീകരണത്തിനിടയില്‍ മണ്ണിടിഞ്ഞ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. പശ്ചിമ ബംഗാള്‍ സ്വദേശി റൂബി മുര്‍മു(31)വാണ് മരിച്ചത്. മണ്ണിനടിയില്‍പെട്ട മൂന്ന് തൊഴിലാളികളെ മണ്ണ് നീക്കി രക്ഷപ്പെടുത്തി. പരിക്കേറ്റ മൂന്ന് പേരെയും കണ്ണൂരില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരിട്ടിക്കടുത്ത മാടത്തിലാണ് വ്യാഴാഴ്ച വൈകിട്ട് നാലോടെ മണ്ണിടിഞ്ഞത്. സെന്റ് സെബാസ്റ്യന്‍സ് പള്ളി മുറ്റത്തെ കൂറ്റന്‍ കൊടിമരവും മണ്ണിടിച്ചിലില്‍ ഒടിഞ്ഞ് റോഡിലേക്ക് വീണു. ബംഗാളിലെ ഗണേശ്പാണ്ഡെ (21), സോമനാഥ് ദാസ് (21), തൃശൂരിലെ എം പി അനൂപ് (31) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

മണ്ണിടിഞ്ഞുണ്ടായ അപകടത്തില്‍ മൂന്നു പേരെ രക്ഷപെടുത്തിയത് ഒന്നര മണിക്കൂര്‍ നീണ്ട രക്ഷാ പ്രവര്‍ത്തനത്തിനൊടുവില്‍.  പൂര്‍ണമായി 30 മീറ്റര്‍ താഴ്ചയില്‍ മണ്ണിനടിയില്‍പെട്ട രണ്ട് പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  നാട്ടുകാരും പൊലീസും ഫയര്‍ ഫോഴ്സും ഇകെകെ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ ജീവനക്കാരും ചേര്‍ന്നാണ് ഏറെ സാഹസപ്പെട്ട് മണ്ണിനടിയില്‍ പെട്ടവരെ കണ്ടെത്തി രക്ഷപ്പെടുത്തിയത്.

റോഡ് നിര്‍മാണചുമതലയുള്ള ഇകെകെ കണ്‍സ്ട്രക്ഷന്‍ കമ്പനി സബ് കോണ്‍ട്രാക്‌ട് കൊടുത്തവരുടെ തൊഴിലാളികളാണ് അപകടത്തില്‍പെട്ടത്. മണ്ണിനടിയില്‍ എത്ര പേര്‍ അകപ്പെട്ടുവെന്നതിന് വ്യക്തതയില്ലായിരുന്നു. തൊഴിലാളികളാകെ ഇതര സംസ്ഥാനക്കാരായതും അവ്യക്തത ഇരട്ടിപ്പിച്ചു. മൂന്ന് പേര്‍ മാത്രമെന്ന് തൊഴിലാളികളുടെ ചുമതലയുള്ള പിആര്‍ഒ മുഖേന സ്ഥിരീകരിച്ചു. മൂന്ന് പേരാണ് അപകടത്തില്‍പെട്ടതെന്ന് ഉറപ്പിച്ചു. കൂടുതല്‍ ആളുകള്‍ മണ്ണിനടിയില്‍ പെട്ടെന്ന ആശങ്കയില്‍ മണ്ണ് നീക്കാന്‍ ജെസിബി അധികം ഉപയോഗിച്ചില്ല. മണ്‍വെട്ടി ഉപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തന ഭാഗമായി മണ്ണ് നീക്കിയത്.

Advertisements

വളവും മണ്ണ് നീക്കിയതിനെ തുടര്‍ന്നുള്ള വീതിക്കുറവും അപകടമറിഞ്ഞ് തടിച്ചുകൂടിയവരുടെ തിരക്കും കാരണം ഇരിട്ടി കൂട്ടുപുഴ റൂട്ടില്‍ ഗതാഗതവും നിലച്ചു. പള്ളി പരിസരം കോണ്‍ക്രീറ്റ് സുരക്ഷാ ഭിത്തിയും മതിലും നിര്‍മ്മിച്ച്‌ മണ്ണിടിച്ചില്‍ തടയാനുള്ള പ്രവൃത്തി നടത്താനെത്തിയ തൊഴിലാളികളാണ് മണ്ണിടിഞ്ഞ് അപകടത്തിലായത്. പൈപ്പില്‍ കോണ്‍ക്രീറ്റ് നിറച്ച്‌ പള്ളിമുറ്റത്ത് സ്ഥാപിച്ച കൂറ്റന്‍ കൊടിമരമാണ് മണ്ണിടിച്ചിലിനൊപ്പം ഒടിഞ്ഞ് റോഡിലേക്ക് വീണത്. ആളുകളുടെ ദേഹത്ത് തട്ടാത്തതിനാല്‍ വന്‍ അപായം ഒഴിവായി.

പഞ്ചായത്ത് പ്രസിഡന്റ് എന്‍ അശോകന്‍, പി എന്‍ സുരേഷ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും ജനപ്രതിനിധികളുമായ ബിനോയ് കുര്യന്‍, കെ ശ്രീധരന്‍, അജയന്‍പായം, സണ്ണി ജോസഫ് എംഎല്‍എ, കെ ടി ജോസ്, കെ സജീവന്‍, പി പി അശോകന്‍, ഷൈജന്‍ജേക്കബ്ബ്, തോമസ് വര്‍ഗീസ്, എന്‍ രവീന്ദ്രന്‍ എന്നിവര്‍ സ്ഥലത്തെത്തി.

Share news

Leave a Reply

Your email address will not be published. Required fields are marked *