പത്ത് വയസ്സുകാരിയെ കാണാതായതോടെ നാട്ടുകാരും പൊലീസും മുള്‍മുനയിലായി

നെടുങ്കണ്ടം : നെടുങ്കണ്ടത്ത് പത്ത് വയസ്സുകാരിയെ കാണാതായതോടെ നാട്ടുകാരും പൊലീസും മുള്‍മുനയിലായി. എന്നാല്‍ സ്കൂളില്‍ പോകാന്‍ മടിയുണ്ടായിരുന്ന കുട്ടി ആരും കാണാതെ കുറ്റിക്കാട്ടില്‍ ഒളിക്കുകയായിരുന്നു. ദേവികുളം താലൂക്കില്‍ ഹര്‍ത്താല്‍ നടക്കുന്നതിനാല്‍ ഇന്നലെ അവധിയാണെന്നു വിദ്യാര്‍ഥിനി കഴിഞ്ഞ ദിവസം വീട്ടില്‍ പറഞ്ഞിരുന്നു. എന്നാല്‍ മാതാപിതാക്കള്‍ അന്വേഷിച്ചപ്പോള്‍ അവധിയില്ലെന്നു കണ്ടെത്തി. തുടര്‍ന്നു വിദ്യാര്‍ഥിനിയോടു സ്കൂളില്‍ പോകണമെന്നു പറഞ്ഞു. ഇതേത്തുടര്‍ന്നാണു കുറ്റിക്കാട്ടിലൊളിച്ചു നാട്ടുകാരെ മുഴുവന്‍ പരിഭ്രാന്തിയിലാക്കിയത്.
സ്കൂളില്‍ പോകാന്‍ മടിയായ പെണ്‍കുട്ടി ഇന്നലെ രാവിലെ വീട്ടില്‍ ആരുമില്ലാത്ത തക്കം നോക്കി പുറത്തിറങ്ങി സമീപത്തെ കുറ്റിക്കാട്ടില്‍ ഒളിച്ചിരിക്കുകയായിരുന്നു. കുട്ടിയെ കാണാതായതോടെ വീട്ടുകാര്‍ പരിഭ്രാന്തിയിലായി. പരിസരത്ത് അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്നു വിവരം സമീപവാസികളെ അറിയിച്ചു. പ്രദേശമാകെ തിരച്ചില്‍ നടത്തിയെങ്കിലും പെണ്‍കുട്ടിയെ കണ്ടെത്താനായില്ല.

വിവരമറിഞ്ഞു നെടുങ്കണ്ടം എസ്‌ഐ : ഇ.കെ.സോള്‍ജിമോന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും സ്ഥലത്തെത്തി. പൊലീസും പ്രദേശവാസികളും നടത്തിയ സംയുക്ത പരിശോധനയിലാണു കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്ന കുട്ടിയെ കണ്ടെത്തിയത്. രാവിലെ 6.30ന് ആരംഭിച്ച അന്വേഷണം അവസാനിച്ചത് 9.30ന് ആണ്.

