സ്വിസ് വിനോദസഞ്ചാരികള്‍ ആക്രമണത്തിന് ഇരയായ സംഭവത്തില്‍ 5 പേര് അറസ്റ്റില്‍

ഡല്‍ഹി: ആഗ്രയിലെ ഫത്തേപുര്‍ സിക്രിയില്‍ സ്വിറ്റ്സര്‍ലന്‍ഡില്‍ നിന്നുള്ള വിനോദസഞ്ചാരികള്‍ ആക്രമണത്തിന് ഇരയായ സംഭവത്തില്‍ അറസ്റ്റിലായത് പ്രായപൂര്‍ത്തിയാകാത്തവര്‍ ഉള്‍പ്പെട്ട അഞ്ചംഗസംഘം. രാജ്യത്തിനാകെ അപമാനമായ സംഭവം ദിവസങ്ങളോളം പൊലീസ് മൂടിവച്ചെങ്കിലും വാര്‍ത്ത പുറത്തുവന്നത് യുപി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയതിനുപിന്നാലെയാണ് അറസ്റ്റ്.
പ്രതികളില്‍ മൂന്നുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. ഫത്തേപുര്‍ സിക്രി സന്ദര്‍ശിക്കാനെത്തിയ സ്വിസ് സഞ്ചാരികളായ ക്വന്റിന്‍ ജെര്‍മി ക്ളര്‍ക്കും മാരി ഡ്രോസും ഞായറാഴ്ചയാണ് ആക്രമണത്തിന് ഇരയായത്. ഒരു സംഘം യുവാക്കള്‍ ഇവരെ അധിക്ഷേപിച്ച് സംസാരിക്കുകയും ഇവര്‍ക്കൊപ്പം ഫോട്ടോ എടുക്കാനും ശ്രമിച്ചു. തുടര്‍ന്ന് യുവതിയെ അപമാനിക്കാന്‍ ശ്രമിച്ചത് ചോദ്യംചെയ്തതോടെ കല്ലും കമ്ബും ഉപയോഗിച്ച് വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു.
ക്വന്റിന്‍ ജെര്‍മി ക്ളര്‍ക്കിന് ആക്രമണത്തില്‍ തലയില്‍ ഗുരുതര പരിക്കേറ്റിരുന്നെന്നും അത്യാഹിതവിഭാഗത്തില്‍ പ്രവേശിപ്പിച്ച് അടിയന്തരചികിത്സ നല്‍കിയെന്നും ഇരുവരെയും പ്രവേശിപ്പിച്ച ഡല്‍ഹി അപ്പോളോ ആശുപത്രിയിലെ ന്യൂറോ സര്ജന് ഡോ. രാജേന്ദ്രപ്രസാദ് പറഞ്ഞു. ക്ളര്‍ക്കിന്റെ കേള്‍വിക്ക് തകരാര്‍ സംഭവിച്ചിട്ടുണ്ടെന്നും അത് പരിഹരിക്കാന്‍ കഴിയുമോ എന്നത് ഉറപ്പാക്കാനായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

