KOYILANDY DIARY

The Perfect News Portal

ദീപാവലിക്ക് മധുരം നിറയ്ക്കാന്‍ അല്‍പ്പം വ്യത്യസ്തമായ വിഭവങ്ങള്‍ ഒരുക്കാം

ദീപാവലി, മധുരത്തിന്റെ ഉല്‍സവ കാലമാണ്. ഇത്തവണത്തെ ദീപാവലിക്ക് മധുരം നിറയ്ക്കാന്‍ അല്‍പ്പം വ്യത്യസ്തമായ വിഭവങ്ങള്‍ ഒരുക്കാം.

1. ബാദുഷ
ആവശ്യമുള്ള സാധനങ്ങള്‍
മൈദ – 1 കപ്പ്
ഉരുക്കിയ നെയ്യ് – 1 ടേബിള്‍ സ്പൂണ്‍
വെജിറ്റബിള്‍ ഓയില്‍ – 1 ടേബിള്‍ സ്പൂണ്‍
തൈര് – 1 ടേബിള്‍ സ്പൂണ്‍
ഉപ്പ് – 1 നുള്ള്
പഞ്ചസാര – 1/2 ടീസ്പൂണ്‍
കുക്കിംഗ് സോഡ – 1 1/8 ടീസ്പൂണ്‍
വെള്ളം – 1/4 കപ്പ്
പിസ്ത അരിഞ്ഞത് – കുറച്ച്‌(അലങ്കരിക്കാന്‍)
വെജിറ്റബിള്‍ ഓയില്‍ – 2 കപ്പ് (വറുക്കാന്‍)

പഞ്ചസാരപ്പാനി തയാറാക്കാന്‍
പഞ്ചസാര – 1/2 കപ്പ്
വെള്ളം – 3/4 കപ്പ്
നാരങ്ങാനീര് – 1/2 ടീസ്പൂണ്‍
ഏലയ്ക്കാപ്പൊടി – 1 നുള്ള്

Advertisements

തയാറാക്കുന്ന വിധം
ഒരു ബൗളിലേക്ക് ഉരുക്കിയ നെയ്യ്, കുക്കിംഗ് സോഡ, പഞ്ചസാര, ഉപ്പ്, തൈര് , വെജിറ്റബിള്‍ ഓയില്‍ ഇത്രയും എടുത്ത് നന്നായി അടിച്ച്‌ പേസ്റ്റ് പരുവത്തിലാക്കുക. ഇതിലേക്ക് മൈദ ചേര്‍ത്തിളക്കുക. ശേഷം വെള്ളവും ചേര്‍ത്ത് ചപ്പാത്തിമാവിന്റെ പരുവത്തില്‍ കുഴച്ചുവയ്ക്കുക. ഈ മാവ് ഒരു തുണികൊണ്ട് മൂടി 30 മിനിറ്റ് വയ്ക്കുക. ശേഷം മാവ് കുറേശ്ശെയായി എടുത്ത് ചെറുനാരങ്ങാവലിപ്പത്തില്‍ ഉരുട്ടിയെടുത്ത് നടുവിലൊരു കുഴിപോലെയുണ്ടാക്കി മാറ്റി വയ്ക്കുക.ഒരു പാനില്‍ പഞ്ചസാരയും വെള്ളവും എടുത്ത് പഞ്ചസാര അലിയുന്നതുവരെ ചൂടാക്കുക. (നൂല്‍ പരുവത്തിലാകുന്നതാണ് പാകം). ഇതിലേക്ക് നാരങ്ങാനീരും ഏലയ്ക്കാപ്പൊടിയും ചേര്‍ത്തിളക്കുക.ഒരു പാനില്‍ എണ്ണ ചൂടാക്കി പരത്തി വച്ചിരിക്കുന്ന ഉരുളകള്‍ ബ്രൗണ്‍ നിറമാകുന്നതുവരെ വറുത്തെടുക്കുക. എണ്ണയില്‍ നിന്നെടുത്ത് ചൂടോടെതന്നെ പഞ്ചസാരപാനിയിലേക്കിടുക. അഞ്ച് മിനിറ്റ് തണുക്കാന്‍ അനുവദിച്ചശേഷം വിളമ്ബാം.

2. കോക്കനട്ട് ബര്‍ഫി
ആവശ്യമുള്ള സാധനങ്ങള്‍
പാല്‍ – 4 കപ്പ്
തേങ്ങ ചിരകിയത് – 3 കപ്പ്
പഞ്ചസാരപ്പൊടി – 2 1/2 കപ്പ്
നെയ്യ് – 4 ടേബിള്‍ സ്പൂണ്‍ 1 ടേബിള്‍ സ്പൂണ്‍
പിസ്ത -അലങ്കരിക്കാന്‍

തയാറാക്കുന്ന വിധം
ഒരു വലിയ പാനില്‍ പാല്‍, പഞ്ചസാരപ്പൊടി, തേങ്ങ ഇവയെടുത്ത് ഇടത്തരം തീയില്‍ ചൂടാക്കുക. പാല്‍ തിളയ്ക്കുമ്ബോള്‍ തീകുറച്ചുവച്ച്‌ 15 മിനിറ്റുകൂടി തിളയ്ക്കാന്‍ അനുവദിക്കുക. ശേഷം തീ കൂട്ടിവച്ച്‌ വീ ണ്ടും തിളപ്പിക്കുക. ശേഷം തീ കുറച്ചുവച്ച്‌ 30 മിനിറ്റിന് ശേഷം നെയ്യൊഴിച്ച്‌ ഇളക്കി ചൂടാക്കുക. മിശ്രിതം കട്ടിയായി വെള്ളം അല്‍പ്പം പോലുമില്ലാതെ വറ്റിക്കഴിയുമ്ബോള്‍ അടുപ്പില്‍ നിന്നും ഇറക്കി വയ്ക്കാം.ഒരു ട്രേയില്‍ ഒരു ടേബിള്‍ സ്പൂണ്‍ നെയ്യ് പുരട്ടി കോക്കനട്ട് ബര്‍ഫി കൂട്ട് അതിലേക്ക് നിരത്തി ഒരു മണിക്കൂര്‍ തണുക്കാന്‍ അനുവദിക്കുക. മുറിച്ചെടുത്ത് വിളമ്ബാം. ഒരാഴ്ചയോളം ഫ്രിഡ്ജില്‍ സൂക്ഷിക്കാം.

3. മലായ് ലഡു
ആവശ്യമുള്ള സാധനങ്ങള്‍
പനീര്‍ – 250 ഗ്രാം(ഗ്രേറ്റ് ചെയ്തത്)
കണ്ടന്‍സ്ഡ് മില്‍ക്ക് – 400 ഗ്രാം
ഏലയ്ക്കാപ്പൊടി – 1/4 ടീസ്പൂണ്‍
അണ്ടിപ്പരിപ്പ് -4 എണ്ണം (അരിഞ്ഞെടുത്തത്)
നെയ്യ് – 1 ടേബിള്‍ സ്പൂണ്‍

തയാറാക്കുന്ന വിധം
ഒരു പാന്‍ അടുപ്പില്‍ വച്ച്‌ ചൂടാക്കി കണ്ടന്‍സ്ഡ് മില്‍ക്ക്, പനീര്‍ ഗ്രേറ്റ് ചെയ്തത് ഇവയെടുത്ത് ഇടത്തരം തീയില്‍ ചൂടാക്കുക. ഇതിലേക്ക് ഏലയ്ക്കാപ്പൊടി ചേര്‍ത്തിളക്കുക. മിശ്രിതം കട്ടിയാകുമ്ബോള്‍ അടുപ്പില്‍ നിന്നിറക്കി ചൂടാറാന്‍ വയ്ക്കാം. ശേഷം കൈയില്‍ അല്‍പ്പം നെയ്യ് പുരട്ടി കണ്ടന്‍സിഡ് മില്‍ക്ക് പനീര്‍കൂട്ട് കുറേശെ എടുത്ത് ചെറുനാരങ്ങാവലിപ്പത്തില്‍ ഉരുട്ടി വാക്സ് പേപ്പറില്‍ നിരത്തി വയ്ക്കുക. അണ്ടിപ്പരിപ്പ് മുകളില്‍ വച്ച്‌ അലങ്കരിക്കാം. നല്ല ചൂട് മാറിയ ശേഷം ഫ്രിഡ്ജില്‍ വച്ച്‌ തണുപ്പിച്ച്‌ വിളമ്ബാം.

4. പീനട്ട് ചിക്കി
ആവശ്യമുള്ള സാധനങ്ങള്‍
നിലക്കടല – 2 കപ്പ് (തൊലി കളഞ്ഞ് റോസ്റ്റ് ചെയ്തത്)
ശര്‍ക്കര ചീകിയത് – 1 1/4 കപ്പ്
നെയ്യ് – കുറച്ച്‌

തയാറാക്കുന്ന വിധം
ശര്‍ക്കര അടുപ്പില്‍ വച്ച്‌ ഉരുക്കി പാനിയാക്കിയ ശേഷം അരിപ്പയില്‍ അരിച്ചെടുക്കുക. അരിച്ചെടുത്ത ശര്‍ക്കര പാനി വീണ്ടും അടികട്ടിയുള്ള ഒരു പാത്രത്തിലൊഴിച്ച്‌ ചൂടാക്കുക. കട്ടിയായിത്തുടങ്ങുമ്ബോള്‍ ഇതിലേക്ക് നിലക്കടല ചേര്‍ക്കുക. ചൂടാറിയ ശേഷം കൈയില്‍ അല്‍പ്പം നെയ്യ് തടവി ഓരോ ചെറിയ ഉരുളകളായി ഉരുട്ടിയെടുത്ത് വിളമ്ബാം.

5. അതിരസം
ആവശ്യമുള്ള സാധനങ്ങള്‍
പച്ചരി – 2 കപ്പ്
ശര്‍ക്കര ചീകിയത് – 1/2 കപ്പ്
വെള്ളം – 1/4 കപ്പ്
തൈര് – 1 ടേബിള്‍ സ്പൂണ്‍
ഏലയ്ക്ക – 3 എണ്ണം പൊടിച്ചത്്
ഇഞ്ചി അരിഞ്ഞ് ഉണക്കിയത് – ഒരു നുള്ള്
എണ്ണ – 3 കപ്പ്

തയാറാക്കുന്ന വിധം
അരി ഒരു മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ക്കുക. വെള്ളം ഊറ്റി കളഞ്ഞശേഷം ഒരു ടൗവ്വലിലേക്കിട്ട് വെള്ളം വാലാന്‍ വയ്ക്കുക. ശേഷം ഇതൊരു മിക്സിയുടെ ജാറിലിട്ട് പൊടിച്ചെടുക്കുക. ഇനി അരിപ്പയില്‍ അരിച്ചെടുക്കാം. ശര്‍ക്കര അര കപ്പ് വെള്ളം ചേര്‍ത്ത് ഉരുക്കുക. ഇത് വീണ്ടും ഒരു പാത്രത്തിലേക്ക് അരിച്ചൊഴിച്ച്‌ തിളപ്പിച്ച്‌ നല്ലതുപോലെ കട്ടിയാകുമ്ബോള്‍ അരിപ്പൊടിയും ഏലയ്ക്കയും ഇഞ്ചിയും ചേര്‍ത്ത് കുഴയ്ക്കുക. ചപ്പാത്തിമാവിന്റെ പരുവത്തിലാകുന്നതാണ് പാകം. ഇങ്ങനെ തയാറാക്കുന്ന മാവ് ഒരു ദിവസം മൂടി വയ്ക്കുക. പിറ്റേദിവസം അല്‍പ്പം തൈര് തളിച്ചുകൊടുത്ത് ഒന്നുകൂടി കുഴച്ചെടുക്കുക. ഓരോ ഉരുളകളായി എടുത്ത് പൂരിയുടെ പാകത്തില്‍ പരത്തി എണ്ണയില്‍ വറുത്തുകോരിയെടുക്കുക.

6. കോണ്‍ഫ്ളോര്‍ ഹല്‍വ
ആവശ്യമുള്ള സാധനങ്ങള്‍
കോണ്‍ഫ്ളോര്‍ – 1/2 കപ്പ്
പഞ്ചസാര -1 അല്ലെങ്കില്‍ 2 കപ്പ്
വെള്ളം – 2 1/2 കപ്പ്
ബട്ടര്‍ -2 അല്ലെങ്കില്‍ 3 ടേബിള്‍ സ്പൂണ്‍
ഫുഡ്ഡ് കളര്‍ – ഒരു നുള്ള്
ഏലയ്ക്കാപ്പൊടി – 1/4 ടീസ്പൂണ്‍
അണ്ടിപ്പരിപ്പ് അല്ലെങ്കില്‍ ബദാം – 3 ടേബിള്‍ സ്പൂണ്‍ (ചെറുതായി നുറുക്കിയത്)

തയാറാക്കുന്ന വിധം
ഒരു പ്ലേറ്റില്‍ നെയ്യ് പുരട്ടി മാറ്റി വയ്ക്കുക. ഒരു പാനില്‍ ഒരു ടീസ്പൂണ്‍ നെയ്യ് ചൂടാക്കി നട്ട്സ് വറുത്ത് കോരി വയ്ക്കുക. അതേ പാനിലേക്കുതന്നെ പഞ്ചസാര, ഒരു കപ്പ് വെള്ളം ഇവ ചേര്‍ത്ത് പഞ്ചസാര അലിയുന്നതുവരെ ഇളക്കുക. കട്ടിയാകുമ്ബോള്‍ കോണ്‍ഫ്ളോര്‍ ചേര്‍ത്തിളക്കുക. തിളച്ചുതുടങ്ങുമ്ബോള്‍ തീയ് കുറച്ച്‌ വച്ച്‌ ഇളക്കുക. ജല്ലിയുടെ പരുവത്തിലായി പാത്രത്തില്‍ നിന്ന് വിട്ടുപോരുന്ന രീതിയിലാകുമ്ബോള്‍ അണ്ടിപ്പരിപ്പും ബദാമും ചേര്‍ത്തിളക്കി ഏലയ്ക്കാപ്പൊടിയും ചേര്‍ക്കാം. ചൂടാറിയ ശേഷം മുറിച്ച്‌ വിളമ്ബാം.

Leave a Reply

Your email address will not be published. Required fields are marked *